ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാള്‍ രാജിവെക്കുന്നതോടെ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്തേക്ക് മന്ത്രിയും എഎപി വക്താവുമായ അതിഷി എത്തും. എഎപി നിയമസഭാ കക്ഷിയോഗത്തില്‍ അതിഷിയെ മുഖ്യമന്ത്രിയായി കെജ്രിവാള്‍ നിര്‍ദേശിച്ചു.എഎപി എംഎല്‍എമാര്‍ അതിനെ പിന്തുണച്ചു. ഇതോടെ ഷീല ദീക്ഷിതിനും സുഷമ സ്വരാജിനും ശേഷം ഡല്‍ഹിക്ക് വനിതാ മുഖ്യമന്ത്രിയായി അതിഷി എത്തും. കെജ്രിവാള്‍ ഇന്ന് വൈകീട്ടോടെ ലെഫ്.ഗവര്‍ണറെ കണ്ട് രാജിക്കത്ത് സമര്‍പ്പിക്കും.
പുതിയ മുഖ്യമന്ത്രിയുടെ ചുമതല വഹിക്കാന്‍ അതിഷിയെ ഐകകണ്ഠമായി തിരഞ്ഞെടുത്തെന്ന് യോഗത്തിന് ശേഷം എഎപി നേതാവും മന്ത്രിയുമായ ഗോപാല്‍ റായ് പറഞ്ഞു. ഡല്‍ഹിയില്‍ ഉടന്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന് എഎപി ആവശ്യപ്പെടുന്നതായും അദ്ദേഹം വ്യക്തമാക്കി.
തിഹാര്‍ ജയിലില്‍നിന്ന് മടങ്ങിയെത്തിയതിന് തൊട്ടുപിന്നാലെയാണ് കെജ്രിവാള്‍ രാജി പ്രഖ്യാപനം നടത്തിയത്. രാജിവെക്കുകയാണെന്നും ജനങ്ങളുടെ അഗ്നിപരീക്ഷയില്‍ ജയിച്ചശേഷംമാത്രം മുഖ്യമന്ത്രിക്കസേര മതിയെന്നുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
സര്‍ക്കാരിന്റെ കാലാവധി തീരാന്‍ അഞ്ചുമാസം ബാക്കിനില്‍ക്കെയാണ് അപ്രതീക്ഷിത നീക്കം. അടുത്തവര്‍ഷമാദ്യം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ട ഡല്‍ഹിയിലെ രാഷ്ട്രീയം ഇതോടെ പുതിയ വഴിത്തിരിവിലാണ്.
മുതിര്‍ന്ന മന്ത്രിമാരായ ഗോപാല്‍ റായ്, കൈലാഷ് ഗഹ്ലോത് എന്നിവരും അതിഷിക്കൊപ്പം മുഖ്യമന്ത്രി കസേരയിലേക്ക് എഎപിയുടെ പരിഗണനയിലുണ്ടായിരുന്നു. ഇന്ന് ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തില്‍ ഒരാളുടെ പേര് മുന്നോട്ട് വെക്കാന്‍ പാര്‍ട്ടി നേതാവ് ദിലീപ് പാണ്ഡെ കെജ് രിവാളിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് കെജ്രിവാള്‍ അതിഷിയെ നിര്‍ദേശിക്കുകയായിരുന്നു. മറ്റു എംഎല്‍എമാരെല്ലാം ഇതിനെ പിന്തുണയ്ക്കുകയും ചെയ്തു. ഇതോടെ അതിഷി എഎപിയുടെ നിയമസഭാ കക്ഷി നേതാവായി മാറി.
നിലവിലെ സര്‍ക്കാരില്‍ ധനം, റവന്യൂ,വിദ്യാഭ്യാസം, തുടങ്ങിയ വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്യുന്നത്.
കെജ്രിവാള്‍ മന്ത്രിസഭയിലെ ആദ്യ വനിതാ മന്ത്രിയായിരുന്നു എഎപി മുതിര്‍ന്ന നേതാവായ അതിഷി. കല്‍ക്കാജി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അതിഷി, രാജ്യതലസ്ഥാനത്ത് പാര്‍ട്ടിയുടെ വിദ്യാഭ്യാസ നയപരിഷ്‌കരണം നടപ്പാക്കാന്‍ ചുമതലപ്പെടുത്തിയ ടീമിലെ പ്രധാനിയാണ്. കെജ്രിവാളിന്റെ വിശ്വസ്തരായിരുന്ന മനീഷ് സിസോദിയയും സത്യേന്ദര്‍ ജെയിനും മദ്യനയ അഴിമതിക്കേസില്‍ ജയിലിലായതോടെയാണ് അതിഷി മന്ത്രി സഭയില്‍ എത്തുന്നത്.