ചിത്രത്തിന്റെ ക്ലൈമാക്സ് കാണാത്ത അമ്മ : കിരീടവും ചെങ്കോലും താളവട്ടവും കാണില്ലെന്ന് ശഠിച്ച അമ്മ: ലാലുവിനെ തല്ലുന്നത് സഹിക്കാൻ കഴിയാത്ത പൊന്നമ്മ

ചിത്രത്തിന്റെ ക്ലൈമാക്സ്
കൊച്ചി : മലയാളികൾ നെഞ്ചോട് ചേർത്ത് മോഹൻലാലിന്റെ പല നല്ല ചിത്രങ്ങളും അമ്മ ശാന്തകുമാരി കണ്ടിട്ടില്ല.
തീയറ്ററുകളിൽ ഒരു വർഷം തുടർച്ചയായി പ്രദർശിപ്പിച്ച മോഹൻലാൽ – പ്രിയദർശൻ ടീമിന്റെ ചിത്രം എന്ന സിനിമയുടെ ക്ലൈമാക്സ് മോഹൻലാലിന്റെ അമ്മ ശാന്തകുമാരി കണ്ടിട്ടില്ല.
മോഹൻലാലിന്റെ ആരാധകർ അല്ലാത്തവർ പോലും തേങ്ങലടക്കി വിതുമ്പിക്കൊണ്ട് കണ്ടുതീർത്ത ചിത്രത്തിന്റെ ക്ലൈമാക്സ് ലാലുവിന്റെ അമ്മയ്ക്ക് കാണാൻ തീരെ ഇഷ്ടമില്ലായിരുന്നു. ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച വിഷ്ണു എന്ന കഥാപാത്രത്തെ തൂക്കിക്കൊല്ലാനായി പോലീസ് ഓഫീസർ കൊണ്ടുപോകുന്നതായിരുന്നു ചിത്രത്തിന്റെ ക്ലൈമാക്സ്. പ്രിയപ്പെട്ട എല്ലാവരോടും യാത്ര പറഞ്ഞ് മോഹൻലാൽ മരണത്തിലേക്ക് പോകുന്ന ആ രംഗം മോഹൻലാലിന്റെ അമ്മയ്ക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. അതുകൊണ്ടുതന്നെ ചിത്രത്തിന്റെ ക്ലൈമാക്സ് ആകുമ്പോൾ അമ്മ എഴുന്നേറ്റു പോകുമായിരുന്നത്രെ.
അതുപോലെതന്നെ മോഹൻലാലിന്റെ മികച്ച ചിത്രങ്ങളായ കിരീടവും ചെങ്കോലും താളവട്ടവും അമ്മ ശാന്തകുമാരി കണ്ടിട്ടില്ല. ഈ മൂന്ന് സിനിമകളുടെയും കഥ കേട്ടപ്പോൾ തന്നെ അമ്മയ്ക്ക് മതിയായി. മോഹൻലാലിന്റെ ട്രാജഡി സിനിമകൾ കൂടിയായിരുന്നു ഇത്.
താളവട്ടം ഹ്യൂമർ ചിത്രമാണെങ്കിലും ക്ലൈമാക്സ് നൊമ്പരപ്പെടുത്തുന്നതാണ്.
കിരീടത്തിലും ചെങ്കോലിലും ലാലിന് ഒരുപാട് അടി കൊള്ളേണ്ടി വന്നിരുന്നു എന്നതുകൊണ്ടുതന്നെ അമ്മയ്ക്ക് കാണാൻ താല്പര്യം ഉണ്ടായിരുന്നില്ല. ഇക്കാര്യങ്ങളെല്ലാം ശാന്തകുമാരി തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

എന്നാൽ മോഹൻലാൽ ലോകമെമ്പാടുമുള്ള മലയാളികളെ പൊട്ടിച്ചിരിപ്പിച്ച കിലുക്കം പോലുള്ള സിനിമകൾ അമ്മ ഒരുപാട് തവണ കണ്ടിട്ടുണ്ട്.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി കൊച്ചി എളമക്കരയിലെ വീട്ടിൽ വച്ചാണ് അന്തരിച്ചത്. 90 വയസ്സായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ 10 വർഷമായി ചികിത്സയിലിരിക്കെയാണ് ശാന്തുമാരിയുടെ വിയോഗം. മോഹന്‍ലാല്‍ വീട്ടില്‍ എത്തിയിട്ടുണ്ട്. അമ്മയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് നിരവധി പേരാണ് എളമക്കരയിലെ വീട്ടിലേക്ക് വന്നു കൊണ്ടിരിക്കുന്നത്.

.മുൻ നിയമസെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പരേതനായ പ്യാരി ലാൽ ആണ് മറ്റൊരു മകൻ. സംസ്കാരം നാളെ.







