CrimeNEWS

രണ്ട് മാസത്തെ സൗഹൃദം, ശ്രീക്കുട്ടിയില്‍നിന്ന് അജ്മല്‍ പിടുങ്ങിയത് 8 ലക്ഷം രൂപ! ചന്ദനക്കടത്ത് കേസില്‍ അടക്കം പ്രതിയാണെന്ന് യുവഡോക്ടറും അറിഞ്ഞില്ല

കൊല്ലം: മൈനാഗപ്പള്ളിയില്‍ യുവതിയെ കാര്‍ കയറ്റികൊന്ന സംഭവത്തില്‍ പ്രതിയായ ഡോ. ശ്രീക്കുട്ടി, അജ്മലിനെ പരിചയപ്പെടുന്നത് രണ്ടുമാസം മുമ്പാണ്. ഈ രണ്ട് മാസത്തെ സൗഹൃദം കൊണ്ട് യുവതിക്കാണ് വലിയ നഷ്ടം ഉണ്ടായത്. അതേസമയം, ചന്ദനക്കടത്ത് അടക്കം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അജ്മലിന് വലിയ സാമ്പത്തിക താല്‍പ്പര്യവും ഈ സൗഹൃദത്തില്‍ ഉണ്ടായിരുന്നു എന്നാണ് പ്രാഥമികമായ പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്.

യുവതിയുമായി സൗഹൃദം സ്ഥാപിച്ച അജ്മല്‍ ചുരുങ്ങിയ കാലയളവില്‍ തന്നെ വലിയ തുക വാങ്ങിയെടുത്തിട്ടുണ്ട്. രണ്ടുമാസത്തിനിടെ അജ്മല്‍ ശ്രീക്കുട്ടിയില്‍ നിന്ന് 8 ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. പണവും സ്വര്‍ണവും അടക്കം 8 ലക്ഷം രൂപ തന്റെ പക്കല്‍ നിന്ന് അജ്മല്‍ വാങ്ങിയെന്ന് ശ്രീക്കുട്ടി പോലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. അതേസമയം, കൂടുതല്‍ പണമിടപാടുകള്‍ നടന്നിട്ടുണ്ടോ എന്നറിയാന്‍ ശ്രീക്കുട്ടിയുടെയും അജ്മലിന്റെയും ബാങ്ക് ഇടപാടുകള്‍ പൊലീസ് പരിശോധിച്ച് വരികയാണ്.

Signature-ad

രണ്ട് മാസം മുമ്പ് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയപ്പോഴാണ് അജ്മലിനെ ശ്രീക്കുട്ടി പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ സൗഹൃദത്തിലായി. നൃത്താധ്യാപകന്‍ എന്ന നിലയിലായിരുന്നു പരിചയം. ഈ പരിചയം അതിവേഗം വളരുകയായിരുന്നു. വിവാഹ മോചിതയായിരുന്നു ശ്രീക്കുട്ടി. ഇക്കാര്യം അജ്മലിനും അറിയാമായിരുന്നു. കരുതല്‍ നല്‍കിയ സുഹൃത്തെന്ന നിലയിലാണ് ഇവര്‍ അജ്മല്‍ ചോദിച്ചപ്പോള്‍ പണം നല്‍കിയതും. എന്നാല്‍, മദ്യപാനത്തിലേക്ക് കാര്യങ്ങള്‍ വഴിമാറിയതോടെ യുവതിയുടെ ജീവിതം തന്നെ മാറിമറിയുന്ന അവസ്ഥയാണ്. ജോലിയും നഷ്ടമായി അഴിക്കുള്ളില്‍ കഴിയേണ്ട അവസ്ഥയിലായി ഡോ. ശ്രീക്കുട്ടി.

വാഹനാപകടം നടന്ന സമയം അജ്മല്‍ മദ്യപിച്ചിരുന്നുവെന്നാണ് പൊലീസിന്റെ പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. 2017 ലാണ് ശ്രീക്കുട്ടി എംബിബിഎസ് പൂര്‍ത്തിയാക്കിയത്. ശ്രീക്കുട്ടിക്ക് അപകടത്തില്‍ ബന്ധമുണ്ടെന്ന് വ്യക്തമായതോടെ കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയില്‍ ജോലി ചെയ്തുവരികയായിരുന്ന ഇവരെ അധികൃതര്‍ പുറത്താക്കിയിരുന്നു. ആശുപത്രിക്ക് കളങ്കം വരുത്തുന്ന പ്രവര്‍ത്തിയാണ് ഡോക്ടര്‍ ചെയ്തതെന്നും അതിനാലാണ് ആശുപത്രിയില്‍ നിന്ന് പുറത്താക്കുന്നതെന്നും ആശുപത്രി മാനേജ്മെന്റ് അറിയിച്ചു.

ഇതിന് പിന്നാലെ ശ്രീക്കുട്ടിയെ പ്രതി ചേര്‍ത്ത് പൊലീസ് കേസുടുക്കുയും ചെയ്തിരുന്നു. നരഹത്യാ കുറ്റവും പ്രേരണ കുറ്റവും ചുമത്തിയിട്ടുണ്ട്. അപകട ശേഷം വാഹനം മുന്നോട്ടെടുക്കാന്‍ നിര്‍ദ്ദേശിച്ചത് ശ്രീക്കുട്ടിയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. ശ്രീക്കുട്ടിയെയും അജ്മലിനെയും പൊലീസ് അറസ്റ്റ് ചെയ്യുകയും 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരിക്കുകയുമാണ്. അജ്മലിനെതിരെ മനപൂര്‍വ്വമായ നരഹത്യ, അലക്ഷ്യമായി വാഹനം ഓടിക്കല്‍, മോട്ടോര്‍ വെഹിക്കിള്‍ ആക്ട് എന്നിവ പ്രകാരമാണ് ശാസ്താംകോട്ട പൊലീസ് കേസെടുത്തിട്ടുള്ളത്.

വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. രണ്ടാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി കെ ബീനാ കുമാരി ആവശ്യപ്പെട്ടു. കൊല്ലം മൈനാഗപ്പള്ളി ആനൂര്‍ക്കാവിലായിരുന്നു കേസിനാസ്പദമായ സംഭവം. മദ്യലഹരിയില്‍ സ്‌കൂട്ടര്‍ യാത്രികയായ യുവതിയെ ഇടിക്കുകയും കാര്‍ നിര്‍ത്താതെ പോകുകയുമായിരുന്നു. അപകടത്തെ തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോളാണ് (45) മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ഫൗസിയയ്ക്കും പരിക്കേറ്റിട്ടുണ്ട്.

കാറിലുണ്ടായിരുന്ന വനിത ഡോക്ടറായ ശ്രീക്കുട്ടിയില്‍ നിന്നാണ് പൊലീസിന് പ്രതി അജമലിനെ കുറിച്ചുള്ള വിവരം ലഭിച്ചത്. കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ അജ്മലിനെ ലൗക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലില്‍ പൊലീസ് കണ്ടെത്തുകയായിരുന്നു.

നബിദിനം പ്രമാണിച്ച് ഭര്‍ത്തൃസഹോദരന്റെ ഭാര്യയായ ഫൗസിയയ്ക്കൊപ്പം ആനൂര്‍ക്കാവിലെ വസ്ത്രശാലയില്‍ നിന്ന് പുതുവസ്ത്രങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുഞ്ഞുമോള്‍. സ്‌കൂട്ടറില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ ശാസ്താംകോട്ട ഭാഗത്തുനിന്ന് പാഞ്ഞുവന്ന കാര്‍ സ്‌കൂട്ടര്‍ ഇടിച്ചുവീഴ്ത്തി.റോഡിലേക്ക് തെറിച്ചുവീണ കുഞ്ഞുമോള്‍ ഇടിച്ചിട്ട കാറിന്റെ മുന്‍ ചക്രത്തിനു മുന്നില്‍പ്പെട്ടു. സ്ഥലത്തുണ്ടായിരുന്നവര്‍ ഉച്ചത്തില്‍ ബഹളം വച്ചെങ്കിലും അജ്മല്‍ കാര്‍ പിന്നോട്ടെടുത്തശേഷം അമിത വേഗത്തില്‍ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കയറ്റിയിറക്കിയശേഷം നിറുത്താതെ പോവുകയായിരുന്നു.

കാര്‍ ആദ്യം രണ്ടു തവണ മുന്നോട്ടെടുത്തെങ്കിലും കുഞ്ഞുമോളുടെ ശരീരത്തിലൂടെ കയറിയിറങ്ങിയില്ല. നിമിഷനേരത്തിനുള്ളില്‍ മൂന്നാമത് വീണ്ടും പിന്നോട്ടെടുത്ത് കുഞ്ഞുമോളുടെ ശരീരത്തിലൂടെ കയറ്റിയിറക്കി ചീറിപ്പായുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്നവര്‍ ഉടന്‍ കുഞ്ഞുമോളെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.

 

 

Back to top button
error: