IndiaNEWS

75- ാം വയസില്‍ മോദി വിരമിച്ചില്ലെങ്കില്‍ മറ്റു വഴികളിലൂടെ അധികാരം നഷ്ടപ്പെടും: മുന്നറിയിപ്പുമായി സുബ്രഹ്‌മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: കുറച്ചുനാളുകളായി മുന്‍ കേന്ദ്രമന്ത്രിയും ബിജെ.പി നേതാവുമായ സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ കണ്ണിലെ കരടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിക്കെതിരെ നിരന്തരം വിമര്‍ശനങ്ങളുയര്‍ത്തുക സ്വാമിയുടെ പതിവാണ്. ഇപ്പോഴിതാ മോദിയുടെ 74-ാം പിറന്നാളിനു മുന്നോടിയായി വീണ്ടും പ്രധാനമന്ത്രിയെ കടന്നാക്രമിച്ചിരിക്കുകയാണ് സുബ്രഹ്‌മണ്യന്‍ സ്വാമി. 75-ാം വയസില്‍ മോദി വിരമിച്ചില്ലെങ്കില്‍ അദ്ദേഹത്തിന് മറ്റു മാര്‍ഗങ്ങളിലൂടെ കസേര നഷ്ടപ്പെടുമെന്ന് സ്വാമി മുന്നറിയിപ്പ് നല്‍കി. സെപ്തംബര്‍ 17നാണ് പ്രധാനമന്ത്രിയുടെ 74-ാം ജന്‍മദിനം. 2025ല്‍ 75 തികയും.

‘ആര്‍.എസ്.എസ് പ്രചാരകന്റെ സംസ്‌കാരത്തോട് പ്രതിബദ്ധതയുള്ള മോദി തന്റെ 75-ാം ജന്മദിനത്തിന് ശേഷം സെപ്തംബര്‍ 17-ന് വിരമിക്കല്‍ പ്രഖ്യാപിച്ചില്ലെങ്കില്‍, മറ്റ് വഴികളിലൂടെ അദ്ദേഹത്തിന് പ്രധാനമന്ത്രി കസേര നഷ്ടപ്പെടും.’ സ്വാമി എക്‌സില്‍ കുറിച്ചു. മോദിയുടെ കടുത്ത വിമര്‍ശകനായ സ്വാമി കഴിഞ്ഞയാഴ്ച ജിഡിപിയുടെ കാര്യത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ചിരുന്നു. ജിഡിപി വളര്‍ച്ചയെക്കുറിച്ചുള്ള മോദി സര്‍ക്കാരിന്റെ അവകാശവാദം പൊതുജനങ്ങളോടുള്ള വഞ്ചനയാണെന്നാണ് സ്വാമി പറഞ്ഞത്.

Signature-ad

75 വയസായാല്‍ വിരമിക്കണമെന്നാണ് ബി.ജെ.പിയിലെ അലിഖിത നയം. 2014ല്‍ മോദി അധികാരത്തിലെത്തിയപ്പോള്‍ നടപ്പാക്കിയ നയമാണിത്. 2014-ലെ തെരഞ്ഞെടുപ്പില്‍ പല മുതിര്‍ന്ന നേതാക്കള്‍ക്കും സീറ്റ് കിട്ടിയിരുന്നില്ല. എല്‍.കെ. അഡ്വാനിയും സുമിത്ര മഹാജനും ആനന്ദി ബെന്നും മുരളി മനോഹര്‍ ജോഷി വരെ ഈ മാനദണ്ഡപ്രകാരം മാറി. ഈ പ്രായത്തിനു മുകളിലുള്ളവര്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കേണ്ടെന്നും ഭരണഘടനാപദവി കൈകാര്യം ചെയ്യേണ്ടതില്ലെന്നുമുള്ളത് പാര്‍ട്ടി നയമായി സ്വീകരിച്ചിട്ടുണ്ടെന്ന് അമിത്ഷാ നേരത്തെ പരസ്യമായി സമ്മതിച്ചിരുന്നു. അതുകൊണ്ട് തന്നെ 75 വയസായാല്‍ മോദി വിരമിക്കുമോ എന്ന ചോദ്യം കുറച്ചുനാളുകളായി പ്രതിപക്ഷം ഉയര്‍ത്തുന്നുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മോദിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് രംഗത്തെത്തിയിരുന്നു. ”സെപ്തംബര്‍ 17 ന് മോദിക്ക് 75 വയസ് തികയുകയാണ്. പാര്‍ട്ടിയിലെ നേതാക്കള്‍ 75 വര്‍ഷത്തിന് ശേഷം വിരമിക്കുമെന്ന് അദ്ദേഹം ചട്ടം സ്ഥാപിച്ചിരുന്നു. എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, സുമിത്ര മഹാജന്‍, യശ്വന്ത് സിന്‍ഹ എന്നിവര്‍ ഇതുപ്രകാരം വിരമിച്ചു, ഇപ്പോള്‍ പ്രധാനമന്ത്രി മോദി സെപ്റ്റംബര്‍ 17 ന് വിരമിക്കാന്‍ പോകുന്നു” എന്നാണ് കെജ്‌രിവാള്‍ പറഞ്ഞത്. ഇതിനെതിരെ ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. മോദി രാജി വയ്ക്കില്ലെന്നും കാലാവധി പൂര്‍ത്തിയാക്കുമെന്നായിരുന്നു നേതാക്കളുടെ വാദം. ”ബി.ജെ.പി ഭരണഘടനയില്‍ 75 വയസ് എന്ന പരിധിയില്ല, ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് ആശയക്കുഴപ്പമില്ല. നരേന്ദ്രമോദി തന്നെ തുടരും” എന്ന് അമിത് ഷായും മറുപടി നല്‍കി.

അതേസമയം ഈയിടെ സുബ്രഹ്‌മണ്യന്‍ സ്വാമി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും ലക്ഷ്യമിട്ടിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്വാമി ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ബാക്കോപ്‌സ് ലിമിറ്റഡ് എന്ന പേരില്‍ ഒരു സ്ഥാപനം യുകെയില്‍ 2003ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അതിന്റെ ഡയറക്ടര്‍മാരില്‍ ഒരാളും സെക്രട്ടറിയുമാണ് രാഹുലെന്നും അവകാശപ്പെട്ട് സുബ്രഹ്‌മണ്യന്‍ സ്വാമി 2019ല്‍ ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു.

2005 ഒക്ടോബര്‍ 10നും 2006 ഒക്ടോബര്‍ 31നും സമര്‍പ്പിച്ച സ്ഥാപനത്തിന്റെ വാര്‍ഷിക റിട്ടേണുകളില്‍ രാഹുല്‍ ഗാന്ധി ബ്രിട്ടിഷുകാരനാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് സ്വാമി പറയുന്നത്. 2009 ഫെബ്രുവരി 17-ന് ബാക്കോപ്സ് ലിമിറ്റഡിന്റെ പിരിച്ചുവിടല്‍ അപേക്ഷയിലും രാഹുല്‍ ഗാന്ധിയുടെ പൗരത്വം വീണ്ടും ബ്രിട്ടിഷുകാരനാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ ഒന്‍പതിന്റെയും 1955 ലെ ഇന്ത്യന്‍ പൗരത്വ നിയമത്തിന്റെയും ലംഘനമാണെന്നാണ് സ്വാമിയുടെ ആരോപണം.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: