KeralaNEWS

തുപ്പലിറക്കി ദാഹം തീര്‍ക്കുന്ന സര്‍ക്കാരല്ലിത്; മലപ്പുറം എസ്പിയെ പൊതുവേദിയില്‍ അധിക്ഷേപിച്ച് പി.വി അന്‍വര്‍ എംഎല്‍എ

മലപ്പുറം: ജില്ലാ പൊലീസ് അസോസിയേഷന്‍ സമ്മേളനത്തിനിടെ വേദിയില്‍ വെച്ച് മലപ്പുറം എസ്പി എസ് ശശിധരനെ അധിക്ഷേപിച്ച് പിവി അന്‍വര്‍ എംഎല്‍.എ. പരിപാടിക്ക് എസ്പി എത്താന്‍ വൈകിയതില്‍ പ്രകോപിതനായാണ് പി.വി അന്‍വര്‍ എംഎല്‍എ രൂക്ഷ വിമര്‍ശനം നടത്തിയത്. എംഎല്‍എയുടെ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെ പരിപാടിയിലെ മുഖ്യപ്രഭാഷകനായിരുന്ന എസ്പി: എസ് ശശിധരന്‍ പ്രസംഗത്തിന് തയ്യാറാവാനാവാതെ വേദി വിട്ടു. ഐപിഎസ് ഓഫീസര്‍മാരുടെ പെരുമാറ്റം പൊലീസ് സേനയ്ക്ക് ആകെ നാണക്കേടാണെന്ന് പറഞ്ഞുകൊണ്ടാണ് എംഎല്‍എ രൂക്ഷ വിമര്‍ശനം നടത്തിയത്.

വാഹന പരിശോധന, മണ്ണ് എടുക്കലിന് ഉള്‍പ്പെടെ അനുമതി നല്‍കാത്തത്, തന്റെ പാര്‍ക്കിലെ റോപ് വേ ഉണ്ടാക്കി ഉപകരണങ്ങള്‍ ഉള്‍പ്പെടെ കാണാതായ പോയിട്ടും അന്വേഷണം ഉണ്ടായിട്ടില്ല തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞാണ് ഐപിഎസ് ഉദ്യോഗസ്ഥരെ എംഎല്‍എ രൂക്ഷ വിമര്‍ശനം നടത്തിയത്. ഈ പരിപാടിയില്‍ പോലും എസ്പി എത്താന്‍ വൈകിയെന്ന് എംഎല്‍എ പറഞ്ഞു. ചില പൊലീസുകാര്‍ സ്വാര്‍ത്ഥ താല്പര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയാണ്. അതില്‍ റിസര്‍ച്ച് നടത്തുകയാണ് അവര്‍. സര്‍ക്കാരിനെ മോശമാക്കാന്‍ ചില പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയാണ്.

Signature-ad

കേരളത്തെ ബുദ്ധിമുട്ടിക്കുക എന്ന കേന്ദ്രത്തിന്റെ ആവശ്യത്തിന് കുടപിടിക്കുന്നതാണ് ഇത്. ഇപ്പോള്‍ നടക്കുന്ന ഈ പരിപാടിക്ക് താന്‍ എസ്പിയെ കാത്ത് ഒരുപാട് സമയം കാത്തിരിക്കേണ്ടി വന്നു. അദ്ദേഹം ജോലി തിരക്കുള്ള ആളാണ്. അതാണ് കാരണം എങ്കില്‍ ഓക്കേ. അല്ലാതെ താന്‍ കുറച്ച് സമയം ഇവിടെ ഇരിക്കട്ടെ എന്നാണ് ഉദ്ദേശിച്ചതെങ്കില്‍ എസ്പി ആലോചിക്കണമെന്നും എംഎല്‍എ രൂക്ഷ വിമര്‍ശനം നടത്തി. ഇങ്ങനെ പറയേണ്ടിവന്നതില്‍ ബുദ്ധിമുട്ടുണ്ട്. പക്ഷേ പറയാതെ നിവൃത്തിയില്ല. പൊലീസിന് മാറ്റം ഉണ്ടായെ തീരു. അല്ലെങ്കില്‍ ജനം ഇടപെടും.

ഒന്നു രണ്ട് കാര്യങ്ങള്‍ കൂടി പറയാനുണ്ട് അതു പറഞ്ഞാല്‍ സദസ് വഷളാവുമെന്നും പി.വി.അന്‍വര്‍ പറഞ്ഞു. തുപ്പലിറക്കി ദാഹം തീര്‍ക്കുന്ന സര്‍ക്കാരല്ല ഇത്. പെറ്റിക്കേസിനായി പൊലീസിന് ക്വാട്ട നിശ്ചയിച്ചിരിക്കുകയാണെന്നും പിവി അന്‍വര്‍ എംഎല്‍എ ആരോപിച്ചു. തന്റെ പാര്‍ക്കിലെ രണ്ടായിരത്തിലധികം കിലോ ഭാരം വരുന്ന റോപ് മോഷണം പോയി. എട്ട് മാസം കഴിഞ്ഞിട്ടും ഇതുവരെ പ്രതികളെ പിടിച്ചിട്ടില്ല, മലപ്പുറം എസ്പി ഇവിടെ ഇരിക്കുന്നുണ്ടല്ലോ. പ്രതിയെ കണ്ടത്താനായില്ല. ഒരാളെ വിളിച്ചു വരുത്തി ചായകൊടുത്തു വിട്ടു. ഏത് പൊട്ടനും കണ്ടത്താവുന്നതല്ലേയുള്ളു. തെളിവ് സഹിതം നിയമസഭയില്‍ ഇക്കാര്യങ്ങള്‍ ഉന്നയിക്കുമെന്നും പിവി അന്‍വര്‍ എംഎല്‍എ പറഞ്ഞു.

പൊലീസില്‍ ചില പുഴുക്കുത്തുകള്‍ ഉണ്ട്. അടുത്തിടെ ചില സാധാരണ പൊലീസുകാര്‍ എന്നെ സമീപിച്ചു. സമീപകാലത്ത് മലപ്പുറം ജില്ലയില്‍ പൊലീസില്‍ വ്യാപക ട്രാന്‍സ്ഫര്‍ നടന്നു.ട്രാന്‍സ്ഫറുകള്‍ മനുഷ്യത്വപരമാകണം. കഞ്ചാവ് കച്ചവടക്കാരുമായി ചില പൊലീസ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നു. അതിനാല്‍ എംഎല്‍എ ഇടപെടരുത് എന്നാണ് ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ എന്നോട് പറഞ്ഞത്. രാവിലെ തെറിയും കേട്ട് ജോലിക്ക് വന്നാല്‍ അത് സാധാരണക്കാരന്റെ മേലെ ആയിരിക്കും. ഫാഷിസം നല്ലതല്ലെന്നും പിവി അന്‍വര്‍ എംഎല്‍എ. പിന്നീട് മുഖ്യപ്രഭാഷകനായി എത്തിയ എസ്പി താന്‍ അല്‍പം തിരക്കിലാണെന്നും പ്രസംഗത്തിന് പറ്റിയ മാനസികാവസ്ഥയില്‍ അല്ലെന്നും പറഞ്ഞ് വേദി വിടുകയായിരുന്നു.

 

Back to top button
error: