KeralaNEWS

ഉത്തരം മുട്ടി ‘അമ്മ’: ചൂഷകർ പ്രമുഖ നടന്മാർ, മലയാള സിനിമ  അടിമുടി സ്ത്രീവിരുദ്ധം; അപ്രതീക്ഷിത ബോംബായി ഹേമ കമ്മിറ്റി റിപ്പോർട്ട്

    ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതോടെ ‘അമ്മ’ പ്രതിരോധത്തിലായി. മുടി ചൂടാമന്നന്മാരായ പലരും സംശയത്തിൻ്റെ നിഴലിലും. ചൂഷകരിൽ പ്രമുഖ നടന്മാരും ഉണ്ടെന്ന പരാമർശം വരും ദിനങ്ങളിൽ വലിയ വിസ്ഫോടനത്തിന് ഇടയാക്കും. റിപ്പോർട്ട് പഠിച്ച ശേഷം പ്രതികരിക്കാമെന്ന് പറഞ്ഞ് ഇന്ന് അമ്മ ജനറല്‍ സെക്രട്ടറി നടന്‍ സിദ്ധിഖ്  മാധ്യമങ്ങളുടെ മുന്നിൽ നിന്നു തലയൂരി.

മലയാള സിനിമയെ അടിമുടി ഉലയ്ക്കുന്ന ബോംബായി മാറി ഹേമ കമ്മിറ്റി റിപ്പോർട്ട്. സിനിമ മേഖലയിൽ ചൂഷണം നടത്തിയവരിൽ പ്രമുഖ നടന്മാരും ഉന്നതരും ഉൾപ്പെടുന്നുണ്ടെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഒരു പ്രധാന നടൻ മാഫിയ പോലെ സിനിമ മേഖലയിൽ നിലനിക്കുന്നുണ്ട്. സംവിധായകരും, നിർമ്മാതാക്കളും, മറ്റ് സാങ്കേതിക പ്രവർത്തകരും നടിമാരെ ചൂഷണത്തിനിരയാക്കുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. മലയാള സിനിമ മേഖലയിൽ അടിമുടി സ്ത്രീവിരുദ്ധതയാണെന്നും റിപ്പോർട്ട് അടിവര ഇടുന്നു.

Signature-ad

43 പേരാണ് കമ്മിറ്റിക്ക് മൊഴി നല്‍കിയത്. ക്രിമിനലുകള്‍ സിനിമാലോകം നിയന്ത്രിക്കുന്നു.  അവസരം ലഭിക്കാന്‍ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവരുന്നുവെന്ന മൊഴിയും റിപ്പോര്‍ട്ടിലുണ്ട്. വഴിവിട്ട കാര്യങ്ങൾക്ക് നിർബന്ധിക്കുന്നത് പതിവാണ്. സഹകരിക്കുന്ന നടിമാർ പ്രത്യേക കോഡ് പേരുകളിലാണ് സിനിമയിൽ അറിയപ്പെടുന്നത്. സഹകരിക്കാത്തവരെ പ്രശ്നക്കാരെന്ന് പറഞ്ഞ് ഒഴിവാക്കാറുണ്ട്. നടിമാർക്ക് പുറമെ അവരുടെ ബന്ധുക്കൾക്ക് പോലും വഴങ്ങേണ്ട സ്ഥിതിയുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമുണ്ട് ഈ റിപ്പോർട്ടിൽ.

വഴങ്ങാത്ത നടിമാർക്കെതിരെ പ്രതികാര നടപടി സ്ഥിരമാണത്രേ.  ഇവർ അഭിനയിക്കുമ്പോൾ അനാവശ്യമായി റിപ്പീറ്റ് ഷോട്ട് എടുക്കാറുണ്ട്. അവസരങ്ങൾ ഇല്ലാതാക്കി സിനിമാ മേഖലയിൽനിന്ന് പുറത്താക്കാനുള്ള ശ്രമവും നടക്കുന്. പരാതിപ്പെട്ടാൽ സമൂഹമാധ്യമത്തിലൂടെ അപമാനിക്കുന്ന സംഭവവും ഉണ്ടായിട്ടുണ്ട്. ഡബ്ലു.സി.സിയിൽ അംഗത്വം എടുത്തതിന് തൊഴിൽ നിഷേധിച്ചതായും ഒരു നടി മൊഴി നൽകിയിട്ടുണ്ട്.

റിപ്പോർട്ടിലെ പൂർണ വിവരങ്ങൾ അറിഞ്ഞ ശേഷം വേണ്ട ഇടപെടൽ നടത്തുമെന്നു. സർക്കാരുമായി നിയമ നടപടികളിൽ സഹകരിക്കുമെന്നും നടൻ സിദ്ദീഖ് പറഞ്ഞു. ഒരാഴ്ചയ്ക്കകം പ്രതികരിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, സിനിമ മേഖലയിൽ ജൂനിയർ ആർട്ടിസ്റ്റുകൾ വിവേചനം നേരിടുന്നുണ്ടെങ്കിൽ അത് അഡ്രസ്സ് ചെയ്യുമെന്ന് നടൻ ബാബുരാജ്. ഈ കാലഘട്ടത്തിൽ അത്തരം വിവേചനങ്ങൾ അനുവദിക്കാവുന്നതല്ല എന്നും ബാബുരാജ് ഊന്നിപ്പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: