IndiaNEWS

നടിയെ ആക്രമിച്ച കേസിൽ  പൾസർ സുനിക്ക് സുപ്രീം കോടതി നിന്ന് ജാമ്യം, ഏഴര വർഷത്തെ ജയിൽ വാസത്തിനു ശേഷം പുറത്തേക്ക്

   കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിക്കു സുപ്രിംകോടതി ജാമ്യം അനുവദിച്ചു. അറസ്റ്റിലായി ജയിലിലായ ശേഷം ആദ്യമായാണു  സുനിക്ക്  ജാമ്യം ലഭിക്കുന്നത്.

വിചാരണ കോടതികളുടെ നടപടികളെ രൂക്ഷമായി വിമർശിച്ചു കൊണ്ടാണ് സുപ്രീം കോടതി ജാമ്യമനുവദിച്ചത്.

Signature-ad

‘‘പൾസർ സുനി ജയിലിലായിട്ട് ഏഴര വർഷം കഴിഞ്ഞിരിക്കുന്നു. ഇത്രയും നാളായിട്ടും വിചാരണ നീണ്ടുപോവുകയാണ്. ഇങ്ങനെയായാൽ കേസ് എപ്പോഴാണു തീരുക? കേസിലെ മറ്റൊരു പ്രതിയായ ദിലീപിനു ക്രോസ് വിസ്താരത്തിനു കൂടുതൽ സമയം അനുവദിക്കുന്നു…’’
ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണു സുപ്രീം കോടതിയുടെ ഉത്തരവ്.

സുനിക്കു ജാമ്യം ലഭിച്ചാൽ ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്ന് അതിജീവിതയെ ഭീഷണിപ്പെടുത്താൻ സാധ്യതയുണ്ടെന്നും  വിചാരണ നടപടികൾ അട്ടിമറിക്കാൻ ശ്രമം ഉണ്ടായേക്കുമെന്നും കേരള സർക്കാർ  സത്യവാങ്മൂലത്തിൽ  ചൂണ്ടിക്കാട്ടിയിരുന്നു. ഇതെല്ലാം തള്ളിയാണു സുനിക്കു സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. വിചാരണ നീണ്ടുപോകുന്നതിനാൽ  ജാമ്യം തന്റെ അവകാശമാണ് എന്നാണ് സുനി വാദിച്ചത്. അതിജീവിതയ്ക്കുനേരെ ഉണ്ടായത് അതിക്രൂരമായ ആക്രമണമാണെന്നും അപൂർവമായാണു സംസ്ഥാനത്ത് ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുള്ളതെന്നും സർക്കാർ വാദിച്ചു.

പൾസർ സുനിക്ക് ഒരു കാരണവശാലും ജാമ്യം നൽകരുതെന്നും ജാമ്യത്തിലിറങ്ങിയാൽ സമൂഹത്തിന് തന്നെ ഭീഷണിയാകുമെന്നും സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ വാദിച്ചെങ്കിലും കോടതി അതംഗീകരിച്ചില്ല.

അവർത്തിച്ച് ജാമ്യാപേക്ഷ നൽകിയതിന് പൾസർ സുനിക്ക് ഹൈക്കോടതി വിധിച്ച പിഴ സുപ്രീം കോടതി സ്റ്റേ ചെയ്തു. 25,000 രൂപ ആയിരുന്നു പിഴ വിധിച്ചിരുന്നത്.

പൾസർ സുനിക്കുവേണ്ടി അഭിഭാഷകരായ കെ. പരമേശ്വർ, ശ്രീറാം പറക്കാട് എന്നിവരാണ് സുപ്രീം കോടതിയിൽ ഹാജരായത്.

നടി കാറിൽ ആക്രമിക്കപ്പെട്ടത് 2017 ഫെബ്രുവരിയിലാണ്. നെടുമ്പാശേരി പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ 2017 ഫെബ്രുവരി 23 മുതല്‍ പള്‍സര്‍ സുനി റിമാന്‍ഡിലാണ്.

Back to top button
error: