ന്യൂയോര്‍ക്ക്: നഗരത്തിലെ പാര്‍ക്കിലുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. ന്യൂയോര്‍ക്കിലെ റോച്ചസ്റ്റര്‍ സിറ്റിയിലെ മേപ്പിള്‍വുഡ് പാര്‍ക്കിലാണ് വെടിവെപ്പുണ്ടായത്.
പ്രാദേശിക സമയം ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. നിരവധിപേര്‍ പാര്‍ക്കിലുണ്ടായിരുന്ന സമയത്താണ് വെടിവെപ്പ് നടന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയപ്പോള്‍ ഒട്ടേറെപ്പേരെ വെടിയേറ്റനിലയില്‍ കണ്ടെത്തിയെന്നായിരുന്നു പോലീസിന്റെ പ്രതികരണം. വെടിവെപ്പിന് പിന്നാലെ നിരവധി പേര്‍ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയുംചെയ്തു.
സ്വകാര്യവാഹനങ്ങളിലും ആംബുലന്‍സുകളിലുമാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ഇരുപത് വയസ്സ് പ്രായം തോന്നിക്കുന്നയാളാണ് വെടിയേറ്റ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വെടിവെപ്പ് നടത്തിയത് ആരാണെന്നും ഇതുവരെ വ്യക്തമല്ല.