MovieNEWS

24 വര്‍ഷം മുന്‍പ് വന്‍ ഫ്‌ളോപ്, രണ്ടാം വരവ് കോടികള്‍ വാരി; വിജയകരമായ 50 ദിനങ്ങള്‍ പിന്നിട്ട് ദേവദൂതന്‍

സിനിമാ മേഖലയില്‍ ഇപ്പോള്‍ റി- റിലീസുകളുടെ കാലമാണ്. ഒരു കാലത്ത് വന്‍ ഹിറ്റായ സിനിമകളും പരാജയം നേരിട്ട സിനിമകളും ഇക്കൂട്ടത്തില്‍ ഉണ്ടാകും. അത്തരത്തില്‍ റിലീസ് ചെയ്തപ്പോള്‍ പരാജയം നേരിട്ടൊരു സിനിമ മലയാളത്തില്‍ അടുത്തിടെ വീണ്ടും റിലീസ് ചെയ്തിരുന്നു. സിബി മലയിലിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ ദേവദൂതന്‍ ആയിരുന്നു ആ ചിത്രം.

ഒരു കാലത്ത് ഫ്‌ലോപ്പായ ചിത്രത്തിന് പക്ഷേ രണ്ടാം വരവില്‍ വന്‍ വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. നിര്‍മാതാക്കളും മറ്റ് അണിയറ പ്രവര്‍ത്തകരും അതിശയിച്ച് പോകുന്ന പ്രേക്ഷക സ്വീകാര്യതകള്‍ക്ക് ഒപ്പം ബോക്‌സ് ഓഫീസിലും ദേവദൂതന്‍ മിന്നിക്കയറുക ആയിരുന്നു. ഇപ്പോഴിതാ വിജയകരമായ 50 റി റിലീസ് ദിനങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് ദേവദൂതന്‍. സിബിമലയിലും വിനീതും രഘുനാഥ് പലേരി ഉള്‍പ്പടെയുള്ളവര്‍ കേക്ക് മുറിച്ച് വിജയം ആഘോഷമാക്കി. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്.

Signature-ad

സൗത്ത് ഇന്ത്യന്‍ ബോക്‌സ് ഓഫീസിന്റെ റിപ്പോര്‍ട്ട് പ്രകാരം 5.4 കോടിയാണ് ദേവദൂതന്‍ നേടിയത്. റി റിലീസ് ചെയ്യപ്പെട്ട മലയാള സിനിമകളുടെ പട്ടികയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം എന്ന ഖ്യാതിയും ദേവദൂതന് സ്വന്തമാണ്. സ്ഫടികം (4.95 കോടി), മണിച്ചിത്രത്താഴ് (4.4 കോടി) എന്നിങ്ങനെയാണ് മറ്റ് റി റിലീസ് സിനിമകളുടെ കളക്ഷന്‍. ജൂലൈ 26ന് ആയിരുന്നു ദേവദൂതന്‍ വീണ്ടും തിയറ്ററില്‍ എത്തിയത്. ആദ്യദിനം 56 തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം പിന്നീട് 143 തിയറ്ററുകളിലേക്ക് എത്തിയിരുന്നു. 2000ല്‍ ആയിരുന്നു ദേവദൂതന്‍ ആദ്യം തിയറ്ററുകളില്‍ എത്തിയത്.

അതേസമയം. മമ്മൂട്ടിയുടെ സിനിമകളും റി റിലീസിന് ഒരുങ്ങുകയാണ്. വല്യേട്ടന്‍. പാലേരിമാണിക്യം, ഒരു വടക്കന്‍ വീരഗാഥ എന്നിവയാണ് ആ സിനിമകള്‍. മോഹന്‍ലാലിന്റെ തേന്മാവിന്‍ കൊമ്പത്ത് എന്ന സിനിമയും റി റിലീസ് ചെയ്യുന്നുവെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: