KeralaNEWS

സിദ്ദിഖ് രാജിവെച്ചതിന് പിന്നാലെ അടിയന്തര യോഗം വിളിച്ച് ‘അമ്മ’; ബാബുരാജിന് ജനറല്‍ സെക്രട്ടറിയുടെ ചുമതല

കൊച്ചി: ലൈംഗികപീഡനാരോപണത്തെതുടര്‍ന്ന് ജനറല്‍ സെക്രട്ടറി രാജിവെച്ചതിന് പിന്നാലെ അടിയന്തര എക്‌സിക്യൂട്ടീവ്? യോഗം വിളിച്ച് അമ്മ. ചൊവ്വാഴ്ചയാണ് അടിയന്തരയോഗം വിളിച്ചത്.

സിദ്ദിഖ് രാജിവെച്ചതിന് പിന്നാലെ ജോയിന്റ് സെക്രട്ടറി എന്നുള്ള നിലയ്ക്ക് പകരം ചുമതല നിര്‍വഹിക്കുമെന്ന് ബാബുരാജ് അറിയിച്ചു. ബാക്കി കാര്യങ്ങള്‍ എക്‌സിക്യൂട്ടീവ് ചേര്‍ന്നതിനുശേഷം തീരുമാനിക്കും. വിവാദങ്ങളില്‍ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം പ്രതികരിക്കാമെന്ന് ജഗദീഷ്.

Signature-ad

യുവനടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണം നേരിട്ടതിന് പിന്നാലെയാണ് നടന്‍ സിദ്ദിഖ് അമ്മ ജനറല്‍ സെക്രട്ടറിപദവിയില്‍ നിന്ന് രാജിവെച്ചത്. അമ്മ പ്രസിഡന്റ് മോഹന്‍ലാലിനാണ് രാജിക്കത്തയച്ചത്.

‘എനിക്ക് എതിരെ വന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങള്‍ താങ്കളുടെ ശ്രദ്ധയില്‍ പെട്ടിരിക്കുമല്ലോ. ഈ സാഹചര്യത്തില്‍ ‘അമ്മ’ യുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും ഞാന്‍ സ്വമേധയാ രാജിവെക്കുന്നതായി താങ്കളെ അറിയിച്ചു കൊള്ളട്ടെ’ എന്നായിരുന്നു അമ്മ പ്രസിഡന്റ് മോഹന്‍ലാലിന് നല്‍കിയ രാജിക്കത്തില്‍ സിദ്ദിഖ് പറഞ്ഞത്.

ആരോപണം നേരിടുന്ന സിദ്ദിഖിന്റെ രാജി ആവശ്യപ്പെട്ട് അമ്മ അംഗങ്ങള്‍ക്കും പ്രസിഡന്റ് മോഹന്‍ലാലിനും നടന്‍ അനൂപ് ചന്ദ്രന്‍ കത്തയച്ചിരുന്നു. ഗുരുതരമായ ആരോപണം നേരിടുന്ന സിദ്ദീഖിന്റെ രാജി എഴുതി വാങ്ങണമെന്നാണ് കത്തിലെ ആവശ്യം.

സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി ഇന്നലെ യുവനടി രംഗത്തെത്തിയിരുന്നു. സിദ്ദിഖില്‍ നിന്നും ലൈംഗികാതിക്രമം നേരിടേണ്ടി വന്നുവെന്നാണ് യുവനടിയുടെ വെളിപ്പെടുത്തല്‍. ‘അമ്മ’ എന്ന സംഘടനയുടെ അധികാര കേന്ദ്രത്തിലിരിക്കുന്ന സിദ്ദിഖ് ക്രിമിനലാണെന്നും ഇപ്പോള്‍ കാണുന്ന മുഖമല്ല അയാളുടേതെന്നും നടി പറഞ്ഞു.

ഒരു സിനിമയുടെ പ്രിവ്യൂ ഷോയ്ക്കിടെ സിദ്ദിഖ് ലൈംഗികമായി അപമര്യാദയായി പെരുമാറാന്‍ ശ്രമിച്ചുവെന്നും വാക്കാലും ലൈംഗികാധിക്ഷേപം നടത്തിയെന്നായിരുന്നു നടി മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തിയത്. സിദ്ദിഖ് തന്റെ സമ്മതമില്ലാതെ ശരീരത്തില്‍ സ്പര്‍ശിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതായും നടി പറഞ്ഞു.

നേരിടേണ്ടി വന്ന ദുരനുഭവം തുറന്നു പറഞ്ഞതിന് സിനിമാ മേഖലയില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തിയെന്നും സ്ഥിരം സംഭവമാണെന്ന നിലയിലായിരുന്നു എല്ലാവരുടേയും പ്രതികരണമെന്നും അവര്‍ വെളിപ്പെടുത്തി. സിനിമാ മേഖലയിലെ ഉന്നതരായ വ്യക്തികളില്‍ നിന്നും ഇത്തരത്തിലുള്ള മോശം അനുഭവമുണ്ടായതായി തന്റെ നിരവധി സുഹൃത്തുക്കള്‍ പറഞ്ഞിട്ടുണ്ടെന്നും യുവനടി കൂട്ടിച്ചേര്‍ത്തു.

നേരിടേണ്ടി വന്ന സംഭവങ്ങളെ കുറിച്ച് പരാതിപ്പെട്ടപ്പോള്‍ ഒരു സംവിധാനവും കൂടെയുണ്ടായിരുന്നില്ല. കുടുംബം മാത്രമാണ് കൂടെയുണ്ടായിരുന്നത്. 21ാം വയസില്‍ നടന്ന സംഭവമുണ്ടാക്കിയ മാനസിക പ്രശ്‌നങ്ങള്‍ ഇപ്പോഴും മാറിയിട്ടില്ല. അവര്‍ പറഞ്ഞു. സിദ്ദിഖിനെതിരെ സമാന ആരോപണങ്ങളുമായി ഇവര്‍ 2019ലും രംഗത്തു വന്നിരുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നടി അന്ന് ഇക്കാര്യം തുറന്നു പറഞ്ഞത്.

സിനിമയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വലിയ പ്രതീക്ഷയുണ്ട്. റിപ്പോര്‍ട്ടില്‍ ഇനിയെന്ത് തുടര്‍നടപടി എന്നതാണ് കാര്യം. സര്‍ക്കാര്‍ ഈ വിഷയത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും യുവനടി ആവശ്യപ്പെട്ടിരുന്നു.

 

Back to top button
error: