
ടെല്‍ അവീവ്: പശ്ചിമേഷ്യയെ ഭീതിയിലാഴ്ത്തി ഇസ്രയേല്‍-ഹിസ്ബുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ മൊസാദ് ആസ്ഥാനം ലക്ഷ്യമിട്ട് മിസൈലുകള്‍ തൊടുത്ത് സായുധസംഘമായ ഹിസ്ബുള്ള. ലെബനനെതിരായ ആക്രമണത്തിന്റേയും കമാന്‍ഡര്‍ ഇബ്രാഹിം ഖുബൈസിയുടെ കൊലപാതകത്തിലുമുള്ള പ്രതികാരമാണ് നടപടി. ബുധനാഴ്ച രാവിലെയായിരുന്നു ആക്രമണം.
അതേസമയം, ഹിസ്ബുള്ള ആക്രമണം തടഞ്ഞതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. മിസൈല്‍ ലോഞ്ചറുകള്‍ തകര്‍ത്തതായും സൈന്യം വ്യക്തമാക്കി. ടെല്‍ അവീവിലും മധ്യ ഇസ്രയേലിലും ബുധനാഴ്ച രാവിലെ സൈറണുകള്‍ മുഴങ്ങിയിരുന്നു. ഇത് ആദ്യമായാണ് ടെല്‍ അവീവ് ലക്ഷ്യമിട്ട് ഹിസ്ബുള്ള മിസൈല്‍ ആക്രമണം നടത്തുന്നത്. അക്രമത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം, ഹിസ്ബുള്ളയ്‌ക്കെതിരായ വ്യോമാക്രമണം ഇസ്രയേല്‍ തുടരുകയാണ്. ലെബനനിലെ ഇസ്രയേല്‍ നടപടികള്‍ വ്യക്തമാക്കുന്ന ഒരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
ഹിസ്ബുള്ള കമാന്‍ഡര്‍ ഇബ്രാഹിം ഖുബൈസിയും മറ്റ് ആറുപേരും ചൊവ്വാഴ്ചയിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഹിസ്ബുള്ള റോക്കറ്റ് വിഭാഗത്തിന്റെ കമാന്‍ഡറാണ് ഖുബൈസി. മറുപടിയായി വവടക്കന്‍ ഇസ്രയേലിലേക്ക് ഹിസ്ബുള്ള 300-ഓളം റോക്കറ്റുകളയച്ചു. ഒരുവര്‍ഷത്തോടടുക്കുന്ന ഗാസായുദ്ധത്തിനിടയിലാണ് ലെബനനിലും ഇസ്രയേല്‍ പുതിയ പോര്‍മുഖം തുറന്നത്. ഇസ്രയേലിന്റെ 60 കിലോമീറ്റര്‍ ഉള്ളിലുള്ള സ്ഫോടകവസ്തുശാലയെ ലക്ഷ്യമിട്ട് തിങ്കളാഴ്ച രാത്രി ഫാദി റോക്കറ്റുകളയച്ചെന്ന് ഹിസ്ബുള്ള പറഞ്ഞു.
ഇസ്രയേലിന്റെ ആക്രമണത്തില്‍ പരിക്കേറ്റവരാല്‍ ലെബനനിലെ പല ആശുപത്രികളും നിറഞ്ഞെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. ഇസ്രയേലിലെ ഹൈഫയിലുള്ള പ്രധാന ആശുപത്രി പ്രവര്‍ത്തനങ്ങളെല്ലാം ഭൂഗര്‍ഭ അറകളിലേക്ക് മാറ്റി. ഹൈഫയില്‍ ഹിസ്ബുള്ള റോക്കറ്റാക്രമണം നടത്തിയതിനാലാണിത്. ഗാസയില്‍ ഹമാസിനു പിന്തുണപ്രഖ്യാപിച്ച് ഇസ്രയേലിന്റെ അതിര്‍ത്തിയിലേക്ക് ഒരുവര്‍ഷമായി റോക്കറ്റയക്കുകയാണ് ഹിസ്ബുള്ള. ഇസ്രയേല്‍ പ്രത്യാക്രമണവും നടത്തിയിരുന്നു. കഴിഞ്ഞദിവസം ഹിസ്ബുള്ള അംഗങ്ങളെ ലക്ഷ്യമിട്ട് പേജര്‍-വാക്കിടോക്കി ആക്രമണമുണ്ടായതോടെയാണ് സംഘര്‍ഷം വീണ്ടും കനത്തത്.






