കൊച്ചി: വന്ദേഭാരത് എക്‌സ്പ്രസ് കടന്നുപോകാന്‍ പാലരുവി എക്‌സ്പ്രസ് ട്രെയിന്‍ മുളന്തുരുത്തി റെയില്‍വേ സ്റ്റേഷനില്‍ പിടിച്ചിടുന്ന നടപടിക്കെതിരെ യാത്രക്കാരുടെ പ്രതിഷേധം. എറണാകുളം ടൗണ്‍ റെയില്‍വേ സ്റ്റേഷനിലാണ് യാത്രക്കാര്‍ പ്രതിഷേധവുമായി എത്തിയത്. സംഭവത്തില്‍ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് യാത്രക്കാര്‍ നിവേദനം നല്‍കി.
രാവിലെ 8.25 എറണാകുളം ടൗണിലെത്തുന്ന വന്ദേഭാരതിന് കടന്നുപോകാനായാണ് പാലരുവി എക്‌സ്പ്രസ് മുളന്തുരുത്തിയില്‍ പിടിച്ചിടുന്നത്. 7.52ന് മുളന്തുരുത്തിയില്‍ നിന്ന് പുറപ്പെടേണ്ട പാലരുവി പലപ്പോഴും അരമണിക്കൂറോളം വന്ദേഭാരത് കടന്ന് പോകാനായി പിടിച്ചിടാറുണ്ട്. പിന്നാലെയാണ് യാത്രക്കാര്‍ പ്രതിഷേധവുമായെത്തിയത്.
കോളജ് വിദ്യാര്‍ഥികളും ജോലിക്കാരും സ്ഥിരമായി ആശ്രയിക്കുന്ന ട്രെയിനാണ് പാലരുവി എക്‌സ്പ്രസ്. കഴിഞ്ഞ കുറേ മാസങ്ങളായി വിഷയത്തില്‍ നടപടി വേണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. കറുത്ത ബാഡ്ജ് ധരിച്ചെത്തിയാണ് എറണാകുളം ടൗണ്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചത്.
പാലരുവി എക്‌സ്പ്രസിനെ മുളന്തുരുത്തി സ്റ്റേഷനില്‍ പിടിച്ചിടുന്നതിന് പകരം തൃപ്പൂണിത്തുറയില്‍ പിടിച്ചിട്ടാല്‍ ജോലിക്കു പോകേണ്ടവര്‍ക്ക് ഉപകാരപ്പെടുമെന്നാണ് യാത്രക്കാര്‍ പറയുന്നത്. കോട്ടയം വഴി എറണാകുളം ഭാഗത്തേയ്ക്കുള്ള യാത്രാക്ലശം രൂക്ഷമാകുകയാണെന്നും യാത്രക്കാര്‍ പറയുന്നു. പാലരുവിക്കും വേണാടിനുമിടയില്‍ ഒന്നരമണിക്കൂര്‍ ഇടവേളയുണ്ടെന്നും ഈ സമയം ഉപയോഗപ്പെടുത്തി ഒരു മെമുവോ പാസഞ്ചറോ അനുവദിക്കുകയാണെങ്കില്‍ യാത്രാ ക്ലേശത്തിന് പരിഹാരമാകുമെന്നും യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
യാത്രക്കാരുടെ എണ്ണം കൂടിയതോടെ പാലരുവിയിലെ യാത്ര പലപ്പോഴും ദുഷ്‌കരമാകുയാണെന്നും ട്രെയിനില്‍ കൂടുതല്‍ കോച്ചുകള്‍ അനുവദിക്കണമെന്നും യാത്രക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. പുനലൂര്‍ – ചെങ്കോട്ട പാതയില്‍ 18 കോച്ചുകള്‍ക്ക് അനുമതി ലഭിച്ചെങ്കിലും പാലരുവി എക്‌സ്പ്രസിലെ യാത്രാക്ലേശം പരിഹരിക്കാന്‍ റെയില്‍വേ താല്‍പര്യം കാണിക്കാത്തത് ഖേദകരമാണെന്നും ഫ്രണ്ട്‌സ് ഓണ്‍ റെയില്‍സ് സെക്രട്ടറി ലിയോണ്‍സ് ആരോപിച്ചു.