KeralaNEWS

അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് പ്രമുഖ നടനെ അറസ്റ്റ് ചെയ്യുമെന്ന് സിനിമാക്കാര്‍ക്ക് ഭയം; ഹേമാ കമ്മറ്റിയില്‍ നടപടികളെടുക്കുമെന്ന ആശങ്ക ശക്തം

തിരുവനന്തപുരം: ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിലെ ‘ഇരകളില്‍’ ഒരാളെങ്കിലും പോലീസിന് മൊഴി നല്‍കിയാല്‍ ഇനി പോലീസ് കേസെടുക്കും. ഇതിനിടെ ഹേമാ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തു കൊണ്ടു വരാന്‍ നിയമ പോരാട്ടത്തിന് ചിലര്‍ തയ്യാറെടുക്കുന്നുണ്ട്. ഈ മൊഴി പുറത്തു വന്നാല്‍ കാര്യങ്ങള്‍ മാറ്റി മറിക്കും. മൊഴികളും രേഖകളും സര്‍ക്കാരിന് ഹേമാ കമ്മറ്റി കൈമാറിയിട്ടില്ലെന്ന് മുന്‍ മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ഇവയെല്ലാം ഹേമാ കമ്മറ്റിക്ക് മുമ്പിലുണ്ടെന്നും തുടര്‍ നടപടിക്ക് ആ മൊഴികള്‍ പുറത്തു വരണമെന്നും ബാലന്‍ വിശദീകരിച്ചു. ഇതോടെ ഹൈക്കോടതിയില്‍ ചിലര്‍ പോകാനുള്ള സാധ്യത കൂടുതലാണ്. അടുത്ത തിരഞ്ഞെടുപ്പ് കാലത്ത് ഒരു നടനെ പോലീസ് അറസ്റ്റു ചെയ്യുമെന്ന ആശങ്ക സിനിമാ ലോകത്തിനുമുണ്ട്. ഇത് മനസ്സിലാക്കിയുള്ള കരുതല്‍ അവരും എടുക്കും.

എല്ലാവരേയും നിയമത്തിന് മുന്നില്‍ സമന്മാരായി കാണുന്ന സര്‍ക്കാരാണ് അധികാരത്തിലുള്ളതെന്ന സന്ദേശം നല്‍കാന്‍ ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിനെ സര്‍ക്കാര്‍ ആയുധമാക്കുമെന്ന ഭയം പല സിനിമാക്കാര്‍ക്കുമുണ്ട്. സര്‍ക്കാരിന്റെ പ്രതിച്ഛായ കൂട്ടാന്‍ സിനിമയിലെ പ്രശ്നങ്ങള്‍ ഉപയോഗിച്ച മുന്‍ ചരിത്രവുമുണ്ട്. ഇതെല്ലാം സംഘടനകളെ പോലും വെട്ടിലാക്കുന്നു. അതുകൊണ്ടാണ് അവര്‍ പ്രതികരണങ്ങള്‍ പോലും കരുതലോടെയാക്കുന്നത്. സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലൂടെ തെളിയുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പ്രതികരിച്ചു കഴിഞ്ഞു. കോടതിയിലെ സാങ്കേതികമായ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ട് റിപ്പോര്‍ട്ട് പൊതുജനങ്ങളുടെ മുന്നിലേക്കെത്തിയെന്നാണ് സിപിഎം നേതാവിന്റെ പ്രതികണം.

Signature-ad

പുരുഷ കേന്ദ്രീകൃത സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് സിനിമ മേഖലയും. പുരുഷ കേന്ദ്രീകൃത സമൂഹത്തിന്റെ ജീര്‍ണ്ണത മുഴുവന്‍ പ്രതിഫലിക്കുന്നതാണ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍. കേരളം ഏറ്റവും ശ്രദ്ധേയമായ രീതിയില്‍ ഇക്കാര്യങ്ങളും കൈകാര്യം ചെയ്തു. സര്‍ക്കാരിന് ഇക്കാര്യത്തില്‍ എന്തു നടപടിയെടുക്കണമെന്നത് സംബന്ധിച്ച് ഒരു സംശയവുമില്ല. തുല്യത, സമത്വം, സ്ത്രീകളെ ഉന്നതിയില്‍ എത്തിക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാട്. സ്ത്രീ സമൂഹത്തിന്റെ ഉന്നതിക്ക് വേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയെന്നും എം വി ഗോവിന്ദന്‍ വിശദീകരിക്കുന്നത് ഇങ്ങനെയാണ്. ഇതും സിനിമാക്കാരുടെ നെഞ്ചിടിപ്പും കൂട്ടുന്നുണ്ട്.

റിപ്പോര്‍ട്ട് പുറത്തുവരുന്നതിനെതിരേ നടി രഞ്ജിനി ഹൈക്കോടതി സിംഗിള്‍ ബെഞ്ചില്‍ സമര്‍പ്പിച്ച ഹര്‍ജിയും തള്ളിയതോടെ റിപ്പോര്‍ട്ട് പുറത്തുവരുന്നതിലുള്ള തടസങ്ങളെല്ലാം നീങ്ങുകയായിരുന്നു. റിപ്പോര്‍ട്ട് പുറത്തുവരുന്നതിനെതിരേ നടി രഞ്ജിനി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച തടസ ഹര്‍ജി ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. ചൊവ്വാഴ്ച അവധിയായതിനാല്‍കൂടിയാണ് റിപ്പോര്‍ട്ട് തിങ്കളാഴ്ചതന്നെ പുറത്തുവിട്ടത്. ലൈംഗിക ചൂഷണകഥകള്‍ കേട്ട് ഞെട്ടിയെന്ന് കമ്മിറ്റി പറയുന്നു. പുതിയ തലമുറയിലെയും പലതലമുറയിലെയും സ്ത്രീകളും പുരുഷന്‍മാരുമായ സിനിമാപ്രവര്‍ത്തകരുമായി ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി സംസാരിക്കുകയുണ്ടായി.

233 പേജുള്ള റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കിയാണ് റിപ്പോര്‍ട്ട് എത്തിയത്. ഇതില്‍ ആളുകളുടെ സ്വകാര്യതയെ ബാധിക്കുന്നതും ആളുകളെ തിരിച്ചറിയുന്നതുമായ വിവരങ്ങള്‍ പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്. 49ാം പേജിലെ 96ാം പാരഗ്രാഫും 81 മുതല്‍ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. 165 മുതല്‍ 196 വരെയുള്ള പേജുകളില്‍ ചില പാരഗ്രാഫുകള്‍ വെളിപ്പെടുത്തിയിട്ടില്ല. മൊഴികള്‍ അടക്കമുള്ള അനുബന്ധ റിപ്പോര്‍ട്ടും പുറത്തുവിട്ടിട്ടില്ല. മലയാള സിനിമയിലെ പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാനാണ് റിട്ടയേര്‍ഡ് ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റിയെ സര്‍ക്കാര്‍ നിയമിച്ചത്. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് 2019 ഡിസംബര്‍ 31നാണ് സര്‍ക്കാരിനു കൈമാറിയത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: