മലപ്പുറം: നിലമ്പൂര്‍ പൊലീസ് സ്റ്റേഷന് മുന്നിലൂടെ ടിപ്പറില്‍ മണല്‍ കടത്തുന്ന ദൃശ്യം ചിത്രീകരിച്ച് റീലിസിലൂടെ പൊലീസിനെ വെല്ലുവിളിച്ച സംഭവത്തില്‍ മറുപടി റീലുമായി പൊലീസ്.റീല്‍സിന് പിന്നാലെ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ശാമില്‍ ഷാന്‍, മര്‍വാന്‍, അമീന്‍, അല്‍ത്താഫ്, മുഹമ്മദ് സവാദ്, അബ്ദുല്‍ മജീദ്, സഹീര്‍ എന്നിവര്‍ ആണ് അറസ്റ്റിലായത്. പ്രതികളെ പിടികൂടി സ്റ്റേഷനില്‍ എത്തിക്കുന്നതും മണല്‍ കടത്തിയ ടിപ്പര്‍ ലോറി കസ്റ്റഡിയില്‍ എടുത്തതും ഉള്‍പ്പെടെയുള്ള രംഗങ്ങള്‍ ചേര്‍ത്ത് പൊലീസ് റീലും പങ്കുവച്ചു.
നിലമ്പൂര്‍ പൊലീസ് സ്റ്റേഷന് മുന്നിലൂടെ അനധികൃതമായി മണല്‍ കടത്തുന്ന ഈ റീല്‍ ആണ് മാസ് ബിജിഎം ഇട്ട് ഇന്‍സ്റ്റഗ്രാമില്‍ വൈറല്‍ ആയത്. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പൊലീസ് മണല്‍ കടത്തുകാരെ തപ്പി പൊലീസ് ഇറങ്ങി. മമ്പാട് സ്വദേശികളായ ഏഴ് പേരെയും പൊക്കി. എല്ലാം ചിത്രീകരിച്ചു പൊലീസും റീല്‍സ് ഇറക്കുകയായിരുന്നു.
ശാമില്‍ഷാന്റെ ഉടമസ്ഥയില്‍ ഉള്ള ലോറിയില്‍ മണല്‍ കടത്തുമ്പോള്‍ ലോറിയില്‍ ഉണ്ടായിരുന്ന ബിരുദ വിദ്യാര്‍ത്ഥി അമീന്‍ ആണ് ദൃശ്യം ചിത്രീകരിച്ചത്. സിനിമ ഡയലോഗുകള്‍ ചേര്‍ത്ത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതോടെയാണ് പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടത്.