KeralaNEWS

എറണാകുളം- ബംഗളൂരു വന്ദേഭാരത് 31 മുതല്‍; ആകെ ആറ് സ്റ്റോപ്പുകള്‍, കേരളത്തില്‍ മൂന്നെണ്ണം

കൊച്ചി: ട്രെയിന്‍ യാത്രക്കാരുടെ ഏറെനാളത്തെ ആവശ്യമായിരുന്ന എറണാകുളം- ബംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് സ്‌പെഷല്‍ സര്‍വീസായി (06001 06002) ആരംഭിക്കും. എറണാകുളം ജംക്ഷന്‍ (സൗത്ത്) റെയില്‍വേ സ്റ്റേഷനില്‍ നിന്നു ബംഗളൂരു കന്റോണ്‍മെന്റ് സ്റ്റേഷനിലേക്കും തിരികെയും ആഴ്ചയില്‍ മൂന്നു ദിവസം വീതമാണു സര്‍വീസ്. എറണാകുളത്തു നിന്നുള്ള ആദ്യ സര്‍വീസ് 31നു തുടങ്ങും. ഓഗസ്റ്റ് 25 വരെയാണു സ്‌പെഷല്‍ സര്‍വീസ്. തിരികെയുള്ള സര്‍വീസ് ഓഗസ്റ്റ് ഒന്നു മുതല്‍ 26 വരെയാണ്. എറണാകുളത്തു നിന്നു ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലും (06001), ബംഗളൂരുവില്‍ നിന്നു വ്യാഴം, ശനി, തിങ്കള്‍ ദിവസങ്ങളിലുമാകും (06002) സര്‍വീസ്.

എറണാകുളത്തു നിന്ന് ഉച്ചയ്ക്ക് 12.50നു യാത്ര തിരിച്ചു രാത്രി 10നു ബംഗളൂരുവിലെത്തും. ബംഗളൂരുവില്‍ നിന്നു രാവിലെ 5.30നു തിരിച്ച് ഉച്ചയ്ക്ക് 2.20നാണ് എറണാകുളത്ത് എത്തുന്നത്. തൃശൂര്‍, പാലക്കാട്, പോത്തന്നൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം എന്നിവിടങ്ങളിലാണു സ്റ്റോപ്പുകള്‍. 8 കോച്ചുള്ള റേക്കാണ് ഓടിക്കുക. ചൊവ്വാഴ്ചകളില്‍ എറണാകുളം ജംക്ഷനിലാകും ട്രെയിനിന്റെ അറ്റകുറ്റപ്പണികള്‍.

Signature-ad

യാത്രക്കാരുടെ തിരക്കു കണക്കിലെടുത്താണു സ്‌പെഷല്‍ സര്‍വീസായി ട്രെയിന്‍ ഓടിക്കുന്നതെന്നു ദക്ഷിണ റെയില്‍വേ അധികൃതര്‍ അറിയിച്ചു. കേരളത്തില്‍ നിന്നു തിരക്കേറെയുള്ള ബംഗളൂരുവിലേക്കുള്ള വന്ദേഭാരത് ഏറെ നാളത്തെ ആവശ്യമായിരുന്നു. രണ്ടുവട്ടം വന്ദേഭാരത് റേക്ക് കേരളത്തില്‍ കൊണ്ടുവന്ന് കര്‍ണാടകയിലേക്കു കൊണ്ടുപോയിട്ടുണ്ട്. ഇതില്‍ പ്രതിഷേധം ശക്തമായിരുന്നു. ഈ ട്രെയിന്‍ സ്ഥിരമാക്കാന്‍ സാധ്യതയുണ്ട്.

Back to top button
error: