ഗുവാഹാട്ടി: അസമില്‍ പതിന്നാലുകാരിയെ കൂട്ടബലാത്സംഗംചെയ്ത കേസിലെ മുഖ്യപ്രതി പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെ കുളത്തില്‍ ചാടി മരിച്ചു. സംഭവസ്ഥലത്തെത്തിച്ചുള്ള തെളിവെടുപ്പിനിടെ ഇയാള്‍ കുളത്തിലേക്ക് ചാടിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
ഓഗസ്റ്റ് 23-നാണ് പ്രതിയായ തഫാസുല്‍ ഇസ്ലാമിനെ പോലീസ് പിടികൂടിയത്. 24-ന് പുലര്‍ച്ചെ നാലോടെ പോലീസ് അകമ്പടിയില്‍ ഇയാളെ കൃത്യം നടന്ന സ്ഥലത്ത് എത്തിക്കുകയായിരുന്നു. തെളിവെടുപ്പിനിടെ പ്രതി കുളത്തില്‍ചാടി. രണ്ടു മണിക്കൂര്‍ നേരത്തെ തിരച്ചിലിലാണ് മൃതദേഹം പുറത്തെടുക്കാനായത്.
നഗോണ്‍ ജില്ലയില്‍ വ്യാഴാഴ്ച രാത്രി എട്ടോടെയായിരുന്നു 14-കാരി കൂട്ടബലാത്സംഗത്തിന് ഇരയായത്. ട്യൂഷന്‍ കഴിഞ്ഞ് സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാള്‍ ബൈക്കിലെത്തിയ മൂന്നുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു.
അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ വഴിയരികില്‍ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. നഗോണ്‍ ജില്ലയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടി. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റ് രണ്ട് പ്രതികള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്.
സംഭവത്തില്‍ പ്രതിഷേധവുമായി വിദ്യാര്‍ഥിസംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. തെരുവിലിറങ്ങിയും കടകളടച്ചും നാട്ടുകാരും പ്രതിഷേധത്തിന്റെ ഭാഗമായി. പ്രതികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവന്ന് കടുത്തശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ പറഞ്ഞു.
തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ വ്യാജ എന്‍.സി.സി. ക്യാമ്പിന്റെ മറവില്‍ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിലെ മുഖ്യപ്രതി കഴിഞ്ഞദിവസം വിഷംകഴിച്ച് മരിച്ചിരുന്നു. രാഷ്ട്രീയ പാര്‍ട്ടിയായ നാം തമിഴര്‍ കക്ഷിയുടെ യുവജനവിഭാഗം നേതാവായ ശിവരാമനാണ് സേലം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരിച്ചത്. അറസ്റ്റിലാകുന്നതിന് മുമ്പാണ് ഇയാള്‍ വിഷം കഴിച്ചതെന്നാണ് പോലീസ് പറയുന്നത്.