Life Style

ആധി, ആകുലത, ആകാംക്ഷ: ലക്ഷണങ്ങൾ തിരിച്ചറിയുക, പരിഹാര മർഗങ്ങൾ അറിഞ്ഞിരിക്കുക

ലൈഫ്‌സ്റ്റൈൽ

സുനിൽ കെ ചെറിയാൻ

Signature-ad

    ജീവിതത്തിൽ ഇത് അനുഭവിക്കാത്തവർ ആരും ഉണ്ടാവില്ല: ഏതെങ്കിലും തരത്തിലുള്ള ആധി, പലവിധ ആകുലതകൾ, ഒട്ടേറെ ആകാംക്ഷകൾ.

പ്രശ്‍നം: വാടക കൊടുക്കാനോ ഫീസ് അയക്കാനോ പണം തികയാതിരിക്കുക; പരീക്ഷ പ്രതീക്ഷിച്ച പോലെ എളുപ്പമല്ലാതിരിക്കുക തുടങ്ങിയ പോലുള്ള സന്ദർഭങ്ങളിൽ മനസിൽ ഉരുത്തിരിയുന്ന വികാരമാണ് ആധി.

പരിഹാരം: ആധിയുണ്ടെന്ന് നമുക്ക് തോന്നിയാൽ മനസ് തന്നെ ഒരു പരിഹാരം കണ്ടുപിടിക്കും. അതിന് സമയവും സാവകാശവും കൊടുക്കണം. ഉടനേ കള്ളുഷാപ്പിലേയ്ക്ക് ഓടുകയോ, വഴക്കുണ്ടാക്കാൻ ഇറങ്ങുകയോ ചെയ്‌താൽ ആധിയുടെ അളവ് കൂടും എന്നറിയുക.

പ്രശ്‍നം: പേടിപ്പെടുത്തുന്ന ഒരു മെഡിക്കൽ ടെസ്റ്റ്; ചെയ്‌ത്‌ തീർക്കാനാവാത്ത ഓഫീസ് ഡെഡ്‌ലൈനുകൾ; ട്രാഫിക് ജാമുകളിൽ കുടുങ്ങുക തുടങ്ങിയ അവസ്ഥകളോട് മനസ് പ്രതികരിക്കുന്ന രീതിയാണ് ആകുലത. ഹൃദയം കൂടുതൽ മിടിക്കും; കൈകൾ വിയർക്കും.

പരിഹാരം: നമുക്ക് ചെയ്യാവുന്നത് ചെയ്യുക; ബാക്കി വിടുക.

പ്രശ്‍നം: ആധിയും ആകുലതയും കൂടിച്ചേർന്നാൽ ആകാംക്ഷയായി. പരീക്ഷ പ്രതീക്ഷിച്ചത് പോലെ എളുപ്പമല്ലാതിരിക്കുകയും, അധ്യാപകന്റെ മുഖം കർക്കശമാകുന്നത് കാണുകയും ചെയ്‌താൽ നമ്മൾ ഭാവന ചെയ്യുന്നത് ‘നമ്മൾ തീർന്നു’ എന്നാണ്. മനസ്സിൽ നിന്നും ശരീരത്തിലേയ്ക്കിറങ്ങുന്നു എന്നതാണ് ആകാംക്ഷയുടെ ഒരു രീതി. ശരീരം പ്രതികരിക്കാനും തുടങ്ങും.

പരിഹാരം: സാധാരണയായി സ്വയം ചിന്തിച്ച് പരിഹരിക്കാവുന്നതല്ല ആകാംക്ഷാ പ്രശ്നങ്ങൾ. കാരണം ആകാംക്ഷ ഉണ്ടാവുന്നത് തന്നെ സ്വയം ചിന്തിച്ച് തുടങ്ങിയിട്ടാണ്. എത്ര ചിന്തിച്ചാലും മനസ്സ് പ്രശ്നത്തിൽ തന്നെ കിടന്ന് വട്ടം കറങ്ങും. മനസ്സിനെ പോസിറ്റീവ് വഴി തിരിച്ചു വിടുക, പരസഹായം തേടുക എന്നീ കാര്യങ്ങളാണ് വിദഗ്‌ധർ ഇക്കാര്യത്തിൽ നിഷ്ക്കർഷിക്കുന്നത്.

ചുരുക്കത്തിൽ ഇതേക്കുറിച്ചൊക്കെ ഒരു ധാരണയും അവബോധവും ഉണ്ടായിരിക്കുന്നത് ആധിവ്യാധികളെ കൈകാര്യം ചെയ്യാൻ നമ്മെ സഹായിക്കും എന്നേ പറയാനാവൂ.

ജലാലുദ്ദീൻ റൂമിയുടെ ഒരു കവിതയുടെ സ്വാതന്ത്രാവിഷ്ക്കാരത്തോടെ അവസാനിപ്പിക്കാം.

‘മനുഷ്യനായിരിക്കുക എന്ന് പറയുന്നത് അതിഥി മന്ദിരം പോലെയാണ്.
എല്ലാ ദിവസവും പുതിയ വിരുന്നുകാർ.
ഒരു സന്തോഷം, ഒരു വിഷാദം. വല്ലപ്പോഴും നൈമിഷിക അവബോധം.
അവയെ ഒക്കെ സ്വീകരിക്കൂ, സൽക്കരിക്കൂ.
അവയൊക്കെയും സങ്കടങ്ങളാണെങ്കിലും,
അവയൊക്കെയും സംഹാരരൗദ്രതയോടെ വന്ന്,
വിരുന്നുവീട്ടിലെ സർവ്വതും കടപുഴക്കുമെങ്കിലും.
അവയെ ആദരവോടെ കരുതുക.
ഒരുപക്ഷെ സർവ്വതും കടപുഴക്കുന്നത് പുതിയവയ്ക്ക് പ്രവേശിക്കാനാവും.
ഒരുപക്ഷെ അവയെ അയച്ചിരിക്കുന്നത് വഴികാട്ടികൾ എന്ന നിലയിലാവും.’

Back to top button
error: