CrimeNEWS

ഭര്‍ത്താവിനെ കഴുത്തറുത്ത് കൊന്നത് ദേഹോപദ്രവം മൂലം; അഴുകിയ മൃതദേഹം കണ്ടെത്തിയത് കൊതുകുവലയ്ക്കുള്ളില്‍!

എറണാകുളം: മൂവാറ്റുപുഴയില്‍ അതിഥി തൊഴിലാളിയെ ഭാര്യ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ദേഹോപദ്രവം സഹിക്കാനാകാതെ. അസം സ്വദേശിയായ ബബുള്‍ ഹുസൈനും ഭാര്യ ജയതാ കാത്തും (സൈദ കാത്തും) തമ്മില്‍ വഴക്കുണ്ടാവുകയും ഉറങ്ങാന്‍ കിടന്ന ബബുള്‍ ഹുസൈനെ ഭാര്യ കത്തി കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. ബബുള്‍ ഹുസൈന്റെ മൃതദേഹം ദമ്പതികള്‍ താമസിച്ചിരുന്ന വീടിന്റെ ടെറസിന്റെ മുകളില്‍ അഴുകിയ നിലയില്‍ കൊതുക് വലയ്ക്കുള്ളില്‍ മൂടിവെച്ച നിലയില്‍ ആറു ദിവസത്തിനു ശേഷമായിരുന്നു കണ്ടെത്തിയത്.

കൃത്യത്തിന് ശേഷം കേരളത്തില്‍ നിന്ന് കടന്നുകളഞ്ഞ ജയതാ കാത്തുമിനെ പോലീസ് അറസ്റ്റ് ചെയ്ത് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയെ അസമില്‍ നിന്നാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കൊല നടത്താന്‍ ഉപയോഗിച്ച ആയുധവും ആ സമയത്ത് ധരിച്ചിരുന്ന രക്തംപുരണ്ട വസ്ത്രങ്ങളും കൃത്യം നടത്തിയ രീതിയും പോലീസിന് കാണിച്ചുകൊടുത്തു.

Signature-ad

കഴിഞ്ഞ രണ്ടു വര്‍ഷമായി ദമ്പതികള്‍ മൂവാറ്റുപുഴ മുടവൂരില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. സമീപത്തെ വീടുകളില്‍ കൂലിവേല ചെയ്തായിരുന്നു ജീവിതം. രണ്ടുമാസം മുന്‍പ് പ്രതിയുടെ ജ്യേഷ്ഠത്തിയും കുട്ടിയും നാട്ടില്‍ നിന്നെത്തി ഇവരോടൊപ്പം താമസമാക്കി. രണ്ടു നില വീടിന്റെ പിന്‍വശത്ത് ഒന്നാം നിലയിലെ ടെറസില്‍ ആണ് ദമ്പതികള്‍ താമസിച്ചിരുന്നത്. ജ്യേഷ്ഠത്തിയും കുട്ടിയും 50 മീറ്ററോളം മാറിയുള്ള ഒരു ഷെഡ്ഡിലാണ് കഴിഞ്ഞത്.

വഴക്കുകള്‍ പതിവായിരുന്നുവെന്നും ദേഹോപദ്രവം ഏല്‍ക്കാറുണ്ടെന്നും ഭാര്യ പോലീസിനോട് പറഞ്ഞു. അതില്‍ ഭര്‍ത്താവിനോട് ഭാര്യയ്ക്ക് വിരോധവും പകയും ഉണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്

ഇക്കഴിഞ്ഞ ഏഴാം തീയതി എട്ടുമണിയോടെ ഇവര്‍ താമസ്സിച്ചിരുന്ന ടെറസ്സിന്റെ മുകളില്‍ അഴുകിയ നിലയില്‍ കൊതുക് വലയ്ക്കുള്ളില്‍ മൂടിക്കിടക്കുന്ന കിടന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഒന്നാം തീയതി വൈകീട്ട് രണ്ട് പേരും തമ്മില്‍ വഴക്കുണ്ടാവുകയും ഉറങ്ങാന്‍ കിടന്ന ബബുള്‍ ഹുസൈനെ ഭാര്യ കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. കൃത്യം നടത്തിയതിനുശേഷം മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് സമീപമുള്ള ജ്യേഷ്ഠത്തിയുടെ ഷെഡ്ഡിലെത്തി അവരേയും കുട്ടിയെയും കൂട്ടി ബസ് മാര്‍ഗ്ഗം പെരുമ്പാവൂരില്‍ എത്തി. അവിടെ നിന്ന് ഓട്ടോയില്‍ ആലുവയ്ക്ക് പോവുകയും ട്രെയിന്‍ മാര്‍ഗ്ഗം അസമിലേക്ക് കടന്നു കളയുകയുമായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന അസം ഗ്രാമത്തില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Back to top button
error: