CrimeNEWS

മുണ്ടക്കയത്തെ ലോഡ്ജില്‍ വെളുത്തു മെലിഞ്ഞ യുവാവിനൊപ്പം മുറിയെടുത്തു; ജെസ്ന തിരോധാനക്കേസില്‍ മുന്‍ ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍

കൊച്ചി: പത്തനംതിട്ടയിലെ ജെസ്നാ തിരോധാന കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തല്‍. മുണ്ടക്കയത്തെ ഒരു ലോഡ്ജിലെ 102-ാം നമ്പര്‍ മുറിയില്‍ ജെസ്ന താമസിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടര്‍. ഈ ലോഡ്ജിലെ ജീവനക്കാരിയാണ് ഇപ്പോള്‍ ഇത് പറയുന്നത്. ഈ ലോഡ്ജിന് തിരോധാനവുമായി എന്തോ ബന്ധമുണ്ടെന്ന വിലയിരുത്തലാണ് ഉയരുന്നത്. 2011 മുതല്‍ അടുത്തകാലം വരെ ഈ ലോഡ്ജിലെ ജീവനക്കാരിയായിരുന്നു ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തല്‍ നടത്തുന്നത്. ലോഡ്ജ് ഉടമയുമായി ഈ സ്ത്രീ തെറ്റിപിരിഞ്ഞിരുന്നു. അവരാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ രഹസ്യ ക്യാമറയ്ക്ക് മുന്നില്‍ ചിലത് പറഞ്ഞത്.

ഒരു അജ്ഞാതനൊപ്പമാണ് ജെസ്ന ലോഡ്ജിലെത്തിയത്. വെളുത്തു മെലിഞ്ഞ പയ്യന്‍. എറണാകുളത്ത് പരീക്ഷയുണ്ടെന്നു പറഞ്ഞാണ് റൂം എടുത്തത്. ജെസ്നയുടെ പല്ലിലെ കമ്പിയും ഇട്ടിരുന്ന വസ്ത്രങ്ങളുമെല്ലാം നല്ല ഓര്‍മ്മയുണ്ടെന്ന് അവര്‍ പറയുന്നു. എന്നാല്‍ ഈ ലോഡ്ജിനെ കുറിച്ച് ആരും ഇതുവരെ അന്വേഷിച്ചിട്ടില്ല. മുണ്ടക്കയത്തെ ഈ ലോഡ്ജിന് സമീപമുള്ള സിസിടിവിയിലാണ് അവസാനമായി ജെസ്ന പതിഞ്ഞത്. ഈ തരത്തിലെ അന്വേഷണമാണ് ജെസ്നയിലേക്കുള്ള സൂചനകള്‍ കിട്ടിയത്. സിബിഐ ഇക്കാര്യത്തില്‍ പരിശോധനയൊന്നും നടത്തിയിട്ടില്ല. നേരത്തെ ക്രൈംബ്രാഞ്ച് ഇവിടെ എത്തിയെങ്കിലും അവരും കാര്യമായി ഒന്നും ഈ തരത്തില്‍ അന്വേഷിച്ചില്ല. ജെസ്നയെ അവസാനമായി കണ്ട സിസിടിവിയ്ക്ക് തൊട്ടടുത്തുള്ള ലോഡ്ജുകളില്‍ ആരും അന്വേഷിക്കാത്തതിലെ അട്ടിമറിയാണ് പുതിയ വെളിപ്പെടുത്തല്‍ ചര്‍ച്ചയാക്കുന്നത്.

Signature-ad

സി.ബി.ഐ അടക്കം മൂന്ന് ഏജന്‍സികള്‍ അന്വേഷിച്ചെങ്കിലും ജെസ്ന ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന ചോദ്യത്തിന് പോലും ഉത്തരമില്ല. പക്ഷെ ദുരൂഹതകളെല്ലാം അവശേഷിക്കുകയും ചെയ്യുന്നു. പത്തനംതിട്ട വെച്ചുച്ചിറ സ്വദേശിയും കാഞ്ഞിരപ്പള്ളി സെന്റ്.ഡോമിനിക്സ് കോളജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയുമായിരുന്നു ജെസ്ന. 2018 മാര്‍ച്ച് 22ന് രാവിലെ മുണ്ടക്കയത്തിനടുത്ത് പുഞ്ചവയലിലുള്ള ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയതാണ്. രാവിലെ ഒമ്പത് മണിയോടെയാണ് ജെസ്ന വീട്ടില്‍ നിന്നിറങ്ങുന്നത്.

ആദ്യം ഒരു ഓട്ടോയില്‍ കയറി മുക്കൂട്ടുതറയില്‍, അവിടെ നിന്ന് ബസില്‍ കയറി എരുമേലിയിലെത്തി.അവിടെ നിന്ന് ശിവഗംഗ എന്ന ബസില്‍ കയറി മുണ്ടക്കയം ഭാഗത്തേക്ക് പോയി. മുണ്ടക്കയത്ത് നിന്ന് അഞ്ച് കിലോമീറ്റര്‍ മുന്‍പുള്ള കണ്ണിമലയെന്ന സ്ഥലത്ത് ബസ് എത്തിയപ്പോള്‍ അതില്‍ ജെസ്ന ഇരിക്കുന്നതായി സി.സി.ടി.വി ദൃശ്യമുണ്ട്. പഠിക്കാനായി ബന്ധുവീട്ടിലേക്ക് പോകുന്നൂവെന്നാണ് പറഞ്ഞിരുന്നത്. പക്ഷെ ജെസ്ന വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ സ്വന്തം മൊബൈല്‍ ഫോണ്‍ പോലും വീട്ടില്‍ നിന്നെടുത്തില്ല. അതിനാല്‍ യാത്ര തന്നെ ദുരൂഹമാണ്.

ഒമ്പത് മണിയോടെ ജെസ്ന വീട്ടില്‍ നിന്നിറങ്ങിയെങ്കിലും വൈകിട്ടും തിരിച്ചെത്താതെ വന്നതോടെയാണ് തിരച്ചില്‍ തുടങ്ങിയത്. രാത്രി 8 മണിയോടെയാണ് ആദ്യം പൊലീസിനെ അറിയിക്കുന്നത്. അതായത് ജസ്ന വീട്ടില്‍ നിന്നിറങ്ങി അതി നിര്‍ണായകമായ 11 മണിക്കൂര്‍ അതിനകം നഷ്ടപ്പെട്ടിരുന്നു. ജെസ്ന ആത്മഹത്യ ചെയ്തെന്നാണ് ലോക്കല്‍ പൊലീസ് വിശ്വസിച്ചത്. ഫോണ്‍ ഉപേക്ഷിച്ച് പോയതും വസ്ത്രങ്ങളെടുക്കാതെ വീട്ടില്‍ നിന്നിറങ്ങിയതുമെല്ലാം അതിന്റെ സൂചനയായി അവര്‍ കണ്ടു. പിന്നീട് ജെസ്നയുമായി ബന്ധപ്പെട്ട് പല കഥകളും വന്നു.

ക്രൈംബ്രാഞ്ച് അന്വേഷത്തിന് ഇടയില്‍ എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരിയും എസ്.പി കെ.ജി.സൈമണും ജസ്നയേക്കുറിച്ച് നിര്‍ണായക വിവരങ്ങളുള്ളതായി വെളിപ്പെടുത്തിയത് വലിയ പ്രതീക്ഷ നല്‍കി. പക്ഷേ അതും ഒന്നും ഫലത്തില്‍ തെളിഞ്ഞില്ല. രണ്ട് വര്‍ഷത്തോളം അന്വേഷിച്ചിട്ടും കൃത്യമായ ഒരു തെളിവ് പോയിട്ട് വിവരം പോലുമില്ലെന്നാണ് സി.ബി.ഐ പറയുന്നത്. ഇതിനിടെ കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടു. ഇതിനിടെയാണ് പുതിയ വെളിപ്പെടുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: