NEWSWorld

ആരും സഞ്ചരിക്കാത്ത വഴിയിലൂടെ ഒരു ആക്രമണം; ഹിസ്ബുള്ളയുടെ പേജറുകള്‍ മൊസാദ് അട്ടിമറിച്ചോ?

ബെയ്റൂത്ത്: ലെബനനിലും സിറിയയിലും ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ചൊവ്വാഴ്ചയുണ്ടായ പേജര്‍ സ്ഫോടന പരമ്പര മുമ്പ് കേട്ടിട്ടില്ലാത്ത ആക്രമണ തന്ത്രമാണ്. ആക്രമണത്തില്‍ ഇതുവരെ പത്ത് പേര്‍ കൊല്ലപ്പെടുകയും 3000 ത്തോളം പേര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇസ്രയേല്‍ ചാര ഏജന്‍സിയായ മൊസാദാണ് ആക്രമണത്തിന് പിന്നിലെന്നാണ് ഹിസ്ബുള്ള ആരോപിച്ചിട്ടുള്ളത്.

ഇസ്രയാലാണ് ആക്രമണത്തിന് പിന്നിലെന്ന് ഹിസ്ബുല്ല ആരോപിച്ചിട്ടുണ്ടെങ്കിലും അത്യധികം സങ്കീര്‍ണ്ണമെന്ന് തോന്നിക്കുന്ന ആക്രമണം എങ്ങനെ സംഭവിച്ചുവെന്നതിന്റെ കൃത്യമായ വിവരം പുറത്തുവന്നിട്ടില്ല.

Signature-ad

ഇസ്രയേലിന്റെ ലൊക്കേഷന്‍ ട്രാക്കിങില്‍ നിന്ന് രക്ഷപ്പെടാനാണ് മൊബൈലിന് പകരമുള്ള ആശയവിനിമയ മാര്‍ഗമായി ഹിസ്ബുള്ള പേജറിനെ ആശ്രയിക്കുന്നത്. അക്കങ്ങളും അക്ഷരങ്ങളുമുള്ള മെസേജുകള്‍ പ്രദര്‍ശിപ്പിക്കുകയും ശബ്ദ സന്ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്ന ഒരു വയര്‍ലെസ് ടെലികമ്മ്യൂണിക്കേഷന്‍ ഉപകരണമാണ് പേജര്‍.

1996-ല്‍ ഹമാസിന്റെ ബോംബ് നിര്‍മാതാവായിരുന്ന യഹ്യ അയ്യാഷിനെ ഇസ്രയേല്‍ കൊലപ്പെടുത്തയതിന് പിന്നാലെയാണ് മൊബൈല്‍ ഫോണ്‍ ഉപേക്ഷിക്കാന്‍ ഹിസ്ബുള്ളയെ പ്രേരിപ്പിച്ചത്. മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചായിരുന്നു യഹ്യ അയ്യാഷിന്റെ മരണം.

ചൊവ്വാഴ്ച പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.45 ഓടെയാണ് ലെബനന്‍ തലസ്ഥാനമായ ബെയ്റൂത്തിലും രാജ്യത്തിന്റെ മറ്റു പല ഭാഗങ്ങളിലും സ്ഫോടന പരമ്പര അരങ്ങേറിയത്.

പടക്കങ്ങളും വെടിയൊച്ചകളും പോലെ ചെറിയ സ്ഫോടന ശബ്ദങ്ങള്‍ ഉയരുന്നതിന് മുമ്പ് ആളുകളുടെ പോക്കറ്റുകളില്‍ നിന്ന് പുക ഉയുരുന്നതാണ് ആദ്യം കണ്ടതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. കടയില്‍ നില്‍ക്കുന്ന ഒരാളുടെ ട്രൗസര്‍ പോക്കറ്റ് പൊട്ടിത്തെറിക്കുന്നതായുള്ള സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

പ്രാരംഭ സ്ഫോടനം കഴിഞ്ഞ് ഒരു മണിക്കൂറോളം സ്ഫോടന പരമ്പര തുടര്‍ന്നതായാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. താമസിയാതെ ലെബനന്റെ വിവിധ ആശുപത്രികളില്‍ സമാനമായ പരിക്കുകളോടെ ആളുകള്‍ എത്തി തുടങ്ങിയത് അധികൃതരില്‍ പരിഭ്രാന്തി പരത്തി.

