തിരുവനന്തപുരം: പ്രിയനടന്‍ ഇന്ദ്രന്‍സിന് ഇന്ന് അട്ടക്കുളങ്ങര സ്‌കൂളില്‍ ഏഴാം ക്‌ളാസ് പരീക്ഷ. ഭപേടിയുണ്ട്, എഴുതിനോക്കാം… ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയില്‍ ഞാനെന്തു ചെയ്യാനാ…
ചെറിയ ഇടവേളയേ പഠിക്കാന്‍ കിട്ടിയുള്ളൂ. ആ സമയത്ത് വീട്ടുകാരാണ് പഠിപ്പിച്ചത്. മെഡിക്കല്‍ കോളേജ് ഹൈസ്‌കൂളിലായിരുന്നു തുല്യതാ ക്‌ളാസ്. ഒപ്പമുള്ളവരെല്ലാം എല്ലാ ആഴ്ചയിലും ക്‌ളാസിന് പോകുമായിരുന്നു’ – ഇന്ദ്രന്‍സ് കേരളകൗമുദിയോട് പറഞ്ഞു.
നാലാം ക്‌ളാസില്‍ പഠനം ഉപേക്ഷിക്കേണ്ടിവന്നു. ജീവിതമാര്‍ഗം തേടി തയ്യല്‍കടയില്‍ അഭയം പ്രാപിക്കുകയായിരുന്നു. അപ്രതീക്ഷിത തിരിവുകള്‍ നിറഞ്ഞ ജീവിതം ചെന്നുനിന്നത് സിനിമയിലും. അഭിനയത്തിന്റെ വെള്ളിവെളിച്ചത്തിലായെങ്കിലും മുറിഞ്ഞുപോയ പഠനകാലം എന്നും ഒരു നൊമ്പരമായിരുന്നു. അതാണ് അറുപത്തിയെട്ടാം വയസില്‍ ഏഴാം ക്‌ളാസ് തുല്യതാ പരീക്ഷയ്ക്ക് പ്രേരിപ്പിച്ചത്.
രാവിലെയും ഉച്ചയ്ക്കുമായി രണ്ടുദിവസം പരീക്ഷയുണ്ട്. രാവിലെ 9.30ന് ആരംഭിച്ച് വൈകിട്ട് നാലരയ്ക്ക് അവസാനിക്കും. മലയാളം, ഇംഗ്‌ളീഷ്, ഹിന്ദി എന്നിവയാണ് ഇന്നത്തെ പരീക്ഷകള്‍. നാളെ സാമൂഹ്യശാസ്ത്രവുംഅടിസ്ഥാനശാസ്ത്രവും ഗണിതവുമാണ്. ഫലം രണ്ടാഴ്ചയ്ക്കുള്ളില്‍ വരും.
ഏഴാം ക്‌ളാസ് ജയിച്ചുകഴിഞ്ഞാല്‍ പത്താംതരം തുല്യതാ ക്‌ളാസിലേക്കാണ്.
പത്താംതരത്തിലെത്തുമ്പോള്‍ കാത്തിരിക്കുന്നത് സാക്ഷരതാ മിഷന്‍ ബ്രാന്‍ഡ് അംബാസഡറുടെ വേഷം. അതിനായി സര്‍ക്കാരിന് ശുപാര്‍ശ നല്‍കാനൊരുങ്ങുകയാണ് സാക്ഷരതാ മിഷന്‍. പഠനത്തോടുള്ള ഇന്ദ്രന്‍സിന്റെ അടങ്ങാത്ത ആവേശം സാധാരണക്കാര്‍ക്ക് പ്രചോദനമാകും എന്നതിനാലാണ് അദ്ദേഹത്തെ അംബാസഡറാക്കുന്നതെന്ന് ഡയറക്ടര്‍ എ.ജി.ഒലീന പറഞ്ഞു.