ബെംഗളൂരു: കര്‍ണാടക ഭോവി ഡെവലപ്മെന്റ് കോര്‍പ്പറേഷനിലെ കോടികളുടെ വായ്പാ തട്ടിപ്പ് അന്വേഷണം വേഗത്തിലാക്കി സി.ഐ.ഡി. തട്ടിപ്പ് പണം ലഭിച്ച 10 പ്രാഥമിക ബാങ്ക് അക്കൗണ്ടുകള്‍ തിരിച്ചറിഞ്ഞു. ഇതില്‍ ചില അക്കൗണ്ടുകള്‍ സ്വകാര്യ കമ്പനികളുടേതാണെന്ന് സി.ഐ.ഡി അറിയിച്ചു. സംഭവത്തില്‍ മൂന്ന് എഫ്‌ഐആറുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്.
2023 മുതലാണ് ഏജന്‍സി കേസ് അന്വേഷിക്കാന്‍ തുടങ്ങിയത്. കഴിഞ്ഞയാഴ്ച കലബുറഗി, ബംഗളൂരു, ദൊഡ്ഡബല്ലാപ്പൂര്‍ എന്നിവിടങ്ങളില്‍ ഒമ്പത് റെയ്ഡുകള്‍ നടത്തുകയും അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിക്കുകയും ചെയ്തു. മുന്‍ ബി.ജെ.പി ഭരണകാലത്തെ അഴിമതികള്‍ അന്വേഷിക്കുമെന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നു.
2021-22 കാലയളവിലാണ് തട്ടിപ്പ് നടന്നത്. ഭോവി സമുദായത്തിലെ അംഗങ്ങള്‍ക്കായുള്ള തൊഴില്‍ പദ്ധതിക്ക് കീഴിലുള്ള ലോണുകളുടെ ഓഹരികള്‍ ഉദ്യോഗസ്ഥരും ഇടനിലക്കാരും ചേര്‍ന്ന് തട്ടിയെടുക്കുന്നു എന്നതാണ് പരാതി. കോര്‍പറേഷന്‍ 10 ലക്ഷം രൂപ വരെ വായ്പ നല്‍കേണ്ടിയിരിക്കെ ഒരു ഗുണഭോക്താവിനും 30,000 രൂപയില്‍ കൂടുതല്‍ ലഭിച്ചില്ല. 2022ല്‍ ബാങ്ക് അധികൃതര്‍ ഒറിജിനല്‍ തുക തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പിനെക്കുറിച്ച് ഗുണഭോക്താക്കള്‍ അറിയുന്നത്.
കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരുമായി ഒത്തുകളിയെന്ന് സംശയിക്കുന്ന ഇടനിലക്കാര്‍ 10 ലക്ഷം രൂപ വരെ വായ്പ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഗുണഭോക്താക്കളില്‍ നിന്ന് ആധാറും പാന്‍ കാര്‍ഡും മറ്റ് രേഖകളും ശേഖരിച്ചു. ബ്ലാങ്ക് പേപ്പറുകളിലും രണ്ട് ബ്ലാങ്ക് ചെക്കുകളിലും അപേക്ഷകരുടെ ഒപ്പ് അവര്‍ സ്വീകരിച്ചു. ഓരോ ലോണിനും 25,000 രൂപയുടെ കമ്മീഷന്‍ ഇടനിലാക്കാര്‍ ആദ്യം ആവശ്യപ്പെട്ടു. എന്നാല്‍ ഏതാനും മാസങ്ങള്‍ക്കുശേഷം 50,000 മുതല്‍ 60,000 രൂപ മാത്രമാണ് വായ്പയായി അനുവദിച്ചതെന്ന് അവകാശപ്പെട്ട് 25,000 മുതല്‍ 30,000 രൂപ വരെ മാത്രമാണ് അവര്‍ ഗുണഭോക്താക്കള്‍ക്ക് നല്‍കിയത്.