ആക്രമണം സംബന്ധിച്ച് പല വിധത്തിലുള്ള അനുമാനങ്ങളാണ് വിദഗ്ധര്‍ പങ്കുവെക്കുന്നത്. ഹിസ്ബുള്ളയുടെ പക്കല്‍ പേജര്‍ എത്തുന്നതിന് മുമ്പ് മൊസാദിന്റെ കൈകളിലെത്തിയെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. പെന്ററിത്രിറ്റോള്‍ ടെട്രാനൈട്രേറ്റ് (ജഋഠച) എന്നറിയപ്പെടുന്ന സ്ഫോടനാത്മക വസ്തുക്കള്‍ ഉപകരണങ്ങളുടെ ബാറ്ററികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും താപനില വര്‍ദ്ധിപ്പിച്ചതിലൂടെ ഇത് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നുമാണ് ഒരു ബ്രിട്ടീഷ് മാധ്യമത്തെ ഉദ്ധരിച്ച് ഇറാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

എന്നാല്‍ ബാറ്ററികള്‍ അമിതമായി ചൂടാകുന്നതുമായി പൊരുത്തപ്പെടാത്ത സ്ഫോടനങ്ങളുടെ ദൃശ്യങ്ങള്‍ അതിന് സാധ്യതയില്ലെന്ന് മറ്റു ചില വിദഗ്ധര്‍ പറയുന്നു.

വിതരണശൃംഖലയില്‍ നടന്ന നുഴഞ്ഞുകയറ്റമാണെന്നാണ് മറ്റൊരു അഭിപ്രായം. പേജറുകളുടെ നിര്‍മ്മാണത്തിനിടയിലോ ട്രാന്‍സിറ്റിനിടെയോ ഏതെങ്കിലും തരത്തിലുള്ള ഇടപെടലകള്‍ നടന്നിരിക്കാമെന്നാണ് ഇവര്‍ പറയുന്നത്. വിതരണ ശൃംഖല ആക്രമണങ്ങള്‍ സൈബര്‍ സുരക്ഷാ ലോകത്ത് വര്‍ദ്ധിച്ചുവരുന്ന ആശങ്ക കൂടിയാണ്.

10 മുതല്‍ 20 ഗ്രാം വരെ സ്‌ഫോടകവസ്തുക്കള്‍ ഇലക്ട്രോണിക് ഘടകത്തിനുള്ളില്‍ ഒളിപ്പിച്ചിരിക്കാമെന്നാണ് പേര് വെളിപ്പെടുത്താത്ത ബ്രിട്ടീഷ് ആര്‍മി യുദ്ധോപകരണ വിദഗ്ധനെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സമാനമായ അഭിപ്രായമാണ് യുഎസ് ഉദ്യോഗസ്ഥരും വിദഗ്ധരും പങ്കുവെക്കുന്നത്. ഹിസ്ബുള്ള ഓര്‍ഡര്‍ ചെയ്ത 5000 തായ്വാന്‍ നിര്‍മിത പേജറുകളില്‍ മൂന്ന് ഗ്രാം വീതം സ്ഫോടനക വസ്തു മൊസാദ് ഒളിപ്പിച്ചതായി ഇവര്‍ പറയുന്നു. തായ്വാനിലെ ഗോള്‍ഡ് അപ്പോളോ കമ്പനിയില്‍ നിന്നാണ് ഹിസ്ബുള്ള പേജറുകള്‍ വാങ്ങിയത്. ഇവ ലെബനനില്‍ എത്തുന്നതിന് മുമ്പായിട്ടാണ് അട്ടിമറി നടന്നിരിക്കുന്നതെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. അത്തരത്തിലുള്ള ഒരട്ടിമറിയാണ് ഹിസ്ബുള്ളയും പറയുന്നത്.

അതേസമയം, ആക്രമണത്തെക്കുറിച്ച് ഇസ്രായേല്‍ പ്രതികരിക്കുകയോ തങ്ങളുടെ പങ്കാളിത്തം സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല. ഇത് സംബന്ധിച്ച് തങ്ങള്‍ക്ക് യാതൊരു അറിവുമില്ലെന്നാണ് അമേരിക്ക ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്.

Back to top button
error: