CrimeNEWS

ഇടവേള ബാബുവും അറസ്റ്റില്‍; മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയയ്ക്കും

കൊച്ചി: ലൈംഗിക പീഡന പരാതിയില്‍ നടന്‍ ഇടവേള ബാബുവിനെ അറസ്റ്റുചെയ്തു. ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍, ചോദ്യം ചെയ്യലിനുശേഷമാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നടപടി. നേരത്തെ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടും. ജാമ്യനടപടികള്‍ക്ക് ശേഷം എറണാകുളം ജനറല്‍ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്ക് ശേഷമാകും വിട്ടയക്കുക.

അമ്മ സംഘടനയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റിനോട് ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നതുമടക്കം രണ്ട് പരാതികളാണ് ഇടവേള ബാബുവിനെതിരേ ഉള്ളത്. കേസില്‍ നേരത്തെ അഡീഷണല്‍ സെഷന്‍സ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അന്വേഷണം വിപുലീകരിച്ചിരിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം. അമ്മ സംഘടനയിലെ മുന്‍ ഭാരവാഹികളുടെ മൊഴിയെടുക്കുമെന്നാണ് വിവരം.

Signature-ad

ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. ഇടവേള ബാബുവും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റായ യുവതിയുടെ പരാതിയുമുണ്ട്. ഈ പരാതിയില്‍ കോഴിക്കോട് നടക്കാവ് പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ കേസുകള്‍ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.

ഇടവേള ബാബുവിന്റെ ഫ്‌ളാറ്റില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. ഇവിടെനിന്ന് രേഖകള്‍ പിടിച്ചെടുത്തുവെന്നാണ് അന്വേഷണസംഘത്തില്‍നിന്നും ലഭിക്കുന്ന വിവരം. പരാതിക്കാരിയെ ഫ്‌ലാറ്റിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. കഴിഞ്ഞ ദിവസം നടനും എം എല്‍ എയുമായ മുകേഷിനെതിരായ ലൈംഗിക പീഡനപരാതിയില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: