HealthLIFE

രണ്ട് യൂട്രസും രണ്ടിലും ഗര്‍ഭവും! ഇത് കെല്‍സിയുടെ കഥ

മേരിക്കയിലെ കെല്‍സി ഹാച്ചെര്‍ എന്ന യുവതിയ്ക്ക് ജന്മനാ ഉള്ളത് രണ്ട് യൂട്രസാണ്. യൂട്രസ് ഡിഡില്‍ഫിസ് എന്ന അപൂര്‍വമായ അവസ്ഥയാണിത്. എന്നാല്‍ 32 കാരിയായ കെല്‍സിയുടെ ഈ രണ്ട് യൂട്രസിലും ഒരേ സമയം ഗര്‍ഭധാരണം നടന്ന അസാധാരണ അവസ്ഥയാണുള്ളത്. തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ ഇവര്‍ തന്നെ ഇക്കാര്യം വെളിപ്പെടുത്തിട്ടുണ്ട്. നേരത്തെ മൂന്ന് കുഞ്ഞുങ്ങളുള്ള ഇവരുടേത് സാധാരണ രീതിയിലെ പ്രസവം തന്നെയായിരുന്നു. കുഞ്ഞുങ്ങള്‍ ഓരോ തവണയായിത്തന്നെയാണ് ജനിച്ചതും. എന്നാല്‍ നാലാം തവണ ഗര്‍ഭിണിയായപ്പോള്‍ എട്ട് ആഴ്ചകളുള്ളപ്പോള്‍ നടത്തിയ അള്‍ട്രസൗണ്ട് സ്‌കാനിലാണ് രണ്ട് യൂട്രസിലും ഗര്‍ഭധാരണം എന്ന അപൂര്‍വ അവസ്ഥ കണ്ടെത്തിയത്.

ഇരട്ടക്കുട്ടികള്‍
17 വയസുള്ളപ്പോള്‍ തന്നെ രണ്ട് യൂട്രസുള്ള യൂട്രസ് ഡിഡില്‍ഫസ് എന്ന അവസ്ഥ തനിക്കുള്ളതായി ഇവര്‍ അറിഞ്ഞിരുന്നു. ഇരട്ടക്കുട്ടികളുണ്ടെന്ന് മാത്രമല്ല, ഇരട്ടക്കുട്ടികള്‍ വെവ്വേറെ ഗര്‍ഭപാത്രത്തിലുമാണ് ഉള്ളത്. ഇരട്ട യൂട്രസുള്ളതിനാല്‍ ഇരു ഫെല്ലോപിയന്‍ ട്യൂബിലും അണ്ഡവിസര്‍ജനം നടന്ന് ഇത് ഇരു വശത്തും രണ്ട് ബീജങ്ങളുമായി ചേര്‍ന്ന് ഇരു യൂട്രസിലേയ്ക്കുമായി സഞ്ചരിച്ച് ഗര്‍ഭധാരണം നടന്നാണ് ഈ അവസ്ഥയുണ്ടാകാന്‍ സാധ്യത എന്നാണ് ബര്‍മിംഗ് ഹാമിലെ യൂണിവേഴ്സിറ്റി ഓഫ് അലബാമ വിമണ്‍ ആന്റ് ഇന്‍ഫന്റ് സെന്ററിലെ ഗൈനക്കോളജിസ്റ്റായി ശ്വേത പാട്ടീല്‍ വിശദീകരിയ്ക്കുന്നത്.

Signature-ad

മൂന്ന് പ്രസവങ്ങളും
സാധാരണ ഇത്തരം അവസ്ഥയുള്ള സ്ത്രീകള്‍ക്ക് ഗര്‍ഭധാരണ, പ്രസവ സമയത്ത് പല പ്രശ്നങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ടെങ്കിലും കെല്‍സി ഹാച്ചെറിന്റെ മുന്‍പുണ്ടായ മൂന്ന് പ്രസവങ്ങളും പ്രശ്നങ്ങളില്ലാത്തതായിരുന്നു. ഈ കുട്ടികള്‍ മാസം തികഞ്ഞ് തന്നെയുണ്ടായതും ആരോഗ്യത്തോടെയുള്ളവരുമാണ്. രണ്ട് യൂട്രസുള്ള അവസ്ഥ അപൂര്‍വമാണെങ്കില്‍ ഈ രണ്ട് യൂട്രസിലും ഒരേ സമയം ഗര്‍ഭധാരണം നടക്കുന്നത് കൂടുതല്‍ അപൂര്‍വമാണ്.

രണ്ട് യൂട്രസിലും
ഡിസംബറില്‍ പ്രസവം പ്രതീക്ഷിയ്ക്കുന്ന കെല്‍സി ഹാച്ചെറോട് ഈ അവസ്ഥ കാരണം സിസേറിയന്‍ ചിലപ്പോള്‍ പ്രതീക്ഷിയ്ക്കാമെന്ന് മെഡിക്കല്‍ വിദഗ്ധര്‍ അറിയിച്ചിട്ടുണ്ട്. രണ്ട് യൂട്രസിലും കോണ്‍ട്രാക്ഷന്‍ വ്യത്യസ്ത സമയങ്ങളിലുണ്ടാകാന്‍ സാധ്യതയുണ്ട്. ഇവ മിനിറ്റ് വ്യത്യാസത്തിലോ മണിക്കൂര്‍ വ്യത്യസത്തിലോ അല്ലെങ്കില്‍ ദിവസങ്ങളുടെ വ്യത്യാസത്തിലോ തന്നെയുണ്ടാകാന്‍ സാധ്യതയുമുണ്ട്. ഇതിനാല്‍ തന്നെ ചിലപ്പോള്‍ രണ്ട് കുഞ്ഞുങ്ങള്‍ക്കോ അല്ലെങ്കില്‍ ഏതെങ്കിലും ഒരു കുഞ്ഞിന് മാത്രമായോ സിസേറിയന്‍ സാധ്യത തള്ളിക്കളയാനുമാകില്ല. ഇവര്‍ക്ക് മാത്രമല്ല, ഇവരെ ചികിത്സിയ്ക്കുന്ന ഡോക്ടര്‍മാര്‍ക്കും ഇത് ആദ്യത്തെ അനുഭവമാണ്.

യൂട്രസ് ഡിഡെല്‍ഫിസ്
സാധാരണ ഗതിയില്‍ യൂട്രസ് ഡിഡെല്‍ഫിസ് എന്ന അവസ്ഥയുള്ളവര്‍ക്ക് ഗര്‍ഭധാരണം സാധ്യമാകാറുണ്ടെങ്കിലും യൂട്രസിനുണ്ടാകുന്ന വലിപ്പക്കുറവ് കാരണം അബോര്‍ഷനുകളും കുഞ്ഞിന് തൂക്കക്കുറവുമെല്ലാമുണ്ടാകാറുണ്ട്. ചിലര്‍ക്ക് മാസം തികയാത്ത പ്രസവവും നടക്കും. എന്നാല്‍ ഇവിടെ മുന്‍പത്തെ ഗര്‍ഭാവസ്ഥയില്‍ ഇത്തരം പ്രശ്നങ്ങളൊന്നും തന്നെ ഈ സ്ത്രീയ്ക്കുണ്ടായിട്ടില്ല. യൂട്രസ് ഡിഡില്‍ഫിസ് കണ്ടെത്തുവാന്‍ സാധിയ്ക്കുന്നത് പെല്‍വിക് പരിശോധന, സ്‌കാന്‍ എന്നിവയിലൂടെയാണ്. ഇതല്ലാതെ കാര്യമായ ലക്ഷണങ്ങള്‍ ഇത്തരം യൂട്രസെങ്കില്‍ കാണിയ്ക്കാറില്ല.

 

Back to top button
error: