KeralaNEWS

”എം.ആര്‍. അജിത് കുമാര്‍ ആളുകളെ കൊല്ലിച്ചിട്ടുണ്ട്; പി.ശശി പരാജയം, മുഖ്യമന്ത്രിയെ കൊലച്ചതിക്ക് വിട്ടുകൊടുക്കില്ല”

മലപ്പുറം: പല പൊലീസ് ഉദ്യോഗസ്ഥരുടെയും ഫോള്‍കോള്‍ താന്‍ ചോര്‍ത്തിയിട്ടുണ്ടെന്ന് പി.വി. അന്‍വര്‍ എംഎല്‍എ. എഡിജിപി എം.ആര്‍. അജിത്കുമാറിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചും മുഖ്യമന്ത്രിയുടെ ഇടപെടലുകളെക്കുറിച്ചു പറഞ്ഞും പത്തനംതിട്ട എസ്പി സുജിത് ദാസ് നടത്തിയ ഫോണ്‍ കോള്‍ റെക്കോര്‍ഡ് ചെയ്തത് പുറത്തുവിട്ടതിനു പിന്നാലെയാണ് കൂടുതല്‍ കാര്യങ്ങള്‍ വിശദമാക്കാനായി പി.വി. അന്‍വര്‍ ഇന്ന് മാധ്യമങ്ങളെ കണ്ടത്. ”ഇനിയും ഒരുപാട് ഫോണ്‍ കോളുകള്‍ ടെലികാസ്റ്റ് ചെയ്യാനുണ്ട്. പലതും പുറത്തുവിട്ടിട്ടില്ല. ഗതികേട് കൊണ്ടാണ് ശബ്ദരേഖ പുറത്തുവിട്ടത്. കേരളത്തിലെ ജനങ്ങള്‍ക്ക് എല്ലാം മനസിലാകും. ആഭ്യന്തര സുരക്ഷിതത്വം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ വിശ്വസിച്ച് ഏല്‍പ്പിച്ചിരിക്കുന്ന ഉദ്യോഗസ്ഥരുടെ തനിനിറം പുറത്തുകാണിക്കാന്‍ ഇതല്ലാതെ ഒരു മാര്‍ഗവും തന്റെ മുന്നില്‍ ഇല്ലായിരുന്നു. കേരള ജനതയോട് ക്ഷമ ചോദിക്കുന്നു” അന്‍വര്‍ പറഞ്ഞു. മന്ത്രിമാരുടെ ഫോണ്‍കോള്‍ എഡിജിപി ചോര്‍ത്തുന്നുവെന്ന ഗുരുതരമായ ആരോപണവും അദ്ദേഹം ഉന്നയിച്ചു.

അന്‍വറിന്റെ ആരോപണങ്ങളിങ്ങനെ:

Signature-ad

”ചില പൊലീസുകാരുടേതു രാജ്യവിരുദ്ധ പ്രവര്‍ത്തനമാണ്. നവകേരള സദസിനിടെ എസ്പി ശശിധരന്‍ പതിനൊന്ന് കേസുകള്‍ പാര്‍ട്ടിക്കാര്‍ക്കെതിരെ ചുമത്തി. പാവപ്പെട്ട ഡിവൈഎഫ്‌ഐക്കാരെ ജയിലിലിട്ടു. മുഖ്യമന്ത്രി പറയുന്ന കാര്യങ്ങള്‍ ന്യായമായും ഉള്‍ക്കൊള്ളാതെ ഈ പാര്‍ട്ടിയെയും സര്‍ക്കാരിനെയും ഇല്ലാതാക്കാന്‍ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്ന ഒരു ഗ്രൂപ്പാണ് എഡിജിപി എം.ആര്‍. അജിത്കുമാറിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്.

പ്രതിപക്ഷ നേതാവിനെതിരെ ഞാന്‍ നിയമസഭയില്‍ ഉന്നയിച്ച ആരോപണത്തില്‍ കഴമ്പില്ലെന്നു പറഞ്ഞാണ് പൊലീസ് വിഷയം തള്ളിയത്. എന്നെ കേരളീയ പൊതുസമൂഹത്തില്‍ വിശ്വാസംഇല്ലാത്തവനാക്കി. ക്രിമിനലിസത്തിന്റെ അങ്ങേയറ്റമാണ് എം.ആര്‍. അജിത്കുമാര്‍. അജിത് കുമാറിന്റെ റോള്‍മോഡല്‍ ദാവൂദ് ഇബ്രാഹിം ആണോയെന്നു സംശയിച്ചുപോകും. അദ്ദേഹം ചെയ്തുകൂട്ടിയ കാര്യങ്ങള്‍ ദാവൂദ് ഇബ്രാഹിമിനെ പോലുള്ളവരുടെ ജീവചരിത്രം പഠിച്ചവനെ സാധിക്കുകയുള്ളൂവെന്നും അന്‍വര്‍ പറഞ്ഞു. അജിത്കുമാറിന്റെ ഭാര്യ മറ്റൊരാളുമായി സംസാരിക്കുന്ന ഫോണ്‍ കോള്‍ താന്‍ ചോര്‍ത്തി. ഫോണിന്റെ ഒരറ്റത്ത് കള്ളക്കടത്ത് സംഘവുമായി ബന്ധമുള്ളവരാണ്. അവര്‍ അവരുടെ സഹോദരനോടാണു സംസാരിക്കുന്നത്. പക്ഷേ, ഫോണിന്റെ അങ്ങേയറ്റത്ത് കള്ളക്കടത്തുകാരാണ്. ആ സ്ത്രീയെ ഇപ്പോള്‍ ഇതിലേക്കു വലിച്ചിഴയ്ക്കുന്നില്ല.

എല്ലാ മന്ത്രിമാരുടെയും ഫോണ്‍കോളുകള്‍ ചോര്‍ത്താന്‍ സൈബര്‍ സെല്ലില്‍ പ്രത്യേക സംഘമുണ്ട്. മാധ്യമപ്രവര്‍ത്തകരുടെയും ഫോണ്‍കോളുകള്‍ ചോര്‍ത്തുന്നുണ്ട്. കോഴിക്കോട്ടെ കച്ചവടക്കാരനായ മാമിയെ കാണാതായിട്ട് ഒരു വര്‍ഷമായി. കൊണ്ടുപോയി കൊന്നെന്നാണു കരുതുന്നത്. കേസ് എങ്ങുമെത്തിയിട്ടില്ല. അത് എവിടെയും എത്തില്ല. സുജിത്ത് ദാസ് ഐപിഎസില്‍ വരും മുന്‍പ് കസ്റ്റംസില്‍ ആയിരുന്നു. കസ്റ്റംസിലെ ഉദ്യോഗസ്ഥരുമായി അതിഭയങ്കരമായ ബന്ധമുണ്ട്. ആ ബന്ധങ്ങളാണു കോഴിക്കോട് വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് വഴിയിലൊക്കെ വച്ച് പിടിക്കാന്‍ കാരണം. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്‌കാനിങ്ങില്‍ സ്വര്‍ണം കാണുന്നുണ്ടെങ്കിലും അവനെ കടത്തിവിടും. പക്ഷേ, പുറത്തുനില്‍ക്കുന്ന പൊലീസുകാരെ വിവരം അറിയിക്കും. കസ്റ്റംസ് ഇവരെ പിടിച്ചാല്‍ സിസിടിവി ഉള്ളതിനാല്‍ ഒരു ബിസ്‌കറ്റ് പോലും മാറ്റാനാകില്ല. എന്നാല്‍ പുറത്ത് അങ്ങനെയല്ല. 25 ബിസ്‌ക്കറ്റുണ്ടെങ്കില്‍ 10 ബിസ്‌കറ്റ് സംഘം എടുക്കും. ബാക്കി കസ്റ്റംസിന് കൊടുക്കും.

എം.ആര്‍. അജിത്കുമാര്‍ ജയിലിലേക്കാണു പോകുന്നത്. സുജിത് ദാസിന്റെ വഴി സെന്‍ട്രല്‍ ജയിലാണ്. പഴിയെല്ലാം മുഖ്യമന്ത്രിക്കാണ്. മുഖ്യമന്ത്രിക്ക് 29 വകുപ്പുകളുണ്ട്. പള്ളിയുടെയും അമ്പലത്തിന്റെയും അകത്ത് കിണറുണ്ടെങ്കില്‍ ആ കിണറില്‍ നമ്മള്‍ വീഴില്ലേ. പള്ളിക്കും അമ്പലത്തിനും അകത്ത് ഇവിടെ വിശ്വസ്തര്‍ കിണര്‍ കുഴിക്കുകയാണ്. പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി ഇക്കാര്യത്തില്‍ പരാജയപ്പെട്ടു. കള്ളന് കഞ്ഞിവയ്ക്കുന്നവനാണ് മലപ്പുറം എസ്പി. പൊളിറ്റിക്കല്‍ സെക്രട്ടറി അദ്ദേഹത്തിന്റെ ഉത്തരവാദിത്തം നിര്‍വഹിച്ചിട്ടില്ല. മലപ്പുറത്തെ പല രാഷ്ട്രീയ വിഷയങ്ങളിലും ശശിയെ പോയി കണ്ട് കത്ത് കൊടുത്തിട്ടുണ്ട്. ഒന്നിനും പരിഹാരമായിട്ടില്ല. മുഖ്യമന്ത്രി പിതാവിന്റെ സ്ഥാനത്താണ്. അദ്ദേഹത്തിനു പാരവയ്ക്കാനാണ് ശ്രമം. മകന്‍ എന്ന നിലയില്‍ അതിനെ തടുക്കാനാണു ശ്രമിക്കുന്നത്. കൊള്ളക്കാരോടാണ് എന്റെ ജീവന്‍ പണയം വച്ച് ഏറ്റുമുട്ടുന്നത്.

എം.ആര്‍ അജിത് കുമാര്‍ ആളുകളെ കൊല്ലിച്ചിട്ടുണ്ട്. അതിനെപ്പറ്റിയൊക്കെ പിന്നെ പറയാം. പി.ശശി ഇതൊക്കെ അറിയാതെ പോകുമെന്നു തോന്നുന്നില്ല. ഇന്ദിരാ ഗാന്ധി മരിച്ചത് അംഗരക്ഷകരുടെ വെടിയേറ്റാണ്. അങ്ങനെ മുഖ്യമന്ത്രിയെയും കൊലച്ചതിക്ക് വിട്ടുകൊടുക്കണോ ഞാന്‍? ഞാന്‍ വിട്ടുകൊടുക്കില്ല. ഒന്നെങ്കില്‍ ഞാന്‍ ഇല്ലാതാകും. ഈ കാര്യങ്ങള്‍ ഒക്കെ എടുക്കാന്‍ നല്ലതുപോലെ പണം ചെലവാക്കിയിട്ടുണ്ട്. ചിലരെയൊക്കെ വിലകൊടുത്തു വാങ്ങേണ്ടി വന്നിട്ടുണ്ട്. ജീവനുണ്ടെങ്കില്‍ വിഷയവുമായി മുന്നോട്ടുപോകും. ഡാന്‍സാഫ് ഉദ്യോഗസ്ഥര്‍ പക്കാ ക്രിമിനലുകളാണ്. സുജിത്ത് ദാസ് ലീവില്‍ പോയത് തെളിവു നശിപ്പിക്കാന്‍ വേണ്ടിയുള്ള ഓട്ടമാണ്. പി.ശശിയെപ്പറ്റി പാര്‍ട്ടി ആലോചിക്കട്ടെ. സുജിത്ത് ദാസിന്റെ കോക്കസിന്റെ ഭാഗമാണോ ശശിയെന്നു പാര്‍ട്ടി അന്വേഷിക്കട്ടെ. പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗമാണ് പൊളിറ്റിക്കല്‍ സെക്രട്ടറി. പി.ശശിയുടെ അറിവോടെയാണോ അജിത്കുമാര്‍ പ്രവര്‍ത്തിക്കുന്നതെന്നു തനിക്കറിയില്ല.

ശശിയെ വച്ചുകൊണ്ടിരിക്കുന്നതു ശരിയാണോ തെറ്റാണോ എന്ന് പറയാന്‍ പാര്‍ട്ടി ഇപ്പോഴല്ലേ ഇതൊക്കെ അറിയുന്നത്. എന്താണ് കേരളത്തില്‍ നടക്കുന്നതെന്ന് പഠിച്ച് ശശി പാര്‍ട്ടിയെയും മുഖ്യമന്ത്രിയെയും അറിയിക്കണം. അതാണ് അദ്ദേഹത്തിന്റെ ജോലി. വെടി കൊണ്ടു മരിക്കാന്‍ ശേഷിയുള്ള എത്ര എംഎല്‍എമാര്‍ ഉണ്ടെന്ന് എനിക്കറിയില്ല. മരണത്തെ ഭയമില്ല. ആയുസ്സ് ദൈവം നിശ്ചയിച്ചിട്ടുണ്ട്. ഞാന്‍ പാര്‍ട്ടിയുടെ ഭാഗമാണ്. ഞാന്‍ പാര്‍ട്ടി പ്രവര്‍ത്തകനാണ്. അച്ഛന്റെ മകനാണോ എന്നു വീട്ടില്‍ വന്ന് ചോദിക്കേണ്ട. ഞാന്‍ അച്ഛന്റെ മകനാണ്. ഇനിയൊരു സര്‍ക്കാര്‍ വന്നാല്‍ ഇതൊന്നും കണ്ടുപിടിക്കാന്‍ പറ്റില്ല. അത്ര വലിയ മാഫിയയാണ് പ്രവര്‍ത്തിക്കുന്നത്. രാവിലെ എട്ടു മണിക്ക് വീടിന്റെ പരിസരത്ത് ഒരു ഐപിഎസ് ഓഫിസറെ കണ്ടിട്ടാണു വരുന്നത്. ആകാശം ഇടിഞ്ഞുവീണാലും ഇതു നിര്‍ത്തില്ല. ശശിധരന്‍ മണ്ണും കല്ലും പിടിച്ച് ഓടട്ടെ. എം.ആര്‍.അജിത് കുമാര്‍ കൊല്ലേണ്ടി വന്നാല്‍ കൊല്ലുമെന്ന് സുജിത് ദാസ് ഒരു ഫോണ്‍ റെക്കോര്‍ഡില്‍ പറയുന്നുണ്ട്.

ഈ ക്രമക്കേടുകളെല്ലാം പുറത്തുകൊണ്ടുവരണമെന്ന് വലിയൊരു വിഭാഗം ഉദ്യോഗസ്ഥര്‍ ആഗ്രഹിക്കുന്നുണ്ട്. എല്ലാം കഴിഞ്ഞിട്ട് വിശദമായ കുറിപ്പ് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അദ്ദേഹത്തിന്റെ മോണിറ്ററിങ്ങില്‍ അന്വേഷണം നടത്തണമെന്ന് അപേക്ഷ നല്‍കും. മുഖ്യമന്ത്രി അങ്ങേയറ്റം സത്യസന്ധനായി ജീവിക്കുന്ന വ്യക്തിയാണ്. വിഷയം പരസ്യമാക്കിയതിനെപ്പറ്റി അദ്ദേഹം എന്നോട് ചോദിക്കില്ല.”

Back to top button
error: