NEWSWorld

യാത്രക്കാരിയുടെ മുടിയില്‍ പേന്‍, വിമാനം അടിയന്തരമായി നിലത്തിറക്കി; വൈകിയത് 12 മണിക്കൂര്‍!

ന്യൂയോര്‍ക്ക്: യാത്രക്കാരിയുടെ തലമുടിയില്‍ പേനുകളെ കണ്ടതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തു. ലോസ് ആഞ്ജലിസില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോകുകയായിരുന്ന അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ വിമാനമാണ് ഫിനിക്സില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. സഹയാത്രികരായ ചിലരാണ് യുവതിയുടെ മുടിയിഴകളില്‍ പേനുകളെ കണ്ടതായി ആരോപിച്ചത്.

ജൂണ്‍ 15-നാണ് സംഭവമുണ്ടായത്. ലോസ് ആഞ്ജലിസില്‍നിന്ന് ന്യൂയോര്‍ക്കിലെ ജോണ്‍ എഫ്. കെന്നഡി വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ഫ്ളൈറ്റ് 2201 ആണ് ഫിനിക്സിലേക്ക് തിരിച്ചുവിട്ടത്. വിമാനത്തില്‍ ഉണ്ടായിരുന്ന ഏഥന്‍ ജുഡെല്‍സണ്‍ എന്ന യാത്രക്കാരന്‍ ടിക് ടോക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് സംഭവം പുറത്തറിയുന്നത്.

Signature-ad

‘ഞാന്‍ നോക്കുമ്പോള്‍ യാത്രക്കാര്‍ ആരും പരിഭ്രാന്തരല്ല. പേടിക്കാന്‍ മാത്രമുള്ളതൊന്നുമില്ല എന്ന് എനിക്ക് തോന്നി. പക്ഷേ ഞങ്ങള്‍ ലാന്‍ഡ് ചെയ്തു. വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ ഒരു യാത്രക്കാരി ചാടിയെഴുന്നേറ്റ് വിമാനത്തിന്റെ മുന്‍ഭാഗത്തേക്ക് ഓടി’, ജുഡെല്‍സണ്‍ വീഡിയോയില്‍ പറഞ്ഞു.

അപ്പോഴും എന്താണ് സംഭവമെന്ന് ഭൂരിഭാഗം യാത്രക്കാര്‍ക്കും മനസിലായില്ല. ചില യാത്രക്കാര്‍ പരസ്പരം സംസാരിക്കുന്നത് കേട്ടപ്പോഴാണ് പേനുകളാണ് വില്ലനായതെന്ന് മനസിലായതെന്നും ജുഡെല്‍സണ്‍ പറഞ്ഞു. വിമാനത്തിലുണ്ടായിരുന്ന ഒരു സ്ത്രീയുടെ തലമുടിയിഴകളില്‍ പേനുകള്‍ ഉള്ളതായി രണ്ട് യാത്രക്കാര്‍ കാണുകയും അവര്‍ ഇക്കാര്യം വിമാനത്തിലെ ജീവനക്കാരെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്നാണ് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തത്.

സംഭവത്തെ തുടര്‍ന്ന് തുടര്‍ന്ന് വിമാനം 12 മണിക്കൂര്‍ വൈകുകയും യാത്രക്കാര്‍ക്ക് അധികൃതര്‍ ഹോട്ടലില്‍ താമസസൗകര്യത്തിനായുള്ള വൗച്ചറുകള്‍ നല്‍കുകയും ചെയ്തു. അടിയന്തര ലാന്‍ഡിങ് നടന്നതായി അമേരിക്കന്‍ എയര്‍ലൈന്‍സ് സ്ഥിരീകരിച്ചു. ഒരു യാത്രക്കാരിക്ക് അടിയന്തര ആരോഗ്യപ്രശ്നമുണ്ടായതാണ് വിമാനം തിരിച്ചുവിടാന്‍ കാരണമെന്ന് എയര്‍ലൈന്‍സ് പ്രസ്താവനയില്‍ പറഞ്ഞു.

തലയില്‍ പേനുള്ള യാത്രക്കാര്‍ ചാരിയിരിക്കുമ്പോള്‍ പേന്‍ സീറ്റിലേക്ക് പോകാനിടയുണ്ട്. ഇങ്ങനെ സീറ്റിലെത്തുന്ന പേന്‍ ഇതേ വിമാനത്തില്‍ സഞ്ചരിക്കുന്ന മറ്റ് യാത്രക്കാരുടെ തലയില്‍ കയറാന്‍ സാധ്യതയുണ്ട്. ഇതാണ് അടിയന്തര ലാന്‍ഡിങ് നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇങ്ങനെ പേനുകള്‍ തലയിലെത്തുന്നത് ഒഴിവാക്കാനായി വിമാനയാത്രക്കാര്‍ പനിനെ നശിപ്പിക്കാനുള്ള സ്‌പ്രേ കരുതണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതുപോലെ തലയില്‍ പേനുള്ളവര്‍ വിമാനയാത്രയ്ക്ക് മുമ്പ് ആ പ്രശ്നം പരിഹരിക്കണമെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: