CrimeNEWS

ചെളി തെറിപ്പിച്ചതിന് ബസിന്റെ ചില്ല് കല്ലെറിഞ്ഞ് തകര്‍ത്തു, ഡ്രൈവറുടെ തലയിലൂടെ പെട്രോള്‍ ഒഴിച്ചു; പ്രതിഷേധിച്ച് പണിമുടക്കിയ ബസുകള്‍ക്ക് പിഴ ശിക്ഷ

ആലപ്പുഴ: സ്വകാര്യ ബസ് ചെളി തെറിപ്പിച്ചതില്‍ കുപിതനായ യുവാവ് പിന്നാലെ എത്തി ബസിന്റെ ചില്ലിന് കല്ലെറിയുകയും ഡ്രൈവറുടെ തലയിലൂടെ പെട്രോള്‍ ഒഴിച്ച് വധഭീഷണി മുഴക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെ ഒന്‍പതുമണിയോടെ എരമല്ലൂര്‍ ജങ്ഷനു സമീപമുണ്ടായ സംഭവത്തില്‍ എഴുപുന്ന തെക്ക് കറുകപ്പറമ്പില്‍ സോമേഷി (40) നെ അറസ്റ്റ് ചെയ്തു. പെട്രോള്‍ കണ്ണില്‍ വീണ ‘മലയാളീസ്’ ബസ് ഡ്രൈവര്‍ വയലാര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡ് കൈതത്തറ കെ.ജി. മാത്യു (38) ചേര്‍ത്തല താലൂക്കാശുപത്രിയില്‍ ചികിത്സ തേടി.

പെട്രോളില്‍ നനഞ്ഞ് ഡ്രൈവര്‍ നില്‍ക്കുമ്പോള്‍ സമീപത്ത് ഉയരപ്പാതയുടെ വെല്‍ഡിങ് അടക്കമുള്ള ജോലികള്‍ നടക്കുന്നുണ്ടായിരുന്നു. ഇതോടെ ബസിലുണ്ടായിരുന്ന സ്ത്രീകളടക്കമുള്ള യാത്രികര്‍ അലമുറയിട്ടു. നാട്ടുകാര്‍ ഓടിക്കൂടി. ഉടന്‍ സ്ഥലത്തെത്തിയ അരൂര്‍ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.

Signature-ad

ബസിന്റെ മുന്‍ഭാഗത്തെ ചില്ലിന് ചെറിയ പൊട്ടലുണ്ട്. ഡ്രൈവര്‍ക്കു നേരേയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് ചേര്‍ത്തലയില്‍നിന്ന് വയലാര്‍ വഴി എറണാകുളത്തേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ പണിമുടക്കി. മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് ഓട്ടംനിര്‍ത്തിവെച്ച ബസുകളില്‍ 13 എണ്ണത്തിന് മോട്ടോര്‍വാഹന വകുപ്പ് പെര്‍മിറ്റ് വയലേഷന്റെ പേരില്‍ പിഴ അടയ്ക്കാന്‍ നോട്ടീസ് നല്‍കി. മുന്‍പ് ഇതേ കുറ്റം നടത്തിയിട്ടുള്ള വണ്ടികള്‍ക്ക് 10,000 രൂപയും മറ്റുള്ളവയ്ക്ക് 7500 രൂപയുമാണ് പിഴ നിശ്ചയിച്ചിട്ടുള്ളത്.

എറണാകുളത്തുനിന്ന് ചേര്‍ത്തലയ്ക്കു വന്ന ബസ് എരമല്ലൂരില്‍ ദേശീയപാതയില്‍നിന്ന് എഴുപുന്നയിലേക്ക് തിരിയുമ്പോഴായിരുന്നു അതിക്രമം. ട്രെയിലര്‍ ലോറി ഡ്രൈവറായ സോമേഷിനെതിരേ വധശ്രമത്തിനാണ് കേസെടുത്തത്. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.

Back to top button
error: