ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവെക്കുമെന്ന് പ്രഖ്യാപിച്ച് അരവിന്ദ് കെജ്രിവാള്‍. പാര്‍ട്ടി ഓഫീസില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് കെജ്രിവാള്‍ പ്രഖ്യാപനം നടത്തിയത്. രണ്ടുദിവസത്തിനകം രാജിവെക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്.
രണ്ടുദിവസം കഴിഞ്ഞാല്‍, ഞാന്‍ മുഖ്യമന്ത്രി പദം രാജിവെയ്ക്കും. ജനങ്ങള്‍ അവരുടെ വിധി പ്രഖ്യാപിക്കുംവരെ ഞാന്‍ ആ കസേരയില്‍ ഇരിക്കില്ല. ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രമാണ് ബാക്കി. എനിക്ക് കോടതിയില്‍നിന്ന് നീതി ലഭിച്ചു. ഇനി ജനങ്ങളുടെ കോടതിയില്‍നിന്നും എനിക്ക് നീതിലഭിക്കും. ജനങ്ങളുടെ വിധിപ്രഖ്യാപനം ഉണ്ടായതിനു ശേഷം മാത്രമേ ഞാന്‍ ഇനി മുഖ്യമന്ത്രി കസേരയില്‍ ഇരിക്കൂ, കെജ്രിവാള്‍ പറഞ്ഞു.
ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട് സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസില്‍ ജാമ്യം ലഭിച്ച അരവിന്ദ് കെജ്രിവാള്‍ മാസങ്ങള്‍ നീണ്ട ജയില്‍വാസത്തിനുശേഷം കഴിഞ്ഞദിവസമാണ് പുറത്തിറങ്ങിയത്. ഹരിയാനയിലും ഡല്‍ഹിയിലും നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ക്കൂടിയാണ് കെജ്രിവാളിന്റെ ഇപ്പോഴത്തെ നീക്കമെന്നാണ് സൂചന.
കെജ്രിവാളിന് ജാമ്യം ലഭിക്കാത്ത സാഹചര്യത്തില്‍ അദ്ദേഹം രാജിവെയ്ക്കണമെന്ന ആവശ്യം പലകോണുകളില്‍നിന്നും ഉയര്‍ന്നിരുന്നു. പക്ഷേ, ജയിലിലിരുന്നും ഭരണം നടത്താന്‍ കഴിയുമെന്ന് ബി.ജെ.പി. സര്‍ക്കാരിനു മുന്‍പില്‍ തെളിയിക്കുന്നതിനാണ് അന്ന് രാജിവെയ്ക്കാതിരുന്നതെന്നാണ് കെജ്രിവാള്‍ വ്യക്തമാക്കുന്നത്. ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്നപ്പോള്‍ നടത്തിയിരുന്നതിനേക്കാള്‍ കിരാതമായ ഭരണവാഴ്ചയാണ് ബി.ജെ.പി. സര്‍ക്കാര്‍ ഇന്ത്യയില്‍ നടത്തുന്നതെന്നും കെജ്രിവാള്‍ ആരോപിച്ചു.
ഡല്‍ഹിയില്‍ അടുത്തവര്‍ഷം ഫെബ്രുവരിയില്‍ നടക്കേണ്ട തിരഞ്ഞെടുപ്പ്, ഈവര്‍ഷം നവംബറില്‍ മഹാരാഷ്ട്രയില്‍ നടക്കുന്ന തിരഞ്ഞെടുപ്പിനൊപ്പം നടത്തണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു. കെജ്രിവാള്‍ രാജിവെച്ച ശേഷം പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമെന്ന് എ.എ.പി. വ്യക്തമാക്കി.