ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ അടക്കം തിരിച്ചടിയായ പഴയ പെന്‍ഷന്‍ പദ്ധതി പിന്‍വലിച്ചതിലെ പ്രതിഷേധം മറികടക്കാന്‍ കേന്ദ്ര ജീവനക്കാര്‍ക്കായി ഏകീകൃത പെന്‍ഷന്‍ പദ്ധതിക്ക് (യു.പി.എസ്) കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. 2025 ഏപ്രില്‍ ഒന്നിന് നിലവില്‍ വരും. സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഇത് മാതൃകയാക്കാം.
23 ലക്ഷം കേന്ദ്ര ജീവനക്കാര്‍ക്ക് പ്രയോജനം കിട്ടുമെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. സംസ്ഥാന സര്‍ക്കാരുകളും നടപ്പാക്കിയാല്‍ 90ലക്ഷം ജീവനക്കാര്‍ക്ക് പ്രയോജനമാകും. ജീവനക്കാര്‍ക്ക് നിലവിലെ ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ ( എന്‍.പി.എസ്) തുടരാനും യു.പി.എസിനും ഓപ്ഷന്‍ നല്‍കും.
പദ്ധതി ഇങ്ങനെ:
പ്രയോജനം കുറഞ്ഞത് 25 വര്‍ഷം സര്‍വീസുള്ളവര്‍ക്ക്.
അവസാന12 മാസത്തെ അടിസ്ഥാന ശമ്പളത്തിന്റെ 50 % പെന്‍ഷന്‍.
60% കുടുംബ പെന്‍ഷന്‍
ജീവനക്കാരുടെ വിഹിതം 10% സര്‍ക്കാര്‍ വിഹിതം 18.5% (നിലവില്‍ 14%)
10 വര്‍ഷം സര്‍വീസ് ഉള്ളവര്‍ക്ക് 10,000 രൂപ മാസ പെന്‍ഷന്‍.
വിരമിക്കുമ്പോള്‍ ഗ്രാറ്റുവിറ്റിക്കു പുറമെ ലപ്സം പേമെന്റ്
എന്‍.പി.എസില്‍ ഉള്ളവര്‍ക്കും അംഗമാകാം. പദ്ധതി പിന്നീട് മാറ്റാനാകില്ല. യു.പി.എസിലേക്ക് മാറിയാല്‍ അധിക വിഹിതം പി.പി.എഫ് പലിശ നിരക്കില്‍ അടയ്ക്കാം.
പുതിയ പദ്ധതിയിലേക്ക് മാറുന്നവരുടെ കുടിശിക 800 കോടി അടക്കം വര്‍ഷം 6250 കോടിയോളം രൂപ കേന്ദ്രസര്‍ക്കാരിന് ബാദ്ധ്യത.