ആലപ്പുഴ: ചേര്‍ത്തല പാണാവള്ളിയിലെ അവിവാഹിത പ്രസവിച്ച കുഞ്ഞിനെ കുഴിച്ചുമൂടിയ സംഭവത്തില്‍ മൂന്നുപേരും അറസ്റ്റില്‍. കുഞ്ഞിനെ പ്രസവിച്ച പാണാവള്ളി പഞ്ചായത്ത് 13-ാം വാര്‍ഡ് ആനമൂട്ടില്‍ച്ചിറ ഡോണാ ജോജി (22), കാമുകന്‍ തകഴി വിരുപ്പാല രണ്ടുപറ പുത്തന്‍പറമ്പ് തോമസ് ജോസഫ് (24), ഇയാളുടെ സുഹൃത്ത് തകഴി കുന്നുമ്മ ജോസഫ് ഭവനില്‍ അശോക് ജോസഫ് (30) എന്നിവരുടെ അറസ്റ്റാണു രേഖപ്പെടുത്തിയത്. ഇവരെ റിമാന്‍ഡു ചെയ്തു. ഡോണയൊഴികെയുള്ളവര്‍ പോലീസ് കസ്റ്റഡിയിലായിരുന്നു.
കഴിഞ്ഞ ഏഴാം തീയതി പുലര്‍ച്ചെ വീട്ടില്‍വച്ചായിരുന്നു യുവതിയുടെ പ്രസവം. തുടര്‍ന്ന് കുഞ്ഞിനെ വീടിന്റെ സണ്‍ഷേഡില്‍ ഒളിപ്പിച്ചു. ശേഷം കുഞ്ഞിനെ കാമുകനെ ഏല്‍പ്പിക്കുകയായിരുന്നു. തോമസ് ജോസഫും അശോക് ജോസഫും ചേര്‍ന്നാണ് കുഞ്ഞിന്റെ മൃതദേഹം കുഴിച്ചുമൂടിയത്.
അടുത്ത ദിവസം ബ്ലീഡിംഗ് ഉണ്ടായതിനെത്തുടര്‍ന്ന് യുവതി ആശുപത്രിയില്‍ ചികിത്സ തേടി. എന്താണ് സംഭവിച്ചതെന്ന് ഡോക്ടര്‍ ചോദിച്ചപ്പോള്‍ പ്രസവിച്ച കാര്യം പറഞ്ഞു. കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ആക്കിയിരിക്കുകയാണെന്നും കള്ളം പറഞ്ഞു. മാത്രമല്ല ചോദ്യങ്ങള്‍ക്ക് പരസ്പര വിരുദ്ധമായിട്ടായിരുന്നു മറുപടി നല്‍കിയത്. ഇതുകേട്ട് സംശയം തോന്നി ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരമറിയിച്ചു.
വിശദമായി ചോദ്യം ചെയ്തപ്പോള്‍ കുഞ്ഞിനെ കുഴിച്ചിടാമെന്ന് നിര്‍ദേശിച്ചത് ആണ്‍സുഹൃത്താണെന്ന് യുവതി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാമുകനും സുഹൃത്തും പിടിയിലായത്.
ഡോണ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മജിസ്‌ട്രേട്ട് ആശുപത്രിയിലെത്തിയാണ് ഇവരെ കൊട്ടാരക്കര ജയിലിലേക്കു റിമാന്‍ഡു ചെയ്തത്. തത്കാലം ആശുപത്രിയില്‍ തുടരും. തോമസ് ജോസഫിനെയും അശോക് ജോസഫിനെയും ആലപ്പുഴ സബ് ജയിലിലേക്കു മാറ്റി.
കുഞ്ഞിന്റെ മൃതദേഹം തകഴി കുന്നുമ്മയില്‍ പാടശേഖരത്തിന്റെ പുറംബണ്ടില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം യുവതിയുടെ ബന്ധുക്കള്‍ തിങ്കളാഴ്ച മൃതദേഹം ഏറ്റുവാങ്ങി വലിയചുടുകാട് ശ്മശാനത്തില്‍ സംസ്‌കരിച്ചു. കുഞ്ഞ് എങ്ങനെ മരിച്ചുവെന്നതില്‍ വ്യക്തത വന്നില്ല.