NEWSWorld

ഡൊണാള്‍ഡ് ട്രംപിന് നേരെ ഗോള്‍ഫ് ക്‌ളബില്‍ വച്ച് വധശ്രമം; പ്രതിയായ 58കാരനെ പിടികൂടി പൊലീസ്

മിയാമി(ഫ്‌ളോറിഡ): അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിന് നേരെ വീണ്ടും വധശ്രമം. പ്രാദേശിക സമയം ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. ഫ്‌ളോറിഡയില്‍ വെസ്റ്റ്പാം ബീച്ചില്‍ ട്രംപിന്റെ ഉടമസ്ഥതയിലുള്ള ഗോള്‍ഫ് ക്‌ളബില്‍ വച്ചായിരുന്നു സംഭവം. സുരക്ഷയുടെ ഭാഗമായി സംഭവസമയം ഗോള്‍ഫ് ക്‌ളബ് പകുതി അടച്ചിരുന്നു. ഇവിടെ ഗോള്‍ഫ് കളിക്കുകയായിരുന്ന ട്രംപിന് നേരെ അക്രമി ഒളിച്ചിരുന്ന് വെടിയുതിര്‍ക്കുകയായിരുന്നു. ട്രംപ് സുരക്ഷിതനാണെന്ന് മുന്‍ പ്രസിഡന്റുമാരുടെ സുരക്ഷാ ചുമതലയുള്ള യു എസ് സീക്രട്ട് സര്‍വീസ് വ്യക്തമാക്കി.

സംഭവത്തിലെ പ്രതി 58 വയസുകാരനായ റയാന്‍ വെസ്ലി റൗത്തിനെ അറസ്റ്റ് ചെയ്തു. ലക്ഷ്യസ്ഥാനം ഉറപ്പിക്കാന്‍ സഹായിക്കുന്ന സ്‌കോപ്പും ഗോപ്രോ ക്യാമറയും ബാക്പാക്കും ആക്രമണത്തിനുപയോഗിച്ച ഒരു എകെ-47 തോക്കും ഇയാളില്‍ നിന്ന്പിടികൂടി. സീക്രട്ട് സര്‍വീസ് അംഗങ്ങള്‍ തിരികെ വെടിയുതിര്‍ത്തപ്പോള്‍ ഒളിച്ചിരുന്നയിടത്ത് നിന്നും പുറത്തുകടന്ന പ്രതി ഒരു കറുത്ത കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. ട്രംപിനെ വധിക്കാനുള്ള ശ്രമം തന്നെയായിരുന്നു ഇതെന്ന് എഫ്ബിഐ വ്യക്തമാക്കുന്നു.

Signature-ad

നോര്‍ത്ത് കരോലിന ഗ്രീന്‍സ്‌ബൊറോയിലെ ഒരു മുന്‍ നിര്‍മ്മാണതൊഴിലാളിയാണ് റയാന്‍ റൗത്ത്. സൈനികസേവനം ചെയ്ത് യാതൊരു പരിചയവും ഇല്ലാത്ത റൗത്തിന് പക്ഷെ ഇക്കാര്യങ്ങളില്‍ അതീവ താല്‍പര്യമുണ്ടെന്ന് കണ്ടെത്തി. 2002ലും ഇയാള്‍ ഗ്രീന്‍സ്ബോറോയില്‍ വച്ച് ഓട്ടോമീറ്റിക് ആയുധങ്ങളുമായി ഒരു കെട്ടിടത്തില്‍ അതിക്രമിച്ച് കയറിയതിന് അറസ്റ്റിലായിരുന്നു. ഗുരുതരമായ സംഭവമായിരുന്നെങ്കിലും ഇയാള്‍ അന്ന് ശിക്ഷിക്കപ്പെട്ടോ എന്ന് വ്യക്തമല്ല.

ജൂലായ് 13ന് പെന്‍സില്‍വാനിയയിലെ റാലിയില്‍ പങ്കെടുക്കവെയാണ് ട്രംപിനെതിരെ ആദ്യ വധശ്രമം ഉണ്ടായത്. പ്രസംഗിക്കുന്നതിനിടെ അക്രമി അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തിരുന്നു. തോമസ് മാത്യു ക്രുക്ക്സ് എന്ന 20കാരനാണ് അന്ന് ട്രംപിനെ ആക്രമിച്ചത്. ട്രംപിന്റെ വലതുചെവിയില്‍ അന്ന് പരിക്കേറ്റിരുന്നു. അക്രമിയെ സുരക്ഷാ വിഭാഗം വെടിവച്ച് കൊന്നിരുന്നു. രണ്ട് മാസങ്ങള്‍ക്കകം നടക്കുന്ന തിരഞ്ഞെടുപ്പില്‍ ട്രംപ്, നിലവിലെ വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെയാണ് നേരിടുക.

 

 

Back to top button
error: