KeralaNEWS

കേരളത്തില്‍ ആത്മഹത്യ നിരക്ക് വര്‍ധിക്കുന്നു; കൂടുതലും വിവാഹിതരായ പുരുഷന്‍മാര്‍

കോഴിക്കോട്: കേരളത്തില്‍ പുരുഷന്‍മാരില്‍ ആത്മഹത്യാ പ്രവണത കൂടുതലെന്ന് കണക്കുകള്‍. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ സ്ത്രീ-പുരുഷ ആത്മഹത്യാ അനുപാതം 20: 80 ആണ്. മുന്‍ വര്‍ഷങ്ങളെക്കാള്‍ ആത്മഹത്യകള്‍ വര്‍ധിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

2022ല്‍ 8490 ല്‍ നിന്ന് 2023 ആയപ്പോഴേയ്ക്കും 10,972 ആയി ഉയര്‍ന്നു. ഇതില്‍ 8811ഉം പുരുഷന്‍മാരാണ്. കൂടുതല്‍ ആത്മഹത്യകളും കുടുംബപ്രശ്നത്തിന്റെ പേരിലാണ്. 56 ശതമാനം പേരും 45 വയസിന് മുകളിലുള്ളവരാണ്. അവരില്‍ 76.6ശതമാനം പേരും വിവാഹിതരായിരുന്നു. വിവാഹിതരായ പുരുഷന്‍മാരാണ് ആത്മഹത്യ ചെയ്തവരില്‍ കൂടുതലും.

Signature-ad

ആത്മഹത്യയുടെ കാര്യത്തില്‍ കേരളം അപകടകരമായ സാഹചര്യത്തെ അഭിമുഖീകരിക്കുകയാണെന്ന് സീനിയര്‍ കണ്‍ട്ടള്‍ട്ടന്റ് സൈക്കോളജിസ്റ്റ് ഡോ പി എന്‍ സുരേഷ് കുമാര്‍ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സിനോട് പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങളില്‍ അവിവാഹിതരില്‍ ആത്മഹത്യ കൂടുതലായി കാണുന്ന പ്രവണതയാണുള്ളത്. ഇവിടെ തിരിച്ചാണ്. ഇവിടെ വിവാഹം തന്നെ അപകടകരമായ അവസ്ഥയിലേയ്ക്ക് എത്തിക്കുകയാണ.് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം, 2022-ല്‍ ദേശീയ ആത്മഹത്യാ നിരക്ക് 100,000 പേര്‍ക്ക് 13 എന്ന കണക്കിലാണെങ്കില്‍ കേരളത്തില്‍ 28.81 ആയിരുന്നുവെന്നും അടിയന്തര പ്രതിരോധ നടപടികള്‍ സ്വീകരിക്കാനുള്ള മുന്നറിയിപ്പാണിതെന്നും അദ്ദേഹം പറഞ്ഞു. 45 വയസിന് മുകളിലുള്ള പുരുഷന്‍മാരുടെ മാനസികവും ശാരീരികവുമായ ആരോഗ്യം ക്ഷയിക്കുന്നതായും ഡോ. സുരേഷ് പറയുന്നു.

പുരുഷന്‍മാര്‍ക്കിടയില്‍ ആത്മഹത്യകള്‍ പെരുകുന്നതിന് പിന്നില്‍ കുടുംബ ഭാരവും സാമ്പത്തിക ഭാരവുമാണ് -കോഴിക്കോട് തണല്‍ ആത്മഹത്യ നിവാരണ കേന്ദ്രത്തിന്റെ അഡ്മിനിസ്ട്രേറ്റര്‍ രാജഗോപാലന്‍ പി പറഞ്ഞു. കുടുംബ കലഹവും സാംസ്‌കാരിക ഘടകവും മറ്റൊരു കാരണമാണെന്നും അദ്ദേഹം പറഞ്ഞു. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇതും ആത്മഹത്യാ പ്രവണതയ്ക്ക് കാരണമാകുന്നു.

സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തത് തിരുവനന്തപുരത്താണ്. 1,611 കേസുകളാണ് തിരുവനന്തപുരത്ത് റിപ്പോര്‍ട്ട് ചെയ്തത്. വയനാട്ടിലാണ് ഏറ്റവും കുറവ് കേസുകള്‍, 354. എന്നാല്‍ ആത്മഹത്യാ നിരക്ക് പരിശോധിക്കുമ്പോള്‍ വയനാട് നാലാം സ്ഥാനത്താണ്. ഏറ്റവും കുറഞ്ഞ നിരക്ക് മലപ്പുറത്തും( 10.78 ശതമാനം)

ആത്മഹത്യ ചെയ്തവരില്‍ 37.2ശതമാനം പ്രതിദിന വേതന തൊഴിലാളികളും 19.9 ശതമാനം തൊഴില്‍ രഹിതരുമാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: