Social MediaTRENDING

അല്ലു അര്‍ജുന്റെ ഭാര്യയാകേണ്ടവള്‍, തകര്‍ന്ന രണ്ടു ബന്ധങ്ങളിലായി രണ്ടു പെണ്‍മക്കള്‍; ചിരഞ്ജീവി മകളുടെ കാര്യത്തില്‍ ആഗ്രഹിച്ചത്

തെലുങ്ക് സിനിമാ ലോകത്തെ പ്രബല താര കുടുംബമാണ് കൊനിഡേല കുടുംബം. സൂപ്പര്‍ താരം ചിരഞ്ജിവിയുടെ കുടുംബം ടോളിവുഡില്‍ വേരൂന്നിയിട്ട് ഏറെക്കാലമായി. സിനിമയിലും രാഷ്ട്രീയത്തിലും വലിയ സ്വാധീനം ഇവര്‍ക്കുണ്ട്. ചിരഞ്ജീവിയുടെ പാത പിന്തുടര്‍ന്നാണ് മകന്‍ രാം ചരണ്‍ അഭിനയ രംഗത്തെത്തുന്നത്. താരത്തിന്റെ മകള്‍ ശ്രീജ കൊനിഡേല സിനിമാ രംഗത്തല്ലെങ്കിലും പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. ശ്രീജയുടെ വ്യക്തി ജീവിതത്തിലുണ്ടായ സംഭവങ്ങളാണ് ഇതിന് കാരണം.

രണ്ട് വിവാഹ ബന്ധങ്ങളാണ് ശ്രീജയുടെ ജീവിതത്തിലുണ്ടായത്. എന്നാല്‍ ഇവ രണ്ടും വേര്‍പിരിയലില്‍ കലാശിച്ചു. ഒളിച്ചോടി പോയായിരുന്നു ആദ്യ വിവാഹം. സിരീഷ് ഭരദ്വാജ് എന്നാണ് ആദ്യ ഭര്‍ത്താവിന്റെ പേര്. വീട്ടുകാര്‍ക്ക് ഈ ബന്ധത്തിന് കടുത്ത എതിര്‍പ്പായിരുന്നു. ഒളിച്ചോടിപ്പോയ ശ്രീജയെ തിരികെയെത്തിക്കാന്‍ ചിരഞ്ജീവിയും സഹോദരന്‍ പവന്‍ കല്യാണും പരമാവധി ശ്രമിച്ചു. തങ്ങളുടെ സ്വാധീനമെല്ലാം ഇതിന് ഉപയോഗിച്ചു.

Signature-ad

മകളെ സ്വന്തം ഇഷ്ടപ്രകാരം വിടാതെ പിന്തുടരുന്നതില്‍ ചിരഞ്ജീവിക്കെതിരെ അന്ന് വ്യാപക വിമര്‍ശനം വന്നു. ഒടുവില്‍ മകളെ തിരിച്ച് കൊണ്ട് വരാനുള്ള ശ്രമം ഇദ്ദേഹം ഉപേക്ഷിച്ചു. എന്നാല്‍ ശ്രീജയുടെയും സിരിഷിന്റെയും ബന്ധം സുഖകരമായി മുന്നോട്ട് പോയില്ല. സിരീഷ് തന്നെ മാനസികമായി പീഡിപ്പിക്കുന്നു എന്ന ആരോപണം ശ്രീജ ഉന്നയിച്ചു. 2014 ല്‍ ഇവര്‍ വിവാഹ മോചനം നേടി. സിരിഷില്‍ പിറന്ന മകളുമായി ശ്രീജ തന്റെ വീട്ടിലേക്ക് തിരിച്ചെത്തി.

പിന്നീട് വീട്ടുകാരുടെ ഇഷ്ടപ്രകാരം നടന്‍ കല്യാണ്‍ ദേവിനെ വിവാഹം ചെയ്തു. ഇരുവര്‍ക്കും മകളും പിറന്നു. എന്നാല്‍ ഈ ബന്ധത്തിലും പ്രശ്‌നങ്ങളുണ്ടായി. ഔദ്യോഗികമായി പിരിഞ്ഞോ എന്ന് വ്യക്തമല്ലെങ്കിലും രണ്ട് പേരും ഇപ്പോള്‍ ഒരുമിച്ചല്ല. രണ്ട് പെണ്‍മക്കള്‍ക്കൊപ്പം കഴിയുകയാണ് ശ്രീജയിന്ന്. ശ്രീജയെക്കുറിച്ചുള്ള ഒരു വിവരമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ശ്രീജയെ നടന്‍ അല്ലു അര്‍ജുനെക്കൊണ്ട് വിവാഹം ചെയ്യിക്കണമെന്ന് ചിരഞ്ജീവിക്ക് ആഗ്രഹമുണ്ടായിരുന്നു എന്നാണ് സൂചനകള്‍. ചിരഞ്ജീവിയുടെ ഭാര്യ സുരേഖയുടെ സഹോദരന്‍ അല്ലു അരവിന്ദിന്റെ മകനാണ് അല്ലു അര്‍ജുന്‍. അല്ലു അര്‍ജുന്റെ മുറപ്പെണ്ണാണ് ശ്രീജ. അല്ലു അര്‍ജുന്‍ സിനിമാ ലോകത്ത് വളരുമെന്ന് ചിരഞ്ജീവിക്ക് അറിയാമായിരുന്നു. രണ്ട് കുടുംബങ്ങള്‍ക്കും ഈ ബന്ധത്തിന് താല്‍പര്യമുണ്ടായിരുന്നെന്നും തെലുങ്ക് സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരുപക്ഷെ അല്ലുവിനെ വിവാഹം ചെയ്തിരുന്നെങ്കില്‍ താരപത്‌നിയായി ശ്രീജ കഴിഞ്ഞേനെ. സ്‌നേഹ റെഡ്ഡിയെന്നാണ് അല്ലു അര്‍ജുന്റെ ഭാര്യയുടെ പേര്. രണ്ട് മക്കളും ദമ്പതികള്‍ക്കുണ്ട്. ഇരുവരും സന്തോഷകരമായ കുടുംബ ജീവിതം നയിക്കുന്നു. അല്ലു- കൊനിഡേല കുടുംബങ്ങള്‍ തമ്മില്‍ മത്സരമുണ്ടെന്ന് സിനിമാ ലോകത്ത് പലപ്പോഴും സംസാരമുണ്ടായിട്ടുണ്ട്. താരങ്ങളുടെ ആരാധകരാണ് ഇത്തരം വാദങ്ങള്‍ ഉന്നയിക്കാറ്. എന്നാല്‍ അല്ലു അര്‍ജുന്റെയും രാം ചരണിന്റെയും കുടുംബങ്ങള്‍ തമ്മില്‍ വലിയ അടുപ്പമുണ്ട്. ആഘോഷങ്ങള്‍ക്കെല്ലാം ഇവര്‍ ഒത്തു ചേരാറുമുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: