ചെന്നൈ: അനധികൃതമായി സംഘടിപ്പിച്ച എന്‍സിസി ക്യാമ്പിനിടെ 13 പെണ്‍കുട്ടികള്‍ക്കുനേരെ ലൈംഗികാതിക്രം നടത്തുകയും ഒരു പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കുകയും ചെയ്ത സംഭവത്തില്‍ അധ്യാപകരടക്കം അറസ്റ്റില്‍. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലുള്ള ബര്‍ഗുറിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. വിഷയം സംഭവം മറച്ചുവെക്കാന്‍ ശ്രമംനടത്തിയെന്ന കണ്ടെത്തലിനേത്തുടര്‍ന്നാണ് സ്‌കൂളിലെ അധ്യാപകരും പ്രിന്‍സിപ്പലും അടക്കമുള്ളവരെ അറസ്റ്റ് ചെയ്തത്.
സ്‌കൂളില്‍ എന്‍സിസി യൂണിറ്റ് ഇല്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. എന്‍സിസി യൂണിറ്റിന് യോഗ്യത ലഭിക്കാന്‍ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കണമെന്ന് മാനേജ്മെന്റിനോട് പറഞ്ഞാണ് സംഘാടകര്‍ ക്യാമ്പ് നടത്തിയത്. ക്യാമ്പ് സംഘടിപ്പിക്കാനെത്തിയ സംഘടാകരുടെ പശ്ചാത്തലം സ്‌കൂള്‍ അധികൃതര്‍ പരിശോധിച്ചിരുന്നില്ല.
ഈ മാസം അഞ്ച് മുതല്‍ മൂന്ന് ദിവസത്തെ ക്യാമ്പാണ് സംഘടിപ്പിച്ചിരുന്നത്. 17 പെണ്‍കുട്ടികളടക്കം 41 വിദ്യാര്‍ഥികളാണ് ക്യാമ്പില്‍ പങ്കെടുത്തിരുന്നത്. ഒന്നാംനിലയിലെ സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് പെണ്‍കുട്ടികളെ താമസിപ്പിച്ചിരുന്നത്. താഴത്തെ നിലയില്‍ ആണ്‍കുട്ടികളും. അധ്യാപകര്‍ക്ക് ക്യാമ്പിന്റെ ചുമതലയുണ്ടായിരുന്നില്ല. തങ്ങളെ പുറത്ത് കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടികള്‍ ആരോപിച്ചിരിക്കുന്നത്.
ഇതില്‍ എട്ടാംക്ലാസില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ഥിയെ ക്യാമ്പിന്റെ കോര്‍ഡിനേറ്റര്‍മാരില്‍ ഒരാളായ ശിവരമാന്‍ എന്നയാള്‍ പീഡിപ്പിച്ചതായാണ് പരാതി. ശിവരാമന്‍ പെണ്‍കുട്ടിയെ സ്‌കൂളിന് പുറത്തേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു.
സംഭവം നടന്ന ദിവസംതന്നെ പെണ്‍കുട്ടി ഇക്കാര്യം സുഹൃത്തുക്കളെ അറിയിക്കുകയും തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് വിഷയം സ്‌കൂള്‍ പ്രിന്‍സിപ്പലിനോട് പറയുകയും ചെയ്തു. എന്നാല്‍, പ്രിന്‍സിപ്പല്‍ സതീശ് കുമാര്‍ വിഷയം ഗൗരവത്തിലെടുക്കേണ്ടെന്ന് പറഞ്ഞ് കുട്ടികളെ മടക്കി അയക്കുകയാണ് ഉണ്ടായതെന്ന് പോലീസ് അറിയിച്ചു.
പിന്നീട് 12 പെണ്‍കുട്ടികള്‍കൂടി ശിവരാമനെതിരെ പരാതി നല്‍കി. ശിവരാമന്‍ ഒളിവില്‍പോയതായാണ് പോലീസ് നല്‍കുന്ന വിവരം. കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്യാത്തതിനും അനധികൃതമായി ക്യാമ്പ് സംഘടിപ്പിച്ചതിനുമാണ് പ്രിന്‍സിപ്പലിനേയും രണ്ട് അധ്യാപകരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. ശിവരാമനെ കൂടാതെ ക്യാമ്പിന്റെ മറ്റൊരു കോര്‍ഡിനേറ്ററും ഒളിവിലാണ്. ഇയാള്‍ക്കെതിരെയും ആരോപണമുണ്ട്.
ഇരുവരേയും കണ്ടെത്തുന്നതിന് നാല് പോലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് കൃഷ്ണഗിരി എസ്പി പി.തങ്കദുരൈ പറഞ്ഞു.