LocalNEWS

ഉപ്പിലിട്ടതു കഴിച്ച കുട്ടിക്കു വായില്‍ പൊള്ളലേറ്റു; പിന്നില്‍ ആസിഡും ബാറ്ററിവെള്ളവും?

കോഴിക്കോട്: കടപ്പുറത്തെ തട്ടുകടയില്‍നിന്ന് ഉപ്പിലിട്ടതു കഴിച്ച കുട്ടിക്ക് വായില്‍ പൊള്ളലേറ്റു. കഴിഞ്ഞ ബുധനാഴ്ച വട്ടോളി സ്വദേശിക്കാണ് പൊള്ളലേറ്റത്. തുടര്‍ന്ന് ആരോഗ്യവിഭാഗം കട പൂട്ടിച്ചു. ഉപ്പിലിടാന്‍ നിയമം ലംഘിച്ച് ആസിഡ് ഉപയോഗിച്ചോ എന്നറിയാന്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

2 വര്‍ഷം മുന്‍പാണ് കാസര്‍കോടുനിന്ന് എത്തിയ സംഘത്തിലെ വിദ്യാര്‍ഥികള്‍ ഉപ്പിലിട്ടതു വില്‍ക്കുന്ന കടയിലെ കുപ്പിയില്‍വച്ച വെള്ളം എടുത്തുകുടിച്ച് പൊള്ളലേറ്റത്. ഉപ്പിലിട്ടതു കഴിച്ച കുട്ടി എരിവ് അനുഭവപ്പെട്ടപ്പോള്‍ കടയിലെ കുപ്പിയിലിരുന്ന വെള്ളം എടുത്തു കുടിക്കുകയായിരുന്നു. വായപൊള്ളിയതോടെ പുറത്തേക്ക് തുപ്പി. തൊട്ടടുത്തുനിന്ന കുട്ടിക്കും പൊള്ളലേറ്റു. വീര്യം കൂടിയ വിനാഗിരി അഥവാ അസറ്റിക്ക് ആസിഡ് ആയിരുന്നു കുപ്പിയിലുണ്ടായിരുന്നതെന്ന് അന്ന് കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം കണ്ടെത്തിയിരുന്നു.

Signature-ad

പല വസ്തുക്കളും ഉപ്പിലിട്ടാല്‍ അത് പാകമായി വരാന്‍ ഏറെക്കാലമെടുക്കും. എന്നാല്‍ എളുപ്പത്തില്‍ ഉപ്പുപിടിച്ച് പാകമാകാനാണ് ആസിഡ് ചേര്‍ക്കുന്നത്. സാധാരണയായി അസറ്റിക്ക് ആസിഡ് നേര്‍പ്പിച്ച് പല കടക്കാരും ഉപ്പിലിടാന്‍ ഉപയോഗിക്കാറുണ്ടെന്ന് അന്ന് കണ്ടെത്തിയിരുന്നു. ഉപ്പുവെള്ളം ഉപയോഗിക്കുന്നതിനേക്കാള്‍ കൂടുതല്‍ രുചി ലഭിക്കുമെന്നതും മറ്റൊരു കാരണമാണ്. സാധാരണയായി ഉപ്പും വെള്ളവുമുപയോഗിച്ച് മാങ്ങയും മറ്റും ഉപ്പിലിടുമ്പോള്‍ ഭരണിക്കകത്ത് വെള്ളനുരയും കലക്കവും വരാറുണ്ട്. എന്നാല്‍, ബാറ്ററി വാട്ടറും മറ്റും ഉപയോഗിച്ച് ഉപ്പിലിട്ടാല്‍ ഇതുണ്ടാവില്ലെന്നും അധികൃതര്‍ പറഞ്ഞു.

ഭക്ഷ്യസുരക്ഷാ മാനദണ്ഡം അനുസരിച്ചുതന്നെയാണ് കോഴിക്കോട്ടെ ഒട്ടുമിക്ക കടകളിലും ഉപ്പിലിട്ടത് ഉണ്ടാക്കുന്നത്. തിരക്കേറുമ്പോഴാണ് വിരലിലെണ്ണാവുന്ന ചിലര്‍ മായം ചേര്‍ത്ത് ലാഭമുണ്ടാക്കാന്‍ ശ്രമിക്കുന്നതായി പരാതി ഉയരുന്നത്. ആരോഗ്യവിഭാഗത്തിന്റെ പരിശോധനകള്‍ പതിവായി നടക്കാറുണ്ട്.

അതേസമയം, ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ത്തു വില്‍പന നടത്തിയതിന് 2023-2024 വര്‍ഷത്തില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്തത് കോഴിക്കോട്ടാണ്. സംസ്ഥാനത്ത് മൊത്തം 988 കേസുകള്‍ വിവിധ കോടതികളില്‍ ഫയല്‍ ചെയ്തതില്‍ കോഴിക്കോട് മാത്രം 230 കേസുകളുണ്ട്.

 

Back to top button
error: