CrimeNEWS

വധഭീഷണിയെന്ന് പരാതി നല്‍കിയിട്ടും ‘ഏമാന്‍മാര്‍’ അനങ്ങിയില്ല; അധ്യാപകനെയും കുടുംബത്തെയും വെടിവച്ചു കൊന്നു

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അമേഠിയില്‍ അധ്യാപകനെയും കുടുംബത്തെയും ഒരു സംഘം വീട്ടില്‍ക്കയറി വെടിവച്ചു കൊന്നു. സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ ഭവാനി നഗര്‍ സ്വദേശി സുനില്‍കുമാര്‍ (35), ഭാര്യ പൂനം ഭാരതി, ഒന്നും ആറും വയസ്സുള്ള പെണ്‍മക്കള്‍ എന്നിവരാണു കൊല്ലപ്പെട്ടത്. കുടുംബം ഭയത്തിലാണു കഴിയുന്നതെന്നു പൂനം നേരത്തേ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉറപ്പു നല്‍കി.

ഒരാളെ ഭയമുണ്ടെന്നു രണ്ടു മാസം മുന്‍പു പൂനം പൊലീസ് പരാതി നല്‍കിയിരുന്നതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. തന്നെ കൊല്ലുമെന്നു പലതവണ ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും തനിക്കോ കുടുംബത്തിനോ എന്തെങ്കിലും സംഭവിച്ചാല്‍ ഇയാളാണ് ഉത്തരവാദിയെന്നും പരാതിയില്‍ പൂനം ചൂണ്ടിക്കാട്ടി. കൊലപാതകം മോഷണശ്രമത്തിനിടെ സംഭവിച്ചതല്ലെന്നും ആസൂത്രിതമാണെന്നാണു പ്രാഥമിക നിഗമനമെന്നും പൊലീസ് സൂചിപ്പിച്ചു. ചന്ദന്‍ വര്‍മ എന്നയാള്‍ക്കെതിരെ ലൈംഗികാതിക്രമം, ജീവനു ഭീഷണി, എസ്സി/എസ്സി നിയമപ്രകാരമുള്ള കുറ്റങ്ങള്‍ എന്നിവയാണു പൂനം പരാതിയില്‍ ആരോപിച്ചിരുന്നത്.

Signature-ad

ഓഗസ്റ്റില്‍ നല്‍കിയ പരാതിയില്‍ പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. ഓഗസ്റ്റ് 18ന് കുഞ്ഞിനു മരുന്നു വാങ്ങാനായി ഭര്‍ത്താവിനൊപ്പം റായ്ബറേലിയിലെ ആശുപത്രിയില്‍ പോയപ്പോള്‍ ചന്ദന്‍ പൂനത്തിനോടു മോശമായി പെരുമാറിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. എതിര്‍ത്തപ്പോള്‍ തന്നെയും ഭര്‍ത്താവിനെയും അടിച്ചെന്നും ജാതി അധിക്ഷേപം നടത്തിയെന്നും പൂനം പറഞ്ഞു. ”ഈ സംഭവം മറ്റാരോടെങ്കിലും പറഞ്ഞാല്‍ നിങ്ങളെ ഞാന്‍ കൊല്ലുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തി. കുടുംബം ഭയത്തിലാണു കഴിയുന്നത്. എനിക്കോ കുടുംബത്തിനോ എന്തെങ്കിലും അപകടം സംഭവിച്ചാല്‍ ചന്ദന്‍ വര്‍മയാണ് ഉത്തരവാദി. ഉചിതമായ നടപടിയെടുക്കണം” പൂനം പരാതിയില്‍ ആവശ്യപ്പെട്ടു. യുപി പൊലീസിന്റെ പ്രത്യേക സംഘമാണ് (എസ്ടിഎഫ്) കേസ് അന്വേഷിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: