KeralaNEWS

അര്‍ജുന്റെ ലോറി കണ്ടെത്തി; ക്യാബിനുള്ളില്‍ മൃതദേഹം

ബംഗളൂരു: ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി ഓടിച്ച ലോറിയുടെ കാബിന്‍ കണ്ടെത്തിയതായി സ്ഥിരീകരണം. കാബിനകത്ത് അര്‍ജുന്റെതെന്ന് സംശയിക്കുന്ന മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. ലോറിയുടെ കാബിനില്‍നിന്ന് എസ്ഡിആര്‍എഫ് മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്ത് ബോട്ടിലേക്ക് മാറ്റി. 71 ദിവസത്തിന് ശേഷമാണ് കാണാതായ ലോറിയും അര്‍ജുന്റെതെന്ന് കരുതുന്ന മൃതദേഹവും കണ്ടെത്തുന്നത്.

അര്‍ജുന്‍ ഓടിച്ച ലോറിയാണെന്ന് ഉടമ മനാഫ് സ്ഥിരികീരിച്ചു. നാവിക സേന മാര്‍ക്ക് ചെയ്ത എല്ലാ ഭാഗത്തും തിരച്ചില്‍ നടത്തിയിന് പിന്നാലെയാണ് ലോറി കണ്ടെത്തിയത്. ജില്ലാ അധികൃതരും എംഎല്‍എയും തിരച്ചിലിന് ഒപ്പമുണ്ടായിരുന്നു.

Signature-ad

എല്ലാവര്‍ക്കുമുള്ള ഉത്തരം ഇതോടെ ലഭിച്ചെന്ന് അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന്‍ പറഞ്ഞു. അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ തുടങ്ങിയതുമുതല്‍ ജിതിന്‍ ഷിരൂരില്‍ ഉണ്ട്. ”അര്‍ജുന്‍ തിരിച്ചുവരില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു. പക്ഷെ എന്തെങ്കിലും അവശേഷിപ്പ് കണ്ടെത്തുക എന്നുള്ളതായിരുന്നു പ്രധാനം” ജിതിന്‍ പറഞ്ഞു.

ജൂലൈ പതിനാറാം തീയതിയായിരുന്നു ദേശീയപാത 66-ല്‍ ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായത്. ചായക്കടയുടെ മുന്നില്‍നിന്നവരും സമീപം പാര്‍ക്ക് ചെയ്ത വാഹനങ്ങളുമാണ് മണ്ണിനടിയില്‍ അകപ്പെട്ടത്. ചായക്കട ഉടമയും കുടുംബവും ഉള്‍പ്പടെ ഏഴുപേര്‍ അപകടത്തില്‍ മരിച്ചിരുന്നു. കാര്‍വാര്‍ – കുംട്ട റൂട്ടില്‍ നാലുവരിപ്പാത വികസിപ്പിക്കാനുള്ള പണികള്‍ നടക്കുന്ന ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്.

പാതയുടെ ഒരുവശം കുന്നും മറുവശം ഗംഗാവല്ലി നദിയുമാണ്. അപകടസമയത്ത് ഇവിടെ നിര്‍ത്തിയിട്ട ഇന്ധന ടാങ്കര്‍ ഉള്‍പ്പടെ നാല് ലോറികള്‍ ഗാംഗാവല്ലി നദിയിലേക്കു തെറിച്ചുവീണു ഒഴുകിയിരുന്നു. അപകടത്തിന്റെ വാര്‍ത്തകള്‍ കേട്ടതിന് പിന്നാലെ ജിപിഎസ് പരിശോധിച്ചപ്പോഴാണ് മരം കയറ്റി വരികയായിരുന്ന അര്‍ജുന്റെ ലോറിയും മണ്ണിനടിയിലാണെന്ന വിവരം കുടുബം അറിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: