NEWSWorld

ലബനാനില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി; ഇസ്രായേലിന് തിരിച്ചടി നല്‍കുമെന്ന് ഹിസ്ബുല്ല

ബെയ്‌റൂത്ത്: ലബനാനില്‍ ഹിസ്ബുല്ലയുടെ പേജറുകള്‍ പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം 11 ആയി. മൂവായിരത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

200 പേരുടെ നില ഗുരുതരമായി തുടരുന്നു. പിന്നില്‍ ഇസ്രായേലാണെന്നും തിരിച്ചടിക്കുമെന്നും ഹിസ്ബുല്ല അറിയിച്ചു. അതേസമയം ലബനാനില്‍ പൊട്ടിത്തെറിച്ച പേജറുകള്‍ തായ്‌വാനില്‍ നിന്ന് ഇറക്കുമതി ചെയ്തതെന്ന് കണ്ടെത്തി. ‘ഗോള്‍ഡ് അപ്പോളോ’ എന്ന കമ്പനിയുടെ പേജറുകളാണ് പൊട്ടിത്തെറിച്ചത്.

Signature-ad

പേജറുകളില്‍ സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചിരുന്നെന്നും ലബനാനില്‍ എത്തുന്നതിന് മുമ്പ് കൃത്രിമം നടന്നെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിന്റെ പൂര്‍ണ ഉത്തരവാദി ഇസ്രായേലാണെന്നാണ് ഹിസ്ബുല്ല ആരോപിക്കുന്നത്. അവര്‍ക്ക് തക്കശിക്ഷ തന്നെ നല്‍കുമെന്നും ഹിസ്ബുല്ല വ്യക്തമാക്കുന്നു.

ഇത്രയും വിപുലമായ രീതിയില്‍ ഒരേസമയം ആക്രമണം നടത്തണമെങ്കില്‍ ഒന്നിലധികം രാജ്യങ്ങളുടെയോ സ്ഥാപനങ്ങളുടെയോ സംഘടനകളുടെയോ പിന്തുണ ഇസ്രായേലിന് കിട്ടിയിരിക്കണമെന്നാണ് സൈനിക വിദഗ്ധരുടെ ഹഭിപ്രായം.

ആക്രമണം നടത്തിയത് ഇസ്രായേലാണെങ്കില്‍ അതിനായി അവരുടെ ചാരസംഘടനയായ മൊസാദ്, പേജറുകളുടെ ഉത്പാദന-വിതരണ സമയം മുതലുള്ള ഘട്ടങ്ങളില്‍ തന്നെ ഇടപെട്ടിട്ടുണ്ടാകാമെന്നാണ് പറയപ്പെടുന്നത്.

അതേസമയം, പേജറുകള്‍ പൊട്ടിത്തെറിച്ച സംഭവം വലിയ സുരക്ഷാ വീഴ്ചയായാണ് ഹിസ്ബുല്ല കാണുന്നത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്രായേല്‍ ഏറ്റെടുക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: