CrimeNEWS

സോഷ്യല്‍മീഡിയയില്‍ ബലാത്സംഗ ഭീഷണി; പ്രതിയെ വീടുകയറിത്തല്ലി കോണ്‍ഗ്രസ് വനിതാ നേതാവ്

ലഖ്നൗ: സോഷ്യല്‍മീഡിയയില്‍ തനിക്കെതിരെ ബലാത്സംഗ ഭീഷണി മുഴക്കുകയും അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തയാളെ വീട്ടിലെത്തി തല്ലി കോണ്‍ഗ്രസ് വനിതാ നേതാവ്. യു.പിയില്‍നിന്നുള്ള കോണ്‍ഗ്രസ്- യൂത്ത് കോണ്‍ഗ്രസ് നേതാവായ റോഷ്നി കുശാല്‍ ജയ്സ്വാളാണ് സാഫ്രോണ്‍ രാജേഷ് സിങ് എന്ന സോഷ്യല്‍മീഡിയ അക്കൗണ്ട് ഉടമയും വാരാണസി സ്വദേശിയുമായ രാജേഷ് സിങ്ങിനെ അടിച്ചത്. ഞായറാഴ്ച വാരാണസിയിലെ ലാല്‍പൂര്‍-പാണ്ഡേപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

സ്ത്രീകളടക്കമുള്ള കോണ്‍ഗ്രസ് സഹപ്രവര്‍ത്തകര്‍ക്കൊപ്പമെത്തിയായിരുന്നു രാജേഷിനെ ഭാര്യയുടെയും മകളുടേയും മുന്നിലിട്ട് റോഷ്നി കൈകാര്യം ചെയ്തത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. റോഷ്നിയും പാര്‍ട്ടി പ്രവര്‍ത്തകരും സാഫ്രോണ്‍ രാജേഷ് സിങ്ങിന്റെ വീട്ടിലെത്തി ബലാത്സംഗ ഭീഷണിയെ കുറിച്ച് ചോദ്യം ചെയ്തതോടെ ഇവരും ഇയാളുടെ കുടുംബവും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകരില്‍ ചിലര്‍ ഇയാളെ പിടിച്ചുവയ്ക്കുകയും റോഷ്നി മുഖത്തടിക്കുകയായിരുന്നു.

Signature-ad

ഇതിനിടെ, ഇവിടേക്കെത്തിയ ഭാര്യയും മകളും ഇയാളെ സംഘത്തില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുകയും വിട്ടയക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു. തുടര്‍ന്ന് ഭാര്യയും മകളും ചേര്‍ന്ന് രാജേഷിനെ വീട്ടിലേക്ക് രക്ഷിച്ചുകൊണ്ടുപോവുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. തുടര്‍ന്ന് പൊലീസിനെ സമീപിച്ച റോഷ്നി, രാജേഷ് സിങ്ങിനെതിരെ ബലാത്സംഗ ഭീഷണിയുടെയും അശ്ലീല പരാമര്‍ശങ്ങളുടേയും സ്‌ക്രീന്‍ഷോട്ടുകളടക്കം പരാതി നല്‍കുകയും ചെയ്തു.

സാഫ്രോണ്‍ രാജേഷ് സിങ് എന്നയാള്‍ തന്നെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും നാല് വര്‍ഷത്തിലേറെയായി സോഷ്യല്‍മീഡിയയില്‍ തനിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്യുകയാണെന്ന് പൊലീസ് സ്റ്റേഷനു മുന്നില്‍ യുവതി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

തന്നെ ബലാത്സംഗം ചെയ്യുമെന്നും ഗര്‍ഭിണിയാക്കുമെന്നും പറഞ്ഞ് ഇയാള്‍ പലതവണ പോസ്റ്റിട്ടതായും വനിതാ നേതാവ് വ്യക്തമാക്കി. ഇയാള്‍ എങ്ങനെയുള്ള ആളാണെന്ന് ഭാര്യയ്ക്കും മകള്‍ക്കും മനസിലാകാന്‍ വേണ്ടിയാണ് വീട്ടിലെത്തിയതെന്നും യുവതി പറഞ്ഞു. താന്‍ ചെയ്തത് മറ്റ് സ്ത്രീകള്‍ക്ക് പ്രചോദനം ആകാന്‍ വേണ്ടിയാണെന്നും ഇനിയുമിത്തരം സംഭവങ്ങള്‍ക്കെതിരെ പോരാടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇയാള്‍ക്കെതിരെ പൊലീസ് എത്രയും വേഗം നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

 

 

Back to top button
error: