കര്‍ണാടക ഭരിക്കുന്ന കോണ്‍ഗ്രസ് രാഹുല്‍ മാങ്കൂട്ടത്തിലിന് ഒളിയിടങ്ങള്‍ ഒരുക്കുന്നോ? യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ സഹായമെന്ന് പോലീസ്; ഒമ്പതു ദിവസങ്ങള്‍ക്കിടെ പുതിയ ഫോണും വസ്ത്രങ്ങളും; റിസോര്‍ട്ടില്‍ താമസം; ഗുണ്ടകളുടെ സഹായമെന്നും സംശയം

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ ഒളിവില്‍ കഴിയാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് സഹായം നല്‍കിയത് കര്‍ണാടകയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവെന്ന് പൊലീസ്. യൂത്ത് കോണ്‍ഗ്രസ് നേതാവ് താമസ സൗകര്യവും, മറ്റ് സഹായങ്ങളും എത്തിച്ചത് പ്രദേശിക നേതാക്കളുടെ സഹായത്തോടെയെന്നും പൊലീസ്.
രാഹുലിന് വേണ്ടിയുള്ള തെരച്ചില്‍ പത്താം ദിനത്തിലേക്ക് കടന്നിരിക്കവെയാണ് സഹായിയെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചിരിക്കുന്നത്. 3000 ഏക്കര്‍ വരുന്ന റിസോര്‍ട്ടിലായിരുന്നു രാഹുലിന്റെ താമസം. വളരെ സെന്‍സിറ്റിവായ സ്ഥലമായതിനാല്‍ പൊലീസ് ഇടപെടലിന് പരിമിതി ഉണ്ടായിരുന്നുവെന്നും വിവരമുണ്ട്. ഒളിയിടങ്ങളില്‍നിന്ന് ഒളിയിടങ്ങളിലേക്ക് ഓടിക്കൊണ്ടിരിക്കുമ്പോള്‍ ആവശ്യത്തിനു വസ്ത്രവും മൊബൈല്‍ ഫോണുകളും മാറി ഉപയോഗിക്കാന്‍ ലഭിക്കുന്നത് നേതാക്കളുടെ സഹായത്തോടെയാണ്. ഗുണ്ടാ സംഘങ്ങളുടെ സഹായവും ലഭിക്കുന്നുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.
അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനായി തെരച്ചില്‍ തുടരുകയാണ് എസ്‌ഐടി. രാഹുല്‍ സംസ്ഥാനത്ത് എത്തിയെന്ന നിഗമനത്തില്‍ പൊലീസ് വ്യാപക പരിശോധനയാണ് നടത്തുന്നത്. പാലക്കാട്, കാസര്‍കോട്, കണ്ണൂര്‍ വയനാട് തുടങ്ങിയ അതിര്‍ത്തി ജില്ലകളില്‍ അന്വേഷണ സംഘം പഴുതടച്ച പരിശോധന നടത്തുകയാണ്.
അതിര്‍ത്തി ജില്ലകളിലെ ചെക്ക്പോസ്റ്റുകളില്‍ കര്‍ശനനിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് അന്വേഷണം സംഘം. കാസര്‍ഗോഡ്, മംഗലാപുരം ഉള്‍പ്പടെയുള്ള അതിര്‍ത്തികളില്‍ ഹോട്ടലുകളിലും പൊലീസ് തെരച്ചില്‍ നടത്തുന്നുണ്ട്. ഈ ജില്ലകളിലെ റിസോര്‍ട്ടുകളും ഹോട്ടലുകളും എസ്‌ഐടി റഡാറിലുണ്ട്. ജില്ലകളിലെ പ്രാദേശിക നേതാക്കളും അന്വേഷണ പരിധിയിലാണ്. കഴിഞ്ഞ ദിവസം രാഹുലിന്റെ സഹായികളെ ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലും അന്വേഷണം നടക്കും. കൂടുതല്‍ സഹായികളെയും റിസോര്‍ട്ട് ഉടമകളെയും കണ്ടെത്തിയെന്ന വിവരവും പുറത്തുവരുന്നുണ്ട്.






