മലപ്പുറം: വിവാഹ തീയതിയുടെ നാലുദിവസം മുന്‍പ് കാണാതായ പ്രതിശ്രുത വരന്‍ വിഷ്ണുജിത്തിനെ ഊട്ടിയില്‍നിന്ന് മലപ്പുറം പൊലീസ് സ്റ്റേഷനിലെത്തിച്ചു. കാണാതായി ആറാം ദിവസമാണ് വിഷ്ണു ജിത്തിനെ കണ്ടെത്തുന്നത്. മാധ്യമങ്ങളോട് പ്രതികരിച്ചില്ലെങ്കിലും സാമ്പത്തിക പ്രതിസന്ധി മൂലമാണ് നാടു വിട്ടതെന്ന് വിഷ്ണുജിത്ത് പൊലീസിനോട് പറഞ്ഞു. യുവാവിനൊപ്പം മലപ്പുറത്ത് നിന്നുള്ള പൊലീസ് സംഘം ഉണ്ടെന്നും തമിഴ്നാട് പൊലീസും സഹായിച്ചുവെന്ന് മലപ്പുറം എസ്പി പ്രതികരിച്ചിരുന്നു. ഫോണ്‍ ഓണായതാണ് അന്വേഷണത്തിന് തുമ്പായത്.
വിവാഹത്തിന് സുഹൃത്തില്‍ നിന്ന് കടം വാങ്ങിയ ഒരു ലക്ഷം രൂപയില്‍ അമ്പതിനായിരം രൂപ ‘കളഞ്ഞുപോയെന്നാണ്’ ഇയാള്‍ പറയുന്നത്. പതിനായിരം രൂപ വീട്ടിലേക്ക് അയച്ചുകൊടുത്തത് കഴിഞ്ഞ് ബാക്കി കയ്യിലുണ്ടായിരുന്നത് നാല്‍പതിനായിരം രൂപ മാത്രമായിരുന്നു. ഈ പണം വിവാഹത്തിന് തികയില്ലെന്ന് ഭയന്നാണ് നാടുവിട്ടതെന്നും വിഷ്ണുജിത്ത് പറഞ്ഞു. മന:പ്രയാസത്തില്‍ പല ബസുകള്‍ കയറി ഇറങ്ങി ഊട്ടിയിലെത്തി. ഊട്ടിയില്‍ നിന്ന് പരിചയമില്ലാത്ത ഒരാളുടെ ഫോണ്‍ വാങ്ങി വീട്ടിലേക്ക് വിളിച്ചുവെന്നും വിഷ്ണുജിത്ത് പറയുന്നു. ഈ വിളി പിന്തുടര്‍ന്നാണ് പൊലീസ് വിഷ്ണു ജിത്തിലേക്ക് എത്തിയത്. അതേസമയം, വിഷ്ണു ജിത്തിനെ വൈദ്യ പരിശോധനക്ക് ശേഷം മലപ്പുറത്ത് കോടതിയില്‍ ഹാജരാക്കും.
അതേസമയം, വിഷ്ണുജിത്തിനെ ഊട്ടിയില്‍ നിന്ന് കണ്ടെത്തിയതിന്റെ ആശ്വാസത്തിലാണ് കുടുംബം. ചൊവ്വാഴ്ച രാവിലെയാണ് വിഷ്ണുജിത്തിന്റെ കുടുംബത്തെ തേടി പോലീസിന്റെ ഫോണ്‍വിളിയെത്തിയത്. വിഷ്ണുജിത്തിനെ ഊട്ടിയില്‍ നിന്ന് കണ്ടെത്തിയെന്നും തങ്ങളുടെ കൂടെയുണ്ടെന്നും പോലീസ് സംഘം വിളിച്ചറിയിച്ചതോടെ ആറുദിവസത്തോളം നീണ്ട ആശങ്കയ്ക്കാണ് വിരാമമായത്.
ആവശ്യമായ പണം കണ്ടെത്താന്‍ കഴിയാത്തത് ആകാം മകനെ വീട് വിടാന്‍ പ്രേരിപ്പിച്ചതെന്ന് മലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്തിന്റെ അമ്മ ജയയുടെ പ്രതികരണം. ഉറങ്ങിയെഴുന്നേറ്റ വസ്ത്രത്തിലാണ് വിഷ്ണു വീട് വിട്ടത്. ആ സമയത്ത് മകന്റെ അവന്റെ അവസ്ഥ എന്താണെന്ന് അറിയില്ലെന്നും ജയ പറയുന്നു. താലിയും മാലയും വാങ്ങിയിരുന്നില്ല. ഇത് താന്‍ വാങ്ങിക്കൊള്ളാമെന്നായിരുന്നു വിഷ്ണുജിത്ത് പറഞ്ഞിരുന്നത്. പണത്തിന്റെ ബുദ്ധിമുട്ടിനേക്കുറിച്ച് മകന്‍ പറഞ്ഞിരുന്നില്ല. പാലക്കാട് ഒരു ഐസ്‌ക്രീം കമ്പനിയിലായിരുന്നു വിഷ്ണു ജോലി ചെയ്തിരുന്നത്. പാലക്കാടേയ്ക്ക് പോയത് പണം സംഘടിപ്പിക്കാനായിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്നും വിഷ്ണുജിത്തിന്റെ അമ്മ പ്രതികരിച്ചത്.
വിഷ്ണുജിത്തിനെ ഊട്ടിയില്‍നിന്ന് കിട്ടിയെന്നും അവരുടെ കൂടെയുണ്ടെന്നും രാവിലെയാണ് പോലീസ് വിളിച്ചുപറഞ്ഞത്. ഇന്നലെ ഫോണ്‍ ഓണായിരുന്നു. വിളിച്ചപ്പോള്‍ റിങ് ചെയ്തു, ഫോണ്‍ എടുത്തെങ്കിലും ഒന്നും സംസാരിച്ചില്ല. അപ്പോള്‍ തന്നെ ഈ വിവരം പോലീസിനെ അറിയിച്ചു. അങ്ങനെ പോലീസ് സംഘം ഫോണ്‍ ലൊക്കേറ്റ് ചെയ്ത് കണ്ടുപിടിക്കുകയായിരുന്നു. ഇന്ന് രാവിലെ കണ്ടെത്തിയെന്ന് അറിയിച്ചു. ഉച്ചയോടെ എസ്.പി. സാറും വിളിച്ചു. കൂടുതല്‍വിവരങ്ങളൊന്നും പറഞ്ഞില്ല. അവര്‍ തിരികെവന്നുകൊണ്ടിരിക്കുകയാണ്. കല്യാണമാകുമ്പോള്‍ അതിന്റേതായ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. അല്ലാതെ മറ്റുസാമ്പത്തികബുദ്ധിമുട്ടുകള്‍ ഉള്ളതായി നമ്മളോട് പറഞ്ഞിട്ടില്ലെന്നും സഹോദരി ജെസ്ന പറയുന്നു.
തമിഴ്നാട് പോലീസിന്റെ സഹായത്തോടെ മലപ്പുറം പോലീസിന്റെ പ്രത്യേകസംഘമാണ് യുവാവിനെ കണ്ടെത്തിയത്. കഴിഞ്ഞ അഞ്ചുദിവസമായി പോലീസ് ഊര്‍ജിതമായ അന്വേഷണത്തിലായിരുന്നു. ഇന്നലെ കൂനൂര്‍ഭാഗത്ത് ടവര്‍ ലൊക്കേഷന്‍ കണ്ടെത്തിയതോടെ ഈ വിവരം തമിഴ്നാട് പോലീസിന് കൈമാറി. അവര്‍ നല്ലരീതിയില്‍ സഹായിച്ചു. കണ്ടെത്തിയപ്പോള്‍ വിഷ്ണുജിത്ത് ഒറ്റയ്ക്കായിരുന്നു. ബാക്കിവിവരങ്ങള്‍ സാവകാശം ചോദിച്ചറിഞ്ഞ് പിന്നീട് അറിയിക്കാമെന്നും മലപ്പുറം എസ്.പി. എസ്. ശശിധരന്‍ വ്യക്തമാക്കി. യുവാവിനൊപ്പം മലപ്പുറത്ത് നിന്നുള്ള പൊലീസ് സംഘം ഉണ്ടെന്നും തമിഴ്നാട് പൊലീസും നല്ലോണം സഹായിച്ചുവെന്നുമാണ് മലപ്പുറം എസ്പി പ്രതികരിച്ചത്.
കഴിഞ്ഞ നാലാം തീയതിയാണ് മലപ്പുറം പള്ളിപ്പുറം സ്വദേശിയായ വിഷ്ണുജിത്തിനെ കാണാതാകുന്നത്. പാലക്കാട് കഞ്ചിക്കോട് ഐസ്‌ക്രീം കമ്പനിയില്‍ ജീവനക്കാരനായിരുന്നു വിഷ്ണുജിത്ത്. ഇക്കഴിഞ്ഞ ഞായറാഴ്ച വിവാഹം നടക്കേണ്ടതായിരുന്നു. മഞ്ചേരി സ്വദേശിനിയുമായായിരുന്നു വിഷ്ണുജിത്തിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിവാഹത്തിന് മൂന്ന് ദിവസം മുന്‍പ് പണത്തിന്റെ ആവശ്യത്തിനായി പാലക്കാടേക്ക് പോയ യുവാവ് പിന്നീട് തിരികെ വന്നില്ല. സാമ്പത്തിക ഇടപാടിന്റെ പേരില്‍ വിഷ്ണുവിനെ ആരെങ്കിലും പിടിച്ചു വെക്കുകയോ അപായപ്പെടുത്തുകയോ ചെയ്‌തെന്ന ആശങ്കയിലായിരുന്നു കുടുംബമുണ്ടായിരുന്നത്.
എട്ടാം തീയതി മഞ്ചേരി സ്വദേശിനിയുമായി വിവാഹം നടക്കാനിരിക്കെ വിവാഹാവശ്യത്തിനുള്ള പണം സംഘടിപ്പിക്കാനായി പാലക്കാട് പോയെന്നാണ് പിന്നീട് ഫോണില്‍വിളിച്ച് പറഞ്ഞത്. നാലാംതീയതി രാത്രി സഹോദരിയെ ഫോണില്‍ വിളിച്ച് അക്കൗണ്ടിലേക്ക് പതിനായിരം രൂപയും അയച്ചുനല്‍കി. എന്നാല്‍, പിന്നീട് വിഷ്ണുജിത്തിനെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. പാലക്കാട്ടെ സുഹൃത്തിനോട് അന്വേഷിച്ചപ്പോള്‍ ഇവിടെവന്നെന്നും ഒരുലക്ഷം രൂപ വിഷ്ണുജിത്തിന് നല്‍കിയെന്നും തുടര്‍ന്ന് തിരികെ ബസ് സ്റ്റാന്‍ഡിലേക്ക് പോയെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ മറുപടി.
ദിവസങ്ങളോളം ഫോണ്‍സ്വിച്ച് ഓഫ് ആയതിനാല്‍ ആനിലയ്ക്കുള്ള തിരച്ചിലും ആദ്യദിവസങ്ങളില്‍ വെല്ലുവിളിയായി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പാലക്കാട് കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍നിന്ന് വിഷ്ണുജിത്തിന്റെ സിസിടിവി ദൃശ്യം ലഭിച്ചു. കോയമ്പത്തൂരിലേക്കുള്ള ബസ്സില്‍ കയറിപ്പോകുന്നതിന്റെ ദൃശ്യങ്ങളാണ് കിട്ടിയത്. ഇതോടെ കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ തിരച്ചില്‍. ഇതിനിടെയാണ് കഴിഞ്ഞദിവസം സഹോദരി വിളിച്ചപ്പോള്‍ വിഷ്ണുജിത്തിന്റെ മൊബൈല്‍ഫോണ്‍ റിങ് ചെയ്തത്.
കോളെടുത്തെങ്കിലും ഒന്നും പ്രതികരിച്ചില്ല. ഉടന്‍തന്നെ കുടുംബം ഈവിവരം പോലീസിന് കൈമാറി. സൈബര്‍സെല്ലിന്റെ സഹായത്തോടെ വിഷ്ണുജിത്തിന്റെ അവസാന ലൊക്കേഷന്‍ ഊട്ടിക്ക് സമീപം കൂനൂരിലാണെന്ന് ഇതോടെ വ്യക്തമായി. തുടര്‍ന്ന് ഊട്ടി പോലീസിന് വിവരം കൈമാറുകയും മലപ്പുറം ഡിവൈ.എസ്.പി. പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം ഊട്ടിയിലും കൂനൂരിലും എത്തി തിരച്ചില്‍ നടത്തുകയുമായിരുന്നു.