CrimeNEWS

മയക്കുമരുന്ന് കലക്കിയ വെള്ളം നല്‍കി, ലൈംഗികപീഡനം; നിവിന്‍പോളിക്കെതിരായ പരാതിയില്‍ ഉറച്ചുനിന്ന് യുവതി

ഇടുക്കി: യുവനടന്‍ നിവിന്‍ പോളിക്കെതിരായ പീഡന പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പരാതിക്കാരിയായ യുവതി. മൂന്ന് ദിവസം ദുബായില്‍ മുറിക്കുള്ളില്‍ പൂട്ടിയിട്ട് ശാരീരികമായും മാനസികമായും ക്രൂരമായി പീഡിപ്പിച്ചെന്നും യുവതി പറഞ്ഞു. കുടുംബത്തെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. ലഹരി ഉപയോഗിച്ച ശേഷമാണ് നിവിന്‍ പോളി മര്‍ദിച്ചതെന്നും യുവതി വ്യക്തമാക്കി.

2023 നവംബര്‍-ഡിസംബര്‍ മാസത്തില്‍ ദുബായില്‍വെച്ചാണ് സംഭവം നടന്നത്. അവിടെവെച്ച് പരിചയക്കാരിയായ സ്ത്രീ എ.കെ. സുനില്‍ എന്ന നിര്‍മാതാവിനെ പരിചയപ്പെടുത്തിത്തന്നു. അഭിമുഖത്തിനിടെ നിര്‍മാതാവ് ശാരീരികമായി ഉപദ്രവിച്ചു. തുടര്‍ന്ന് നിര്‍മാതാവിന്റെ ഗുണ്ടകളെപ്പോലെ നിവിന്‍ പോളി, ബിനു, ബഷീര്‍, കുട്ടന്‍ എന്നിവര്‍ ഇടപെട്ടു. ഇവര്‍ മൂന്നുദിവസത്തോളം അവിടെ പൂട്ടിയിട്ട് മാനസികവും ശാരീരികവുമായി പീഡിപ്പിച്ചു. ലൈംഗികമായും പീഡിപ്പിച്ചു. മയക്കുമരുന്ന് കലക്കിയ വെള്ളമാണ് ഈ മൂന്ന് ദിവസവും തന്നതെന്നും യുവതി പറഞ്ഞു.

Signature-ad

വിഷയത്തില്‍ ജൂണില്‍ പരാതി നല്‍കിയിരുന്നു. ലോക്കല്‍ പോലീസ് സ്റ്റേഷനില്‍നിന്ന് നല്ലതായ സമീപനം ഉണ്ടായില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് വീണ്ടും പരാതി നല്‍കിയത്. കുറ്റം തെളിയിക്കാന്‍ പോലീസ് നടത്തുന്ന എന്ത് തെളിവെടുപ്പിനും തയ്യാറാണ്. നീതി കിട്ടണം. തന്റെയും ഭര്‍ത്താവിന്റെയും ചിത്രം ചേര്‍ത്ത് ഹണി ട്രാപ്പ് ദമ്പതികള്‍ എന്ന തരത്തില്‍ വാര്‍ത്ത പ്രചരിപ്പിച്ചു. തങ്ങള്‍ അങ്ങനെയുള്ളവരല്ലെന്നും യുവതി വ്യക്തമാക്കി.

ദുബായില്‍ നഴ്സായി ജോലിചെയ്യുന്ന പരാതിക്കാരിയെ ശ്രേയ എന്ന യുവതിയാണ് സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി കുറ്റാരോപിതരുടെ സമീപത്തെത്തിക്കുന്നത്. തുടര്‍ന്ന് രണ്ടിടത്തുവെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. എ.കെ. സുനില്‍ എന്ന നിര്‍മാതാവിന് കേരളത്തിലെ ഉന്നതരുമായി ബന്ധമുണ്ടെന്നും സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ യുവതിയെയും ഭര്‍ത്താവിനെയും മോശക്കാരാക്കി ചിത്രീകരിച്ചെന്നും പരാതിക്കാരി പറഞ്ഞു.

യുവതിയുടെ നാട്ടിലെ വീട്ടിലെ ബെഡ്റൂമില്‍ ക്യാമറ സ്ഥാപിക്കുകയും വൈഫൈ ഉപയോഗിച്ച് യുവതിയുടെ ഭര്‍ത്താവിന്റെ ഫോണ്‍ ഹാക്ക് ചെയ്യുകയും ചെയ്യുന്ന വിധത്തില്‍ ഈ സംഘം ക്രൂരത കാണിച്ചെന്നും ആരോപിക്കുന്നു. നിവിന്‍ പോളിയുടെ ആരാധകരെ ഉപയോഗിച്ച് വീട് ആക്രമിക്കുമെന്നും കുടുംബത്തെ അപായപ്പെടുത്താന്‍ ശ്രമിക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: