കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിയുടെ ഡ്രൈവിംഗ് ലൈസന്‍സ് ആര്‍ടിഒ സസ്പെന്‍ഡ് ചെയ്തു. മട്ടാഞ്ചേരിയില്‍ ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ച് കടന്നുകളഞ്ഞ കേസിലാണ് നടപടി. മട്ടാഞ്ചേരി ചുള്ളിക്കല്‍ സ്വദേശി മുഹമ്മദ് ഫഹീമിനാണ് പരിക്കേറ്റത്. കഴിഞ്ഞ മാസമായിരുന്നു അപകടം. സംഭവത്തില്‍ നടന്‍ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. വാഹനം ഇടിച്ച ശേഷം നിര്‍ത്താതെ പോയി എന്നാണ് മട്ടാഞ്ചേരി പൊലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നത്.
അതേസമയം, സംഭവത്തില്‍ നടനെതിരെ ഗുരുതരമായ വകുപ്പുകളൊന്നും ചുമത്തിയിട്ടില്ലെന്നും നടപടിക്രമങ്ങളുടെ ഭാഗമായി മാത്രമാണ് വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തിയതെന്നുമാണ് പൊലീസ് പറയുന്നത്. തിങ്കളാഴ്ചയാണ് മുഹമ്മദ് ഫഹീമിന്റെ പരാതിയെ തുടര്‍ന്ന് മട്ടാഞ്ചേരി പൊലീസ് നടനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി അറസ്റ്റ് ചെയ്തത്. ഞായറാഴ്ചയാണ് മറ്റൊരു സിനിമാ താരം ബൈജു സന്തോഷ് തിരുവനന്തപുരത്ത് മദ്യലഹരിയില്‍ വാഹനമോടിച്ച് സ്‌കൂട്ടര്‍ ഇടിച്ച് തെറിപ്പിച്ചത്.
കൊച്ചി കുണ്ടന്നൂരില്‍ ഗുണ്ടാനേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസില്‍ ശ്രീനാഥ് ഭാസിയെ പൊലീസ് കഴിഞ്ഞയാഴ്ച ചോദ്യം ചെയ്തിരുന്നുവെങ്കിലും പിന്നീട് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഈ കേസില്‍ ഓംപ്രകാശിനെ ഹോട്ടല്‍ മുറിയില്‍ സന്ദര്‍ശിച്ചതിനാണ് പൊലീസ് നടനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്.
ഓംപ്രകാശുമായി ലഹരി ഇടപാടില്‍ ഏര്‍പ്പെട്ടിരുന്നുവോ എന്ന കാര്യം ചോദിച്ചറിയുകയെന്നതായിരുന്നു പൊലീസിന്റെ ലക്ഷ്യം. എന്നാല്‍, ഈ കേസില്‍ സിനിമാ താരങ്ങള്‍ക്ക് ആര്‍ക്കും തന്നെ ബന്ധമില്ലെന്നും അന്വേഷണം തുടരും എന്നുമാണ് പൊലീസിന്റെ നിലപാട്. ലഹരി കേസില്‍ ചോദ്യം ചെയ്യലിന് വിളിച്ച് വരുത്തിയപ്പോള്‍ ലഹരി ഉപയോഗം സംബന്ധിച്ച രക്ത സാമ്പിള്‍ പരിശോധനയ്ക്ക് ഉള്‍പ്പെടെ നടന്‍ തയ്യാറായിരുന്നുവെങ്കിലും പൊലീസ് ഇത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു.