കൊച്ചി: മണ്ണും വെള്ളവും കുതിച്ചെത്തിയ ആ രാത്രിയിലാണ് ശ്രുതിക്ക് പ്രിയപ്പെട്ടവരെ നഷ്ടമായത്. അച്ഛനെയും അമ്മയെയും സഹോദരിയെയും ബന്ധുക്കളെയും ആ മലവെള്ളപ്പാച്ചില്‍ കൊണ്ടുപോയി. പ്രതിശ്രുത വരന്‍ ജെന്‍സന്റെ സ്‌നേഹത്തണലില്‍ പതിയെ ജീവിതത്തിലേക്ക് പിച്ചവച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ പ്രിയതമനെയും നഷ്ടമാകുന്നത്. ഒന്നിനുപിറകെ ഒന്നായി ദുരന്തങ്ങള്‍ വിടാതെ പിന്തുടരുന്ന ശ്രുതിയെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ വിഷമിക്കുകയാണ് മലയാളികള്‍. കേരളം മുഴുവന്‍ ശ്രുതിക്കൊപ്പമുണ്ട്. നിരവധി പേരാണ് ശ്രുതിയുടെ വേദനക്കൊപ്പം നിന്ന് ആശ്വാസം ചൊരിയുന്നത്.
”ജെന്‍സന്റെ വിയോഗം വലിയ ദുഃഖം ഉണ്ടാക്കുന്നു.. ശ്രുതിയുടെ വേദന…ചിന്തിക്കാവുന്നതിനും അപ്പുറമാണ്. സഹനത്തിന് അപാരമായൊരു ശക്തി ലഭിക്കട്ടെ ശ്രുതിക്കും ജെന്‍സന്റെ പ്രിയപ്പെട്ടവര്‍ക്കും..” മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. ”കാലത്തിന്റെ അവസാനം വരെ പ്രിയപ്പെട്ട സഹോദരനെ ഓര്‍ക്കും” ജെന്‍സന്റെ ചിത്രം പങ്കുവച്ചുകൊണ്ട് നടന്‍ ഫഹദ് ഫാസില്‍ കുറിക്കുന്നു.
അതിനിടെ, ജിന്‍സണിന്റെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുഃഖം രേഖപ്പെടുത്തി. ഉരുള്‍പൊട്ടലില്‍ തന്റെ കുടുംബാംഗങ്ങളും വീടുമെല്ലാം നഷ്ടമായ ശ്രുതിക്ക് ഇപ്പോള്‍ മറ്റൊരു ദുരന്തത്തെ കൂടി അഭിമുഖീകരിക്കേണ്ടി വന്നുവെന്നത് ഹൃദയഭേദകമാണ് എന്നാണ് മുഖ്യമന്ത്രി കുറിച്ചത്. ശ്രുതിക്കുണ്ടായ നഷ്ടങ്ങള്‍ക്ക് എന്ത് പകരം നല്‍കിയാലും മതിയാകില്ല. ശ്രുതിയുടെ കൂടെ ഈ നാട് തന്നെയുണ്ടെന്ന ഉറപ്പാണ് ഇപ്പോള്‍ നല്‍കാനാവുകയെന്നും മുഖ്യമന്ത്രി കുറിച്ചു.