കൊല്ലം: ചിതറയില്‍ പൊലീസുകാരനെ കഴുത്തറത്ത് കൊലപ്പെടുത്തിയതിന് പിന്നില്‍ മന്ത്രവാദമെന്ന് സംശയം. പ്രതിയായ സഹദ് മന്ത്രവാദം നടത്തിയിരുന്നുവെന്ന് സൂചന. സാത്താന്റെ അടുത്തേക്ക് ഇര്‍ഷാദിനെ അയച്ചുവെന്ന് സഹദ് പറഞ്ഞതായി സംഭവസ്ഥലത്ത് എത്തിയ ആംബുലന്‍സ് ഡ്രൈവര്‍ മാധ്യമങ്ങളോടു പറഞ്ഞു. ചടയമംഗലത്ത് യുവതിയെ നഗ്‌നപൂജ നടത്തിയ കേസില്‍ പ്രതിയായ അബ്ദുള്‍ ജബ്ബാറുമായി പ്രതിയ്ക്കും കൊല ചെയ്യപ്പെട്ട പോലീസുകാരനും ബന്ധമുണ്ടെന്ന് കണ്ടെത്തി.
ജിന്നാണ് ഇര്‍ഷാദിനെ കൊന്നതെന്നും സഹദിന്റെ മൊഴി നല്‍കി. സഹദിന്റെ വീട്ടില്‍ നിന്നും മഷി നോട്ടത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ കണ്ടെത്തി. കൂടാതെ നിരവധി ആയുധങ്ങളും പോലീസ് കണ്ടെത്തി. താന്‍ ജിന്ന് സേവകനാണെന്ന് സഹദ് പറഞ്ഞിരുന്നു. ലഹരിക്കും അടിമയാണ് പ്രതിയായ സഹദ്.
രഹസ്യമായി പലതും ആ വീട്ടില്‍ നടക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പലതവണ പരാതി പറഞ്ഞിരുന്നു. കൊലപാതകത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ഇര്‍ഷാദിനെ കഴുത്തറുത്ത് കൊല്ലുമെന്ന് സഹദ് പിതാവിനോട് പറഞ്ഞിരുന്നുവെന്ന് ആംബുലന്‍സ് ഡ്രൈവര്‍ പറയുന്നു. ഇര്‍ഷാദ് ഉറങ്ങുമ്പോഴായിരുന്നു കൊലപാതകം നടത്തിയത്.
കഴിഞ്ഞദിവസമാണ് പോലീസുകാരനായ നിലമേല്‍ വളയിടം സ്വദേശി ഇര്‍ഷാദിനെ (28)യാണ് സുഹൃത്തായ സഹദ് കഴുത്തറുത്ത് കൊന്നത്. സഹദിന്റെ ചിതറ വിശ്വാസ് നഗറില്‍ സഹദിന്റെ വീട്ടിലായിരുന്നു സംഭവം. സഹദിനെ ഉടന്‍ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ലഹരി ഉപയോഗമാണ് ഇര്‍ഷാദിനെയും സഹദിനെയും തമ്മില്‍ അടുപ്പിച്ചത്. നേരത്തെ ലഹരി കേസടക്കം നിരവധി കേസുകള്‍ സഹദിന്റെ പേരില്‍ ഉണ്ട്.
മികച്ച കായിക താരം കൂടിയായിരുന്ന ഇര്‍ഷാദ് കായികരംഗത്തെ മികവിലാണ് അഞ്ച് വര്‍ഷം മുമ്പ് പോലീസ് സേനയില്‍ പ്രവേശിക്കുന്നത്. പരിശീലനത്തിന് ശേഷം അടൂര്‍ പോലീസ് ക്യാമ്പില്‍ നിയമനം ലഭിച്ചെങ്കിലും സ്ഥിരമായി ജോലിക്ക് എത്തിയിരുന്നില്ല. ഇതിനെത്തുടര്‍ന്ന് അധികൃതര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും അതിന് മറുപടി കൊടുത്തിരുന്നില്ല. മാതാപിതാക്കളുടെ മരണശേഷം നിലമേല്‍ വളയിടത്തെ വീടുമായി ഇര്‍ഷാദിന് വലിയ ബന്ധമില്ലായിരുന്നു. സുഹൃത്തുക്കളുമായി കറങ്ങി നടക്കുകയായിരുന്നു. അവരോടൊപ്പമായിരുന്നു താമസവും.