CrimeNEWS

കണ്ടവരുണ്ടോ? സിദ്ദിഖിനായി മാധ്യമങ്ങളില്‍ ലുക്കൗട്ട് നോട്ടീസ്

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ നടന്‍ സിദ്ദിഖിനായി മാധ്യമങ്ങളില്‍ ലുക്കൗട്ട് നോട്ടീസ് ഇറക്കി അന്വേഷണസംഘം. ഒരു മലയാള പത്രത്തിലും ഒരു ഇംഗ്ലിഷ് പത്രത്തിലുമാണ് ലുക്കൗട്ട് നോട്ടിസ് പ്രസിദ്ധീകരിച്ചത്. സിദ്ദിഖ് ഒളിവിലാണെന്നും കണ്ടെത്തുന്നവര്‍ പൊലീസിനെ അറിയിക്കണമെന്നും നോട്ടിസില്‍ പറയുന്നു.

‘ഫോട്ടോയില്‍ കാണുന്ന ഫിലിം ആര്‍ട്ടിസ്റ്റ് സിദ്ദിഖ് മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ നിലവിലുള്ള കേസിലെ പ്രതിയും ഒളിവില്‍ പോയിട്ടുള്ളയാളും ആണ്. ഇയാളെക്കുറിച്ച് വിവരം ലഭിച്ചാല്‍ അറിയിക്കണം’നോട്ടിസില്‍ പറയുന്നു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ (9497996991) , റെയ്ഞ്ച് ഡിഐജി ( 9497998993), നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ (9497990002), മ്യൂസിയം പൊലീസ് സ്റ്റേഷന്‍ (04712315096) എന്നീ നമ്പറുകളിലാണ് വിവരം അറിയിക്കേണ്ടത്. ക്രൈംബ്രാഞ്ച് പൊലീസ് സൂപ്രണ്ടിന്റെ പേരിലാണ് നോട്ടീസ്.

Signature-ad

യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനു പിന്നാലെ മൂന്നു ദിവസമായി സിദ്ദിഖ് ഒളിവിലാണ്. നടന്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹത്ഗി സിദ്ദിഖിനായി ഹാജരാകുമെന്നാണ് വിവരം. അതിജീവിത പരാതി നല്‍കാനുണ്ടായ കാലതാമസം, ക്രിമിനല്‍ പശ്ചാത്തലമില്ല എന്നീ വാദങ്ങള്‍ മുന്നോട്ടുവയ്ക്കുമെന്നാണ് സൂചന. തടസ്സഹര്‍ജിയുമായി സര്‍ക്കാരും സുപ്രീംകോടതിയെ സമീപിക്കും.

സിദ്ദിഖിനായി പൊലീസ് അന്വേഷണം തുടരുകയാണ്. മൂന്നാഴ്ച മുന്‍പ് എല്ലാ വിമാനത്താവളങ്ങളിലേക്കും തിരച്ചില്‍ നോട്ടീസ് നല്‍കിയിരുന്നു. യുവനടിയുടെ പരാതിയില്‍ ബലാത്സംഗം (ഐപിസി 376), ഭീഷണിപ്പെടുത്തല്‍ (506) എന്നീ വകുപ്പുകള്‍ പ്രകാരമാണു മ്യൂസിയം പൊലീസ് കേസെടുത്തത്. 2016 ജനുവരിയിലാണ് തിരുവനന്തപുരത്തെ ഹോട്ടലില്‍ പീഡനത്തിനിരയായതെന്നാണു നടി പൊലീസിനോടു വെളിപ്പെടുത്തിയത്. സിദ്ദിഖ് അഭിനയിച്ച ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യു തിരുവനന്തപുരത്തെ തിയറ്ററില്‍ പ്രദര്‍ശിപ്പിച്ചപ്പോഴാണ് അദ്ദേഹത്തെ കണ്ടതെന്നായിരുന്നു മൊഴി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: