തിരുവനന്തപുരം: മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് നിലനില്‍ക്കുന്നതായി ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്. തൊഴിലിന് പകരം ശരീരം ആവശ്യപ്പെടുന്നത് പതിവാണെന്നും ഷൂട്ടിങ് സമയത്ത് വാതിലില്‍ മുട്ടുന്നത് സ്ഥിരമാണെന്നും പലപ്പോഴും വാതില്‍ പൊളിഞ്ഞുവീഴുമെന്ന അവസ്ഥവരെ ഉണ്ടായിട്ടുണ്ടെന്നും കമ്മീഷന് നല്‍കിയ മൊഴിയില്‍ പറയുന്നു.
വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ സംവിധായകരും നിര്‍മാതാക്കളും നിര്‍ബന്ധിക്കും. വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാന്‍ ആവശ്യപ്പെടുന്നതായി ഒന്നിലേറെ താരങ്ങള്‍ മൊഴി നല്‍കിയിട്ടുണ്ട്. വിട്ടുവീഴ്ച ചെയ്യാത്തവര്‍ക്ക് അവസരങ്ങള്‍ നഷ്ടമാകുന്നുവെന്നും സഹകരിക്കുന്നവര്‍ക്ക് പ്രത്യേക കോഡുകള്‍ നല്‍കുന്നുവെന്നും താരങ്ങള്‍ മൊഴി നല്‍കി. ഇതിനാല്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് മിക്കവരും ഷൂട്ടിങിനെത്തുന്നത്.
സിനിമയെ നിയന്ത്രിക്കുന്നത് ക്രിമിനല്‍ സംഘമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വള്‍ഗറായിട്ടുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയില്‍ അടക്കം പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തുന്നു. സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ രൂപം നല്‍കിയിട്ടിള്ള ഇന്റേണല്‍ കമ്മറ്റിക്ക് അപര്യാപ്തതകളുള്ളതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
സര്‍ക്കാരിനെ ഇക്കാര്യം അറിയിച്ചപ്പോഴൊന്നും ഒരുതരത്തിലുള്ള ഇടപെടലും ഉണ്ടായില്ലെന്ന് ഒരു നടി നല്‍കിയ മൊഴി. സര്‍ക്കാരിനെ അറിയിച്ചിട്ട് ഒരു കാര്യവുമില്ല. കോടതിയില്‍ പോകാനാണ് അവര്‍ പറയുന്നത്. പലപ്പോഴും തെളിവുകള്‍ അപര്യാപ്തമായതിനാല്‍ കേസുമായി മുന്നോട്ട് പോകാന്‍ കഴിയാറില്ലെന്നും മൊഴിയില്‍ പറയുന്നു. സിനിമയില്‍ സ്ത്രീ വിരുദ്ധ പവര്‍ ഗ്രൂപ്പുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ സിനിമയില്‍നിന്ന് ഒഴിവാക്കപ്പെടുമെന്ന ഭീതിയില്‍ പലരും നിശബ്ദത പാലിക്കുന്നു. കേസിനു പോകുകയാണെങ്കില്‍, പ്രശസ്തരായതിനാല്‍ സൈബര്‍ ആക്രമണം പോലുള്ള ഉപദ്രവങ്ങള്‍ ഉണ്ടാകുമെന്ന് നടിമാര്‍ ഭയക്കുന്നു. കോടതിയേയോ പൊലീസിനെയോ സമീപിച്ചാല്‍ ജീവനു തന്നെ ഭീഷണി ഉണ്ടായേക്കാമെന്ന് നടിമാര്‍ ഭയക്കുന്നു.
ആര്‍ത്തവസമയത്ത് നടിമാര്‍ സെറ്റില്‍ നേരിടുന്നത് വലിയ ബുദ്ധിമുട്ടുകളെന്നും റിപ്പോര്‍ട്ട്. പാഡ് മാറ്റുന്നതിന് പോലും സെറ്റില്‍ നേരിടുന്നത് വലിയ പ്രതിസന്ധി. മൂത്രമൊഴിക്കാന്‍ പോകാന്‍ സാധിക്കാതെ മണിക്കൂറുകളോളം സെറ്റില്‍ തുടരേണ്ടി വരാറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മലയാള സിനിമാ മേഖലയിലെ പലര്‍ക്കും മൂത്രാശയ അണുബാധ അടക്കമുള്ള രോഗങ്ങള്‍ക്കും വിധേയരാകേണ്ടി വരുന്നു. പലപ്പോളും പ്രൊഡക്ഷന്‍ യൂണിറ്റില്‍ ഉള്ളവര്‍ ശുചിമുറി ഉപയോഗിക്കാന്‍ പോലും സ്ത്രീകളെ അനുവദിക്കാറില്ല.