ആലപ്പുഴ: കടവന്ത്ര സ്വദേശി സുഭദ്രയുടെ കൊലപാതകം കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ്. കൊന്നയുടന്‍ തന്നെ കുഴിച്ചു മൂടിയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സുഭദ്രയെ കൊലപ്പെടുത്തിയത് ഓഗസ്റ്റ് 7ന് രാത്രിയില്‍. വൈകിട്ട് മേസ്തിരി അജയനെ വീട്ടില്‍ വിളിച്ചു വരുത്തി കുഴിയെടുപ്പിച്ചിരുന്നു. കുഴിയെടുക്കുന്ന സമയത്ത് മാത്യുവും ശര്‍മിളയും അമിതമായി മദ്യപിച്ച് ലക്ക് കെട്ടു നോക്കി നില്‍ക്കുന്നുണ്ടായിരുന്നുവെന്ന് സാക്ഷി മൊഴി.
ഓ?ഗസ്റ്റ്7 നു എടുത്തകുഴി അടുത്ത ദിവസം മൂടപ്പെട്ട നിലയിലാണ് കണ്ടതെന്ന് അജയന്‍ പോലീസിനോട് സമ്മതിച്ചു. കുഴി മൂടിയതിന്റെ മുകളിലിട്ടാണ് ശുചിമുറിയുടെ അറ്റകുറ്റപ്പണികള്‍ക്കുള്ള കോണ്‍ക്രീറ്റ് കൂട്ടിയതെന്ന് അജയന്‍ പറയുന്നു. ശുചിമുറിയുടെ അറ്റകുറ്റപ്പണികള്‍ മേസ്തിരി അജയനെ കൊണ്ട് ചെയ്യിപ്പിച്ചിരുന്നു. അജയന്റെ മൊഴി പൂര്‍ണ്ണമായി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.
മാലിന്യം ഉപേക്ഷിക്കാനാണ് കുഴിയെടുത്തതെന്നാണ് അജയന്‍ പോലീസിനുമൊഴി നല്‍കിയിരുന്നത്. ചപ്പുചവറുകള്‍ മൂടാന്‍ കുഴിയെടുക്കണം എന്നാണ് മാത്യുസും ശര്‍മ്മളയും ആവശ്യപ്പെട്ടതെന്നും ആദ്യം വെട്ടിയ കുഴിക്ക് ആഴം പോരെന്ന് പറഞ്ഞ് വീണ്ടും ആഴം കൂട്ടിയതായും മേസ്തിരി പോലീസിനു മൊഴി നല്‍കിയിരുന്നത്. തലേന്നെടുത്ത കുഴി പിറ്റേന്നു മൂടിയിട്ടും അജയന്‍ എന്തുകൊണ്ട് സംശയം തോന്നോയില്ല എന്നത് പൊലീസ് സംശയിക്കുന്നു. അജയനെ വിശദമായി ചോദ്യം ചെയ്യും. നെഞ്ചുവേദന അനുഭവപ്പെട്ട അജയന്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
കൊലപാതകം നടത്തി എന്ന സംശയിക്കുന്ന മാത്യൂസിനോട് ഓഗസ്റ്റ് 10ന് മണ്ണഞ്ചേരി പോലീസ് സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് മാത്യുസും ശര്‍മിളയും മുങ്ങിയത്. പ്രതികളെന്നു സംശയിക്കുന്ന നിതിന്‍ മാത്യുവിനും ശര്‍മിളക്കും വേണ്ടി ഉഡുപ്പിയില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.