CrimeNEWS

പെണ്ണുങ്ങളെ വലയിലാക്കുന്നത് ഹോബി; സിനിമാ മോഹവുമായി അജ്മല്‍ എറണാകുളത്ത് ചുറ്റിനടന്നു

കൊല്ലം: സ്ത്രീകളെയും പെണ്‍കുട്ടികളെയും വലയിലാക്കുന്നത് മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മുഹമ്മദ് അജ്മലിന്റെ പ്രധാന ഹോബിയാണെന്ന് പ്രദേശവാസികള്‍. കായംകുളം എം.എസ്.എം കോളേജിലെ ബിരുദ പഠനം പൂര്‍ത്തിയാക്കാതെ ഉപേക്ഷിച്ചു. ഇടക്കാലത്ത് സിനിമാ മോഹവുമായി എറണാകുളത്തേക്ക് പോയി. മാസങ്ങളോളം അവിടെ ചുറ്റിയടിച്ചശേഷം വാടകയ്‌ക്കെടുത്ത കാറുമായി മുങ്ങി. ചന്ദനമരം മോഷ്ടിച്ച കേസിലും പ്രതിയാണ് അജ്മല്‍.

കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് പോയപ്പോഴാണ് കാഷ്വാലിറ്റിയില്‍ നൈറ്റ് ഡ്യൂട്ടി നോക്കിയിരുന്ന ഡോ. ശ്രീക്കുട്ടിയെ പരിചയപ്പെട്ടത്. പൊലീസ് ഉദ്യോഗസ്ഥന്റെ മകനെന്നാണ് പരിചയപ്പെടുത്തിയത്. തന്റെ പക്കല്‍നിന്ന് സ്വര്‍ണത്തിന് പുറമേ എട്ട് ലക്ഷം രൂപ അജ്മല്‍ കൈയ്ക്കലാക്കിയതായി ഡോ. ശ്രീക്കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.

Signature-ad

അടുത്തിടെ വിദേശത്ത് നിന്ന് എത്തിയ ഇടക്കുളങ്ങരയിലെ സുഹൃത്തായ ശംഭുവിന്റെ വീട്ടിലെത്തി സംഭവദിവസം ഇരുവരും ഭക്ഷണം കഴിച്ചു. ശംഭുവിന്റെ കാറില്‍ കരുനാഗപ്പള്ളിയിലേക്ക് പോകുംവഴിയാണ് തിരുവോണ ദിവസം വൈകിട്ട് 5.47ന് മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ വച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ കുഞ്ഞുമോളെയും ഫാത്തിമയെയും ഇടിച്ചിട്ടത്. കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കി അജ്മലും ശ്രീക്കുട്ടിയും രക്ഷപ്പെടുകയായിരുന്നു. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ഭര്‍ത്തൃസഹോദരന്റെ ഭാര്യ ഫാത്തിമ പരിക്കുകളോടെ ചികിത്സയിലാണ്.

അതേസമയം, മുഹമ്മദ് അജ്മലും ഡോ. ശ്രീക്കുട്ടിയും രാസലഹരി ഉപയോഗിച്ചെന്നും സംശയമുണ്ട്. രക്തസാമ്പിള്‍ ക്ലിനിക്കല്‍ പരിശോധനയ്ക്ക് അയക്കുമെന്ന് ശാസ്താംകോട്ട ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തില്‍ അറിയിച്ചു. അജ്മലിന്റെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കുമെന്ന് കൊല്ലം ആര്‍.ടി.ഒ എന്‍.സി. അജിത്കുമാര്‍ പറഞ്ഞു.

അജ്മല്‍ കൊല്ലം ജില്ലാ ജയിലിലും ഡോ. ശ്രീക്കുട്ടി അട്ടക്കുളങ്ങര വനിതാ ജയിലിലും റിമാന്‍ഡിലാണ്. കസ്റ്റഡിക്കായി ശാസ്താംകോട്ട പൊലീസ് ഇന്ന് അപേക്ഷ നല്‍കും. കസ്റ്റഡിയില്‍ കിട്ടിയാല്‍ പ്രതികള്‍ മദ്യപിച്ച മൈനാഗപ്പള്ളിയിലെ മൈതാനം, അപകടമുണ്ടായ ആനൂര്‍ക്കാവ് ജംഗ്ഷന്‍, രക്ഷപ്പെട്ട ശാസ്താംകോട്ട – കരുനാഗപ്പള്ളി റോഡ്, കാറുപേക്ഷിച്ച് പ്രതികള്‍ ഓടിക്കയറിയ കരുനാഗപ്പള്ളി കോടതിക്കു സമീപത്തെ വീട്, അജ്മല്‍ ഒളിവിലായിരുന്ന ശൂരനാട് പതാരത്തെ സുഹൃത്തിന്റെ വീട് എന്നിവിടങ്ങളിലെത്തിച്ച് നാളെ തെളിവെടുക്കും. അജ്മലിന്റെ ഫോണിനായുള്ള തെരച്ചിലും ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: