CrimeNEWS

അഖില്‍ സി.വര്‍ഗീസിന് പിടി ഉന്നതങ്ങളിലോ? കോട്ടയം നഗരസഭ പെന്‍ഷന്‍ തട്ടിപ്പിലെ പ്രതിയെ അഞ്ച് ദിവസമായിട്ടും പിടികൂടിയില്ല

കോട്ടയം: നഗരസഭയിലെ ജീവനക്കാരനായിരുന്ന അഖില്‍ സി.വര്‍ഗീസ് നടത്തിയ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ അന്വേഷണത്തിലെ മെല്ലേപ്പോക്ക് വിമര്‍ശിക്കപ്പെടുന്നു. മുമ്പും സമാനമായ വിധത്തില്‍ തട്ടിപ്പു നടത്തിയിട്ടുള്ള അഖിലിന് പിന്നില്‍ ഉന്നതരുണ്ടെന്ന ആക്ഷേപമാണ് ശക്തമാകുന്നത്. കേസില്‍ പൊലീസ് അന്വേഷണത്തില്‍ ഇപ്പോഴും മെല്ലെപ്പോക്കാണ്. അന്വേഷണം പോലീസ് ഏറ്റെടുത്ത് 5 ദിവസം കഴിഞ്ഞിട്ടും ഒളിവിലുളള അഖിലിനെക്കുറിച്ച് ഒരുവിവരവും കിട്ടിയിട്ടില്ല. ഇത് രാഷ്ട്രീയ സ്വാധീനം മൂലമെന്നാണ് ആരോപണം. ഗൗരവമുളള തട്ടിപ്പായതിനാല്‍ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുമെന്നാണ് സൂചനയമുണ്ട്.

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കോട്ടയം നഗരസഭയിലെ മുന്‍ ജീവനക്കാരന്‍ അഖില്‍ സി വര്‍ഗീസ് നടത്തിയ പെന്‍ഷന്‍ തട്ടിപ്പ് നഗരസഭ കണ്ടെത്തുന്നത്. തട്ടിപ്പ് വിവരം പുറത്തറിഞ്ഞതുമുതല്‍ ഒളിവില്‍ കഴിയുന്ന അഖിലിനെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇയാള്‍ ജോലി നോക്കുന്ന കോട്ടയം ജില്ലയിലും സ്വദേശമായ കൊല്ലത്തും അന്വേഷണം തുടരുന്നെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. ഇയാളുടെ ബന്ധുക്കളെ പൊലീസ് കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്തിരുന്നു.

Signature-ad

രാഷ്ട്രീയ ഉദ്യോഗസ്ഥ സ്വാധീനം കാരണമാണ് അഖിലിനെ പിടികൂടാന്‍ കഴിയാത്തതെന്ന ആരോപണം ശക്തമാണ്. 3 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടായതിനാല്‍ ലോക്കല്‍ പൊലീസില്‍ നിന്നും കേസ് ഉടന്‍ ക്രൈംബ്രാഞ്ചിന് കൈമാറും. അഖില്‍ നടത്തിയ സാമ്പത്തിക തിരിമറിയുടെ പേരില്‍ നഗരസഭ നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ മൂന്ന് പേരെ സസ്പെന്റ് ചെയ്തിരുന്നു. പെന്‍ഷന്‍ വിഭാഗം സൂപ്രണ്ടായ ശ്യാമും അക്കൗണ്ട് വിഭാഗത്തിലെ ജീവനക്കാരനായ സന്തോഷ് കുമാറും ഫയലുകളും ബില്ലുകളും കൃത്യമായി പരിശോധിക്കാതെയാണ് പാസ്സാക്കിയതെന്ന് കണ്ടെത്തി.

ഇരുവര്‍ക്കുമൊപ്പം പെന്‍ഷന്‍ വിഭാഗം ക്ലര്‍ക്ക് ബിന്ദു കെ ജി യെയും സസ്പെന്റ് ചെയ്തിട്ടുണ്ട്. ഇവര്‍ ചുമതലയേറ്റെടുക്കുമ്പോള്‍ വേണ്ടത്ര യോഗ്യതയില്ലാത്തത് നഗരസഭയെ അറിയിച്ചില്ലെന്നും സസ്പെന്‍ഷന്‍ ഉത്തരവിലുണ്ട്. ജീവനക്കാര്‍ക്കെതിരെ നടപടിക്ക് തുടക്കമിട്ടതോടെ, തട്ടിപ്പില്‍ നഗരസഭ ഭരണസമിതിയുടെ ഒത്താശയെന്ന ആരോപണം ബലപ്പെടുത്തുകയാണ് എല്‍ഡിഎഫും ബിജെപിയും. ഇന്നലെ നഗരസഭ ഓഫീസിലേക്ക് ഡിവൈഎഫ്ഐയുടെ മാര്‍ച്ച് ഉണ്ടായിരുന്നു. ഇന്ന് ബിജെപിയും നഗരസഭ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.

അഖിലിന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ പരിശോധിച്ചപ്പോള്‍ അപാകതകള്‍ ബോധ്യപ്പെട്ടതോടെ ഇയാളെ സസ്പെന്റ് ചെയ്തിരുന്നു. വാര്‍ഷിക സാമ്പത്തിക പരിശോധനയിലാണ് കോട്ടയം നഗരസഭയില്‍ വന്‍ തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. കോട്ടയം നഗരസഭയില്‍ ജോലി ചെയ്തിരുന്നപ്പോള്‍ പെന്‍ഷന്‍ വിഭാഗം കൈകാര്യം ചെയ്തിരുന്ന കാലം മുതല്‍ അഖില്‍ മൂന്നുകോടി രൂപയ്ക്ക് മുകളില്‍ തട്ടിച്ചുവെന്നാണ് കേസ്. പരിശോധനയില്‍ തട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നഗരസഭാ സെക്രട്ടറി പോലീസില്‍ പരാതി നല്‍കിയത്.

വിരമിച്ച ജീവനക്കാരിയല്ലാത്ത അമ്മയുടെ അക്കൗണ്ടിലേക്കാണ് അഖില്‍ പെന്‍ഷന്‍ തുക അനധികൃതമായി അയച്ചത്. നഗരസഭയില്‍നിന്ന് വിരമിച്ചവരുടെ ബാങ്ക് അക്കൗണ്ടില്‍ ചില അപാകതകള്‍ ഉള്ളതായി നേരത്തേ പ്രാഥമികറിപ്പോര്‍ട്ട് വന്നിരുന്നു. 2020 മുതല്‍ അഖില്‍ സി. വര്‍ഗീസ് പെന്‍ഷന്‍ വിഭാഗം കൈകാര്യം ചെയ്തിരുന്നതുമുതലാണ് സാമ്പത്തിക തിരിമറി നടന്നിട്ടുള്ളതെന്നാണ് കണ്ടെത്തല്‍. ഇയാളുടെ അമ്മ പി. ശ്യാമളയുടെ പേരിലുള്ള അക്കൗണ്ടിലേക്ക് അനധികൃതമായി പെന്‍ഷന്‍ തുക അയച്ചതായാണ് കണ്ടെത്തിയത്.

പ്രതി വിദേശത്തേക്ക് പോകാന്‍ സാധ്യതയുള്ളതിനാല്‍ അടിയന്തരമായി പാസ്‌പോര്‍ട്ട് മരവിപ്പിക്കുന്നതിനും ആളെ കണ്ടെത്തി തുക വീണ്ടെടുക്കുന്നതിനുമുള്ള നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍, പോലീസ് മെല്ലേപ്പോക്ക് അഖിന് തുണയാകുയാണ് ഉണ്ടായത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: